‘വെള്ളി നക്ഷത്രമേ നിന്നെ നോക്കി’യുടെ അണിയറയിലും അരങ്ങിലും പ്രവർത്തിച്ചവർ
ഷാബു കിളിത്തട്ടിൽ
മലയാളിയുടെ സാംസ്കാരിക ജീവിതത്തിലെ അടർത്തിമാറ്റാനാവാത്ത പൈതൃക സ്വത്താണ് നാടകങ്ങളെന്ന് പുതുതലമുറയോട്ആസ്വാദ്യകരമായ രീതിയിൽ പറഞ്ഞു കൊടുക്കുകയാണ് ഇതിനകം പ്രവാസലോകം നെഞ്ചേറ്റിയ ഈ ഷോ
‘സഹൃദയരെ... അടുത്ത ബെല്ലോട് കൂടി നാടകം ആരംഭിക്കുകയാണ്’... മലയാളിയുടെ ഗൃഹാതുരമായ ഓർമകളിൽ ആവേശകരമായ പ്രതിധ്വനികൾ സൃഷ്ടിക്കുന്ന ഒരു ശബ്ദമാണിത്. ഒരുപക്ഷേ, നാടകം സിനിമയേക്കാൾ കേരളത്തിന്റെ നവോത്ഥാന മുന്നേറ്റങ്ങളുമായി ചേർന്നുനിന്ന കലാവിഷ്കാരമാണ്. കേരളത്തിന്റെ ഗ്രാമീണ-നഗര ജീവിതങ്ങളിൽ ഏറിയും കുറഞ്ഞും ഇപ്പോഴും നാടകം സാന്നിധ്യമറിയിക്കുന്നു. പ്രവാസമണ്ണിലും നിരവധി കലാകാരൻമാരുടെ ത്യാഗപൂർണമായ പരിശ്രമങ്ങളുടെ ഫലമായി നാടകം ചിരിയും ചിന്തയും ഉണർത്തിവിട്ട് വെട്ടിത്തിളങ്ങുന്നു. എന്നാൽ മലയാളിയെ നിർണയിച്ച നാടകമെന്ന കലാരൂപത്തിന്, നാമെത്ര ആദരവ് തിരിച്ചുനൽകി?. ഒരുപക്ഷേ കേരളത്തിൽ പോലും ഉത്തരമില്ലാത്ത ആ ചോദ്യത്തിന് പ്രവാസമണ്ണിൽ നിന്നൊരു മറുപടി പിറന്നിരിക്കുകയാണ്. അതാണ് ‘വെള്ളി നക്ഷത്രമേ നിന്നെ നോക്കി’ എന്ന കേരളത്തിന്റെ സമ്പന്നമായ നാടക–സംഗീത പാരമ്പര്യത്തെ ആസ്പദമാക്കി ഷാബു കിളിത്തട്ടിൽ സംവിധാനം ചെയ്ത പരിപാടി. മലയാളിയുടെ സാംസ്കാരിക ജീവിതത്തിലെ അടർത്തിമാറ്റാനാവാത്ത പൈതൃക സ്വത്താണ് നാടകങ്ങളെന്ന് പുതുതലമുറയോട് ആസ്വാദ്യകരമായ രീതിയിൽ പറഞ്ഞുകൊടുക്കുകയാണ് ഇതിനകം പ്രവാസലോകം നെഞ്ചേറ്റിയ ഈ ഷോ. ദുബൈയിലും അജ്മാനിലും നിറഞ്ഞ സദസ്സ് സ്വീകരിച്ച പരിപാടി അബൂദബിയിൽ കൂടി വൈകാതെ വേദിയിലെത്തും.
