അബൂദബി: കഴിഞ്ഞ വർഷം ചെറുതും വലുതുമായ പൊള്ളലേറ്റ 393 പേര്‍ക്ക് മികച്ച ചികില്‍സയിലൂടെ രോഗമുക്തിയൊരുക്കി ശൈഖ് ശഖ്ബൂത് മെഡിക്കല്‍ സിറ്റി ബേണ്‍ സെന്റര്‍. ഇതില്‍ 366 പേര് ഗുരുതര പൊള്ളലുകളോടെ എത്തിയവരായിരുന്നു. 27 പേര്‍ക്ക് ചര്‍മ നഷ്ടത്തിന് പുനര്‍നിര്‍മാണ ശസ്ത്രക്രിയയോ ചികില്‍സയോ വേണ്ട കേസുകളായിരുന്നുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ചികില്‍സ തേടിയവരില്‍ 71 ശതമാനവും പ്രവാസികളാണ്. ആകെ ചികില്‍സ തേടിയവരില്‍ 64 ശതമാനവും പുരുഷന്മാരായിരുന്നു. ആകെ കേസുകളില്‍ മൂന്നിലൊന്നും കുട്ടികള്‍ക്ക് പൊള്ളലേറ്റ കേസുകളായിരുന്നു. പൊള്ളലേറ്റ് ചികില്‍സ തേടിയ ആണ്, പെണ് രോഗികളുടെ ശരാശരി പ്രായം 24 വയസ്സിനു മുകളിലാണ്.
തീപൊള്ളല് ചികില്‍സയില്‍ മികവിന്റെ കേന്ദ്രമായി ശൈഖ് ശഖബൂത് മെഡിക്കല്‍ സിറ്റിയെ അബൂദബി ആരോഗ്യവകുപ്പ് നാമനിര്‍ദേശം ചെയ്തതതായി ആശുപത്രി പുറത്തുവിട്ട സമഗ്ര റിപ്പോര്‍ട്ടില്‍ പറയുന്നു. പൊള്ളലേറ്റ ചികില്‍സ തേടിയവരില്‍ 16 വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍ 246 പേരാണ്. 37 വയസ്സിനു മുകളില്‍ പൊള്ളലേറ്റവരില്‍ 71 ശതമാനവും പുരുഷന്മാരാണ്. ഇതില്‍ 81 ശതമാനവും പ്രവാസികളാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 16 വയസ്സില്‍ താഴെയുള്ള പൊള്ളലേറ്റ കുട്ടികളുടെ എണ്ണം 147 ആണ്. 3.4 ആണ് ഇവരുടെ ശരാശരി പ്രായം.
തീപ്പൊള്ളലേറ്റ് ചികില്‍സ തേടിയവര്‍ 46 ശതമാനമാണ്. തിളച്ച ദ്രാവകമോ അല്ലെങ്കില്‍ നീരാവിയോ തട്ടി പൊള്ളലേറ്റവര്‍ 37 ശതമാനമാണ്. രാസവസ്തുക്കള്‍ കൊണ്ടുള്ള പൊള്ളലേറ്റെത്തിയവര് 7 ശതമാനമാണ്. ഷോക്ക് മൂലമുള്ള പൊള്ളല്‍, പൊള്ളലേല്‍ക്കാതെ ചര്‍മം നഷ്ടപ്പെടുന്ന അവസ്ഥ തുടങ്ങിയ കേസുകള്‍ വളരെക്കുറവാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മുതിര്‍ന്നവരില്‍ കൂടുതലും ജോലി സ്ഥലത്തുണ്ടായ അപകടങ്ങളിലും പാര്‍പ്പിട കേന്ദ്രങ്ങളിലെ പാചകവാതക പൊട്ടിത്തെറികളിലൂടെയുമാണ് പൊള്ളലേറ്റതെന്നും കുട്ടികള്‍ക്ക് തീനാളങ്ങളില്‍ നിന്നും തിളച്ച ദ്രാവകങ്ങളില്‍ നിന്നോ വസ്ത്രങ്ങള്‍ക്കു തീപിടിച്ചോ ആണ് പൊള്ളലേല്ക്കുന്നതെന്നും ബേണ്‍ സര്‍ജറി വിഭാഗം മേധാവി ഡോ. സൈമണ്‍ മയേഴ്സ് പറഞ്ഞു.
പൊള്ളലിന്റെ വ്യാപ്തി കൃത്യമായി അറിയുന്നതിനും ഇതിലൂടെ രോഗിക്കു വേണ്ട ചികില്‍സ നിര്‍ണയിക്കുന്നതിനും ഡോക്ടര്‍മാരെ പ്രാപ്തരാക്കുന്ന ലേസല്‍ ഡോപ്ലര്‍ ഇമേജിങ്, ഗുരുതരമായ പൊള്ളലേല്ക്കുന്നവര്ക്ക് താല്‍ക്കാലികമായി മുറിവ് മൂടാന്‍ സഹായിക്കുന്ന ഹ്യൂമന്‍ അലോഗ്രാഫ്റ്റ് സ്കിന്‍ സബ്സ്റ്റിറ്റിയൂട്ട്സ് തുടങ്ങിയ ആധുനിക രോഗനിര്‍ണയ, ചികില്‍സാ സംവിധാനങ്ങളും ആശുപത്രിയില്‍ ഉപയോഗിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.