ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി മസ്കത്ത് അന്താരാഷ്ട്ര പുസ്തകമേളയിൽ
ദുബൈ: ഒമാൻ കൺവെൻഷൻ ആൻഡ് എക്സിബിഷൻ സെന്ററിൽ ആരംഭിച്ച 29ാമത് മസ്കത്ത് അന്താരാഷ്ട്ര പുസ്തകമേളയിൽ സാന്നിധ്യമറിയിച്ച് യു.എ.ഇ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി. പുസ്തകോത്സവത്തിന്റെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്ത അദ്ദേഹത്തിന് വൻ സ്വീകരണമാണ് ഒരുക്കിയിരുന്നത്.
സുൽത്താന്റെ ‘ദി പോർചുഗീസ് ഇൻ ദി സീ ഓഫ് ഒമാൻ: ഇവന്റ്സ് ഇൻ ദി അന്നൽസ്’ എന്ന പുസ്തകത്തിന്റെ പ്രകാശനവും നടന്നു.
ഇൻഫർമേഷൻ മന്ത്രി ഡോ. അബ്ദുല്ല അൽ ഹറാസിയുടെ സാന്നിധ്യത്തിലായിരുന്നു പ്രകാശനം. 15 വാള്യങ്ങൾ അടങ്ങിയതാണ് പുസ്തകം. അടുത്ത രണ്ട് മാസത്തിനുള്ളിൽ പൂർണമായും പ്രസിദ്ധീകരിക്കും. അറിവ് പകരാൻ ലക്ഷ്യമിട്ടുള്ളതാണ് ഈ പുസ്തകമെന്ന് രചയിതാവ് പറഞ്ഞു. ഏകദേശം 15 വാല്യങ്ങളുള്ളതായി കണക്കാക്കുന്ന പുസ്തകത്തിൽ രേഖകൾ മാത്രമല്ല, ആ കാലയളവിൽ പോർചുഗീസുകാർ തയാറാക്കിയ വിപുലമായ രചനകളും ഉൾപ്പെടുന്നു.
ഇത് വായിക്കുന്നതിലൂടെ ഏതൊരാൾക്കും 260 വർഷത്തിനിടയിൽ നടന്ന സംഭവങ്ങളെയും യുദ്ധങ്ങളെയും കുറിച്ച് ഉൾക്കാഴ്ച ലഭിക്കും. ഈ കൃതികൾ ഗവേഷകർക്ക് മാത്രമല്ല, സാധാരണ വായനക്കാർക്കും വേണ്ടി തയാറാക്കിയിട്ടുള്ളതാണ്. കൂടാതെ, ആ കാലഘട്ടത്തിലെ പ്രധാന വ്യക്തികളിൽനിന്നുള്ള കത്തിടപാടുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇത് വായനക്കാരുടെ ധാരണയും അറിവും സമ്പന്നമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.