ദുബൈ: വിനോദ സഞ്ചാര മേഖലയിൽ കുതിച്ചുചാട്ടത്തിന് വഴിയൊരുക്കുമെന്ന് പ്രതീക്ഷിക്കുന്ന ദുബൈ ബീച്ച് വികസന പദ്ധതിയുടെ പുരോഗതി വിലയിരുത്തി യു.എ.ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം. 2040ഓടെ ലോകത്ത് ജീവിക്കാൻ പറ്റിയ ഏറ്റവും മികച്ച നഗരമായി ദുബൈയെ മാറ്റുകയെന്ന ലക്ഷ്യത്തോടെ 300 കോടി ദിർഹം ചെലവിലാണ് ദുബൈ ബീച്ച് വികസന പദ്ധതി നടപ്പിലാക്കുന്നത്.
പദ്ധതി പൂർത്തിയാകുന്നതോടെ എമിറേറ്റിലെ ബീച്ചുകളുടെ ശേഷി 170 ശതമാനം വർധിക്കും. പദ്ധതിയുടെ പ്രവൃത്തികൾ അതിവേഗം പുരോഗമിക്കുകയാണെന്ന് ശൈഖ് മുഹമ്മദ് എക്സിലൂടെ വ്യക്തമാക്കി. അൽ മംസാർ ബീച്ചിൽ വികസന പ്രവർത്തനങ്ങൾ അദ്ദേഹം വിലയിരുത്തി. പ്രതിവർഷം 70 ലക്ഷം സന്ദർശകരെ സ്വാഗതം ചെയ്യുന്നതിന് 40 ലക്ഷം ചതുരശ്ര മീറ്റർ വിസ്തീർണത്തിലാണ് പദ്ധതി പുരോഗമിക്കുന്നത്. കാലതാമസങ്ങളില്ലാതെ നിർമാണ പ്രവർത്തനങ്ങൾ അതിവേഗത്തിലാണ് മുന്നോട്ടുപോകുന്നത്. പദ്ധതി ഒരു ഘട്ടത്തിലും നിലച്ചിട്ടില്ലെന്നും നിലക്കാൻ അനുവദിക്കില്ലെന്നും ശൈഖ് മുഹമ്മദ് എക്സിൽ കുറിച്ചു. എമിറേറ്റിലെ തുറസായ പൊതുയിടങ്ങൾ വിപുലീകരിക്കുന്നതിലൂടെ ജനങ്ങളുടെ ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്നതിനും സാമൂഹിക ക്ഷേമം മെച്ചപ്പെടുത്തുന്നതിനുമാണ് ഊന്നൽ നൽകുന്നതെന്ന് അധികൃതർ വ്യക്തമാക്കി. അടിസ്ഥാന വിനോദ സൗകര്യങ്ങൾ വികസിപ്പിക്കുന്നത് കൂടുതൽ വിനോദസഞ്ചാരികളെ ആകർഷിക്കും. ലോകത്ത് ആദ്യമായി 24 മണിക്കൂറും പ്രവർത്തിക്കുന്ന സ്ത്രീകൾക്ക് മാത്രമായുള്ള ബീച്ച്, ഫ്ലോട്ടിങ് വാക്ക് വേ, വാട്ടർഫ്രണ്ട് റസ്റ്റാറന്‍റ്, സൈക്ലിങ്, ജോഗിങ് പാതകൾ, സ്‌കേറ്റ് പാർക്ക്, കുട്ടികളുടെ കളിസ്ഥലങ്ങൾ, വിശ്രമ-വിനോദ സൗകര്യങ്ങൾ എന്നിങ്ങനെ നീളുന്നു പദ്ധതിയുടെ സവിശേഷതകൾ. ബീച്ചുകൾ നിശ്ചയദാർഢ്യ സൗഹൃദമാക്കാൻ ആവശ്യമായ സൗകര്യങ്ങളും ഒരുക്കുന്നുണ്ട്.
ബീച്ച് സുരക്ഷ വർധിപ്പിക്കാൻ നിരീക്ഷണത്തിനായി നിർമിത ബുദ്ധി (എ.ഐ.) സാങ്കേതികവിദ്യ ഉപയോഗിക്കും. 2040ഓടെ പൊതുബീച്ചുകളുടെ നീളം 105 കിലോമീറ്ററായി ഉയർത്താനാണ് ലക്ഷ്യമിടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.