പശ്ചാത്തലം
ദുബൈയിൽ റേഡിയോ മാധ്യമപ്രവർത്തകൻ എന്ന നിലയിൽ ശ്രദ്ധേയ സാന്നിധ്യമായ ഷാബു, 2002ൽ ‘വാക്ക്പൂക്കും നേരം’ എന്ന പരിപാടി പ്രവാസമണ്ണിൽ അവതരിപ്പിച്ചിരുന്നു. മലയാളിയുടെ ഹൃദയത്തിൽ പതിഞ്ഞ കവിതകളുടെ ഒരു അവതരണമായിരുന്നു അത്. സുഗതകുമാരിയുടെ ‘രാത്രിമഴ’, എൻ.എൻ കക്കാടിന്റെ ‘സഫലീ യാത്ര’, കാവാലം നാരായണപ്പണിക്കറുടെ ‘കുമ്മാട്ടി’ എന്നിങ്ങനെയുള്ള കവിതകൾ പുതുതലമുറക്ക് മനസിലാക്കാൻ സാധിക്കുന്ന രൂപത്തിൽ ഒരു ഓഡിയോ വിശ്വൽ ഷോ ആക്കി അവതരിപ്പിക്കുകയായിരുന്നു അത്. കാവാലം ശ്രീകുമാർ, കല്ലറ ഗോപൻ തുടങ്ങിയവരുടെ നേതൃത്വത്തിൽ കവിതകളെ ദൃശ്യവൽകരിച്ച പരിപാടി പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ചു. ഷാർജ ഇന്ത്യൻ അസോസിയേഷനിൽ ‘മാൽക്ക’ എന്ന സംഘടനക്ക് വേണ്ടിയാണ് പരിപാടി അവതരിപ്പിച്ചത്. സിനിമ, നാടകം, നൃത്തം, ഹാസ്യരസം എന്നിവ ഉൾചേർത്ത രംഗാവിഷ്കാരം വളരെ നൂതനായിരുന്നു. അതിന് ശേഷം കാസർകോഡ് മടിക്കൈ പ്രവാസികളുടെ കൂട്ടായ്മക്ക് വേണ്ടി സമാനമായ രീതിയിൽ ‘ഇന്ദ്രിയങ്ങൾ പറയുന്നത്’ എന്ന പരിപാടി ചെയ്തു. മടിക്കൈയുടെ ചരിത്രമൊക്കെ പറയുന്ന പരിപാടിയായിരുന്നു അത്. പിന്നീട് ‘ഗ്രാൻമ’ ഗുരുവായൂരിന് വേണ്ടി ‘ഒരു മുത്തശ്ശിക്കഥ’ എന്ന പരിപാടി ചെയ്തു. ഇതിലാണ് മിഡിലീസ്റ്റിൽ തന്നെ ആദ്യമായി തോൽ പാവക്കൂത്ത് അവതരിപ്പിച്ചത്. ഇവയെല്ലാം കാണാൻ പ്രവാസികൾ ഒഴുകിയെത്തി. ഈ സ്വീകാര്യതയുടെ ധൈര്യത്തിലാണ് അസോസിയേഷനുകൾക്ക് വേണ്ടി ചെയ്യുമ്പോഴുള്ള പരിമിതികൾ ഒഴിവാക്കിക്കൊണ്ട് സ്വന്തം നിലയിൽ തന്നെ കവിതക്ക് പകരം നാടകത്തെ ഇതിവൃത്തമാക്കി ‘വെള്ളി നക്ഷത്രമേ നിന്നെ നോക്കി’ രൂപപ്പെടുത്തിയത്.
ഉള്ളടക്കം
മലയാള നാടകത്തിന്റെയും നാടക ഗാനങ്ങളുടെയും ചരിത്രമാണ് പരിപാടിയുടെ ഉള്ളടക്കം. മലയാള നാടക ചരിത്രം ആരംഭിക്കുന്നത് ആദ്യകാലത്തെ സംസ്കൃത നാടകങ്ങളിൽ നിന്നും പാട്ടുകളിൽ നിന്നുമാണ്. അത് സാധാരണ ജനങ്ങൾക്ക് വേണ്ടിയായിരുന്നില്ല. ക്ഷേത്രങ്ങളിലും കൊട്ടാരങ്ങളിലുമായിരുന്നു അവതരിപ്പിക്കപ്പെട്ടത്. ആദ്യമായി സാധാരണക്കാർ കണ്ടുതുടങ്ങിയത് തമിഴ് നാടകങ്ങളാണ്. ഇത് സർക്കസ് പോലെ തമ്പടിച്ച് പലയിടങ്ങളിലും അവതരിപ്പിക്കപ്പെട്ടതാണ്. അതും മലയാളിക്ക് പൂർണമായും മനസിലായിരുന്നില്ല. എങ്കിലും അതിന്റെ അലങ്കാരങ്ങളും പാട്ടുമൊക്കെ ആസ്വദിക്കുമായിരുന്നു. അതിനെ തുടർന്നാണ് മലയാളത്തിലും നാടകങ്ങൾ വന്നുതുടങ്ങിയത്. പിന്നീടാണ് സാമൂഹിക നാടകങ്ങൾ എന്ന നിലയിൽ വി.ടി ഭട്ടത്തിരിപ്പാടിന്റെയും മറ്റും നാടകങ്ങൾ വന്നത്. കെ.പി.എ.