ഫുജൈറ: ഫുജൈറ കിരീടാവകാശി ശൈഖ് മുഹമ്മദ് ബിൻ ഹമദ് അൽ ഷർഖിയുടെ രക്ഷാകർതൃത്വത്തിൽ ഫുജൈറ മൗണ്ടന്‍ ഷൂട്ടിങ് ക്ലബ് (എം.എം.എസ്.സി) ചാമ്പ്യൻഷിപ്പിന്റെ രണ്ടാം എഡിഷന് സംഘടിപ്പിക്കുന്നു.
ഫെബ്രുവരി ഒന്നു മുതൽ എട്ടു വരെ ഫുജൈറ ദിബ്ബയിലെ പർവതപ്രദേശങ്ങളിലാണ് ചാമ്പ്യൻഷിപ് അരങ്ങേറുക. ആകെ നാല് ലക്ഷം യു.എസ് ഡോളറാണ് സമ്മാനത്തുക. 37 രാജ്യങ്ങളിൽനിന്നുള്ള 400ലധികം മത്സരാർഥികളും യു.കെ, യു.എസ്, യൂറോപ് തുടങ്ങി വിവിധ രാജ്യങ്ങളിൽനിന്നുള്ള റഫറിമാരും പങ്കെടുക്കും.
ഫെബ്രുവരി ഒന്നു മുതൽ നാലു വരെ പ്രാഥമിക മത്സരങ്ങളും പരിശീലന സെഷനുകളും, ഏഴുവരെ മത്സരങ്ങളും, അഞ്ചു മുതൽ എട്ടു വരെ പ്രധാന ചാമ്പ്യൻഷിപ്പുമാണ് നടക്കുക. പ്രധാന ചാമ്പ്യൻഷിപ്പിലെ വിജയികളെ സമാപന ദിനത്തിൽ ആദരിക്കും.
കൂടാതെ ഈ വർഷം യു.എ.ഇയിൽനിന്നുള്ള സന്ദർശകർക്കായി പ്രഫഷനൽ അല്ലാത്ത ഷൂട്ടർമാരുടെ കഴിവുകൾ പരീക്ഷിക്കാൻ ഒരു പുതിയ ഷൂട്ടിങ് മത്സരവിഭാഗവും അവതരിപ്പിക്കുന്നുണ്ട്. ഫെബ്രുവരി ഒന്നു മുതൽ ഏഴു വരെ പ്രഫഷനൽ ഇൻസ്ട്രക്ടർമാരുടെ മേൽനോട്ടത്തിലാണ് ഇത് നടക്കുക.
ഷൂട്ടിങ് ചാമ്പ്യൻഷിപ്പിനായുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി ഫുജൈറ മൗണ്ടന്‍ ഷൂട്ടിങ് ക്ലബ് ഡയറക്ടര്‍ സൈഫ് അല്‍ സഹ്മി അറിയിച്ചു. നാഷനൽ സ്പോർട്ടിങ് ക്ലേയ്സ് അസോസിയേഷൻ, ക്ലേ പിജിയൺ ഷൂട്ടിങ് അസോസിയേഷൻ, ഫുജൈറ ഷൂട്ടിങ് ക്ലബ് എന്നിവയുമായി സഹകരിച്ചാണ് ഫുജൈറ മൗണ്ടൻ ഷൂട്ടിങ് ചാമ്പ്യൻഷിപ്പിന്റെ രണ്ടാം പതിപ്പ് സംഘടിപ്പിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.