ഷാർജ ബുക് അതോറിറ്റിയും ഹെലിനിക് ഫൗണ്ടേഷൻ ഫോർ കൾചറും ധാരണപത്രത്തിൽ ഒപ്പുവെക്കുന്നു
ഷാർജ: അടുത്ത വർഷം നടക്കുന്ന ഗ്രീസിലെ തസ്സലോനികി അന്താരാഷ്ട്ര പുസ്തകമേളയിൽ ഷാർജ മുഖ്യാതിഥിയാകും. ഇത് സംബന്ധിച്ച കരാറിൽ ഷാർജ ബുക് അതോറിറ്റിയും ഹെലിനിക് ഫൗണ്ടേഷൻ ഫോർ കൾചറും കഴിഞ്ഞ ദിവസം ഒപ്പുവെച്ചു. ഷാർജ അന്താരാഷ്ട്ര പുസ്തക മേളയിലാണ് ചടങ്ങ് നടന്നത്. യു.എ.ഇയെയും അറബ് സംസ്കാരത്തെയും പ്രതിനിധാനംചെയ്ത് പുസ്തകമേളയിൽ പങ്കെടുക്കുന്നതിന് അഭിമാനമുണ്ടെന്നും എമിറേറ്റിന്റെ സാഹിത്യ സഞ്ചാരത്തിൽ നാഴികക്കല്ലാണിതെന്നും അതോറിറ്റി സമൂഹമാധ്യമങ്ങളിൽ കുറിച്ചു. അതോറിറ്റി ഇവന്റ്സ് ആൻഡ് മാർക്കറ്റിങ് ഡയറക്ടർ ഖൗല അൽ മുജൈനിയും ഫൗണ്ടേഷൻ പ്രസിഡന്റ് നികോസ് കൗകിസുമാണ് ധാരണപത്രത്തിൽ ഒപ്പുവെച്ചത്.
2024 മെയ് 16 മുതൽ 19 വരെയാണ് തസ്സലോനികി അന്താരാഷ്ട്ര പുസ്തകമേള. തസ്സലോനികി അന്താരാഷ്ട്ര പുസ്തകമേളയിലെ ഷാർജയുടെ പങ്കാളിത്തം യൂറോപ്പുമായി ആഴത്തിലുള്ള സംവാദത്തിൽ ഏർപ്പെടാൻ ഇമറാത്തിനും അറബ് സംസ്കാരത്തിനും അവസരമൊരുക്കുമെന്ന് ചടങ്ങിൽ സംബന്ധിച്ച ഷാർജ ബുക് അതോറിറ്റി സി.ഇ.ഒ അഹമ്മദ് അൽ ആമിരി പറഞ്ഞു.
തസ്സലോനികി ബുക്ക് ഫെയറിന്റെ 20ാമത് എഡിഷനിൽ വിശിഷ്ടാതിഥിയാകാനുള്ള ക്ഷണം ഷാർജ സ്നേഹപൂർവം സ്വീകരിച്ചതിൽ വളരെയധികം ആഹ്ലാദമുണ്ടെന്ന് നികോസ് കൗകിസും പ്രസ്താവിച്ചു. ഷാർജയുടെ പങ്കാളിത്തം ആശയവിനിമയത്തിന്റെ പുതിയ വഴികൾ തുറക്കുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്. ഇത് ഗ്രീസിന്റെ ഷാർജ, യു.എ.ഇ, അറബ് ലോകം എന്നിവക്കിടയിലുള്ള സാംസ്കാരിക ബന്ധം ശക്തിപ്പെടുത്തും -അദ്ദേഹം കൂട്ടിച്ചേർത്തു. ഈ വർഷം നടന്ന കൊറിയൻ പുസ്തകോത്സവത്തിൽ ഷാർജ അതിഥിയായി പങ്കെടുത്തിരുന്നു.
നവാസ് പൂനൂർ എഴുതിയ ‘മായ്ക്കും തോറും തെളിയുന്ന നെഹ്റു’ പുസ്തകം ഷാർജ അന്താരാഷ്ട്ര പുസ്തക മേളയിൽ സഫാരി ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ സൈനുൽ ആബിദീൻ, പാൻ ഗൾഫ് ചെയർമാൻ കെ.കെ. ബഷീറിന് നൽകി പ്രകാശനം ചെയ്യുന്നു
ജാസ്മിൻ അമ്പലത്തിലകത്ത് എഡിറ്ററായ ‘സൈകതഭൂവിലെ അക്ഷരോത്സവം’ പുസ്തകം മോഹൻകുമാർ അഡ്വ. വൈ.എ.റഹീമിന് നൽകി പ്രകാശനം ചെയ്യുന്നു
അൽഐൻ ഗ്രേസ് വാലി ഇന്ത്യൻ സ്കൂൾ വിദ്യാർഥിനി ഊർമിള മേനോൻ രചിച്ച നോവൽ ‘ഡൈമെൻഷൻസ് ഓഫ് ലൈവ്സ്’ മലബാർ സ്കൂൾ എക്സിക്യൂട്ടിവ് ഡയറക്ടർ ഷിയാസ് അഹ്മദ്, ഗ്രേസ് വാലി ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ ഡോ. മുഹമ്മദ് ഇബ്രാഹിം എന്നിവർ ചേർന്ന് പ്രകാശനം ചെയ്യുന്നു
ഡോ. എ. യൂനുസ് കുഞ്ഞിന്റെ ‘മനുഷ്യസ്നേഹത്തിന്റെ നിറകുടം’ പുസ്തകം ഷാജഹാൻ യൂനുസിന് നൽകി പി.കെ. അൻവർ നഹ പ്രകാശനം ചെയ്യുന്നു
ടി. സിദ്ദീഖ് എഡിറ്റ് ചെയ്ത ‘പകരക്കാരനില്ലാത്ത ഉമ്മൻ ചാണ്ടി’ മാത്യു കുഴൽനാടൻ എം.എൽ.എ സാമൂഹികപ്രവർത്തകൻ അശ്റഫ് താമരശ്ശേരിക്ക് പുസ്തകം നൽകി പ്രകാശനം ചെയ്യുന്നു
അഡ്വ. എം.എസ്. സജിയുടെ ‘നിയമഭാഷണങ്ങൾ’ ലേഖന സമാഹാരം സംവിധായകനും തിരക്കഥാകൃത്തും നടനുമായ ജോയ് മാത്യു അഡ്വ. ശ്യാം പി. പ്രഭുവിന് നൽകി പ്രകാശനം ചെയ്യുന്നു
ഷാർജ ഔവർഓൺ ഇംഗ്ലീഷ് ഹൈസ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിനി സൈറ സാമിന്റെ ഇംഗ്ലീഷ് നോവൽ ‘എ റ്റെയ്ൽ ഓഫ് ട്വിസ്റ്റഡ് റ്റൈസ്’ മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ സാദിഖ് കാവിൽ മാധ്യമപ്രവർത്തകൻ റോയ് റാഫേലിന് നൽകി പ്രകാശനം ചെയ്യുന്നു
സൗദ ബാബു നസീർ രചിച്ച ‘മൗനത്തിലേക്ക് കുടിയേറുന്നവർ’ കവിത സമാഹാരം മീഡിയ വൺ മിഡിൽ ഈസ്റ്റ് എഡിറ്റോറിയൽ ഹെഡ് എം.സി.എ. നാസർ സലിം ബുക്ലാൻഡിന് നൽകി പ്രകാശനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.