സി വന്നതോടെ നാടകത്തിന്റെ രൂപവും ഉള്ളടക്കവും മാറി. ആളുകളുടെ ജീവിതവുമായി ബന്ധപ്പെട്ട നാടകങ്ങൾക്കൊപ്പം നാടക ഗാനങ്ങളും ശ്രദ്ധിക്കപ്പെട്ടു. ദേവരാജനും ഒ.എൻ.വിയും അടക്കമുള്ളവർ, സംസ്കൃത പാരമ്പര്യത്തെ ഒഴിവാക്കി സാധാരണ ഭാഷയിൽ ഗാനങ്ങൾ രചിക്കാൻ തുടങ്ങി. ഏന്, ഓന് എന്നിങ്ങനെയുള്ള പദങ്ങൾ പാട്ടിൽ കടന്നുവന്നു. അവയെല്ലാം വളരെ വേഗത്തിൽ ആളുകളുടെ ഹൃദയത്തിൽ പതിഞ്ഞു. അതോടെ നാടകങ്ങളെ ജനം സ്വീകരിച്ചു. ‘തോപ്പിൽഭാസിയുടെ നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി’ പോലുള്ളതും കെ.ടി മുഹമ്മദിന്റെ ‘ഇത് ഭൂമിയാണ്’ എന്നതുമെല്ലാം ജനങ്ങളുടെ അവകാശങ്ങളെ കുറിച്ച് സംസാരിക്കുന്നതായിരുന്നു. നാടകം കാണാൻ വരാത്തവർ പോലും പാട്ടുകൾ പാടിയിരുന്നു. ഇത്തരം നാടക ഗാനങ്ങളിലൂടെ ചരിത്രം പറയുന്നതാണ് ‘വെള്ളി നക്ഷത്രമേ നിന്നെ നോക്കി..’ എന്ന ഷോ. കണ്ണകി, നിങ്ങളെന്നെ കമ്മ്യുണിസ്റ്റാക്കി, ഇത് ഭൂമിയാണ്, ശാകുന്തളം, രമണൻ, രക്തരക്ഷസ്സ് എന്നിങ്ങനെയുള്ള നാടകങ്ങൾ ഷോയിൽ കടന്നുപോകുന്നുണ്ട്.
രംഗവേദി
പല കാലങ്ങളിലെ നാടകങ്ങൾ അവതരിപ്പിക്കുന്നതിനാൽ തന്നെ ഷോയുടെ അരങ്ങ് ഒരുക്കുന്നത് സങ്കീർണമായിരുന്നു.
ഓഡിയോ വിശ്വൽ ഷോയാണ് രൂപകൽപന ചെയ്തിരുന്നത്. അതേസമയം നാടകത്തിന്റെ രീതിയിലുമല്ല. പുതിയ തലമുറക്ക് കൂടി ആസ്വദിക്കാൻ സാധിക്കുന്ന രീതിയിലാണിത് രൂപപ്പെടുത്തിയത്. സ്റ്റേജ് ഒരുക്കുന്നത് വലിയ പരിശ്രമം ആവശ്യമായിരുന്നു. ഓരോ നാടകത്തിനും ഓരോ സെറ്റായിരുന്നു. അരങ്ങ് വളരെ കലാപരമായ അധ്വാനം ആവശ്യമുള്ള കാര്യമാണ്. യു.എ.ഇയിലെ അറിയപ്പെടുന്ന ആർട്ടിസ്റ്റായ നിസാർ ഇബ്രാഹിമാണ് ഈ സാഹസികമായ പരിശ്രമത്തിന് നേതൃത്വം നൽകിയത്.
ഗൃഹാതുരത നിറഞ്ഞ നാടകഗാനങ്ങളും നാടകാവിഷ്കാരങ്ങളും ഒരുമിക്കുന്ന അവതരണമാണ് പരിപാടിയിൽ ഉൾപ്പെടുത്തിയത്. കഴിഞ്ഞ നാലുപതിറ്റാണ്ടു കാലത്തെ സംഗീത പാരമ്പര്യമുള്ള കല്ലറ ഗോപൻ, ജി ശ്രീറാം, ചലച്ചിത്ര പിന്നണി ഗായിക നാരായണി ഗോപൻ എന്നിവർക്കൊപ്പം സത്യജിത് വാസുദേവൻ, അജിത് വിക്രമൻ, സുനിൽ കുമാർ, മുഹമ്മദ് സലീൽ എന്നിവരാണ് സംഗീതവിഭാഗം കൈകാര്യം ചെയ്തത്. യു.എ.ഇയിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള അറുപതോളം നാടകപ്രവർത്തകരും നർത്തകരും പരിപാടിയിൽ പങ്കാളികളായി. ഷോയിലെ പാട്ടുകാരെല്ലാം നാട്ടിൽ നിന്നാണ് എത്തിയത്. 45 വർഷമായി സംഗീത രംഗത്തുള്ള കല്ലറ ഗോപന്റെ സാന്നിധ്യം ഷോയെ നാടക ചരിത്രവുമായി നേരിട്ട് ബന്ധിപ്പിക്കുന്നതായിരുന്നു. അദ്ദേഹം ഏറ്റവും കൂടുതൽ നാടകഗാനങ്ങൾക്ക് അവാർഡുകൾ ലഭിച്ചയാളാണ്. ഒമ്പത് പ്രാവശ്യം സംസ്ഥാന നാടക പുരസ്കാരം ലഭിച്ചിട്ടുണ്ട്. നാടക ഗാനത്തിന്റെ പര്യയമാണ് എന്ന് പറയാം.
‘വെള്ളിനക്ഷത്രമേ നിന്നെനോക്കി..’ എന്ന കെ.പി ഉദയഭാനു പാടിയ സിനിമ ഗാനത്തിന്റെ ആദ്യവരികൾ പരിപാടിയുടെ തലക്കെട്ടാകുന്നത്, നാടകമേഖലയിൽ വെള്ളിനക്ഷത്രമായി ജ്വലിച്ചുനിന്ന തലമുറയെ അനുസ്മരിച്ച ഒരു ഷോ എന്ന നിലയിലാണ്. പ്രൊഫ. അലിയാരാണിതിന് ശബ്ദം നൽകുന്നത്. വലിയ ഗവേഷണവും പഠനവും പരിപാടി രൂപപ്പെടുത്താൻ ആവശ്യമായിരുന്നു. നാടകങ്ങളുടെ തെരഞ്ഞെടുപ്പും സക്രിപ്റ്റിങും എല്ലാം ഷാബു കിളിത്തട്ടിൽ തന്നെയാണ് നിർവഹിച്ചത്.
സ്വീകരണം
ദുബൈയിലും അജ്മാനിലും പ്രേക്ഷകർ വളരെ ആവേശപൂർവമാണ് ഷോയെ സ്വീകരിച്ചത്. പ്രേക്ഷകരെത്തുന്നത് നമ്മൾ എന്തുനൽകുന്നു എന്നതിനെ ആശ്രയിച്ചാണെന്ന് ഷാബു പറയുന്നു. ആദ്യ പരിപാടിക്ക് രജിസ്ട്രേഷൻ വെച്ചിരുന്നു. രജിസ്ട്രേഷൻ പൂർത്തിയായ ശേഷവും ഷോ കാണാൻ താൽപര്യം പ്രകടിപ്പിച്ച് പലരുമെത്തുന്ന സാഹചര്യമുണ്ടായി. രണ്ടാമത്തെ പരിപാടി ടിക്കറ്റ് വെച്ചുള്ള പരിപാടിയായിരുന്നു. അതിനും മികച്ച പ്രതികരണമാണ് ലഭിച്ചത്. പഠനകാലം മുതൽ നാടകത്തിൽ അഭിനയിക്കുകയും സംവിധാനം ചെയ്തിട്ടുമുള്ള ഷാബുവിന്, പ്രവാസലോകത്ത് എത്തിയ ശേഷവും ഉള്ളിൽ കിടന്ന അഭിനിവേശമാണ് ഷോ യാഥാർഥ്യമാക്കിയത്. അതോടൊപ്പം പകൽ ജോലിക്ക് പോവുകയും രാത്രിയിൽ നാടകക്യാമ്പിൽ വരികയും കുറച്ചു സമയം മാത്രം ഉറങ്ങുകയും ചെയ്ത്, വളരെ ത്യാഗം ചെയ്തുകൊണ്ട് പ്രവാസലോകത്ത് നാടകത്തെ കൊണ്ടുനടക്കുന്ന കലാകാരൻമാരും ഈ സാംസ്കാരിക വിജയത്തിന്റെ പോരാളികളാണ്. ഇവരിൽ സ്ത്രീകളും കുട്ടികളുമെല്ലാമുണ്ട്. പ്രെഫഷനൽ ആർടിസ്റ്റുകളെ വെല്ലുന്ന പെർഫോമൻസ് ആണ് ഇവർ കാഴ്ചവെച്ചതെന്ന് പ്രേക്ഷകർ സാക്ഷ്യപ്പെടുത്തുന്നു. പ്രവാസലോകം മലയാള സാംസ്കാരിക, കലാ രംഗത്തിന് നൽകിയ മഹത്തായ സംഭാവനമായി ‘വെള്ളിനക്ഷത്രം’ അടയാളത്തപ്പെടുമെന്ന് ഉറപ്പ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.