ഷാർജ: വേനൽക്കാലത്ത് അടച്ചിട്ട ഷാർജ സഫാരി പാർക്ക് ഇടവേളക്കുശേഷം ബുധനാഴ്ച തുറക്കും. കഴിഞ്ഞ സീസണെ അപേക്ഷിച്ച് പുതുമയുള്ള കാഴ്ചകളുമായാണ് സഫാരി തുറക്കുന്നത്. അറബികൾ 'സുഡാനിലെ നൈൽ' എന്നുവിളിക്കുന്ന നൈജർ പുഴ മേഖലയിലെ പരിതസ്ഥിതി രൂപപ്പെടുത്തിയതാണ് സഫാരിയിലെ ഇത്തവണത്തെ പുതിയ കാഴ്ചാനുഭവം. കഴിഞ്ഞ സീസണിലില്ലാത്ത മൃഗങ്ങളെയും പക്ഷികളെയും ഇക്കുറി എത്തിച്ചിട്ടുണ്ട്.
കഴിഞ്ഞ വർഷമാണ് ഷാർജ സഫാരി തുറന്നത്. മരുഭൂമിയുടെ നടുവിൽ ആഫ്രിക്കൻ വനമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. 12 വർഗങ്ങളിൽപെട്ട അമ്പതിനായിരത്തിലേറെ ജീവികൾ ഇവിടെയുണ്ട്. ആഫ്രിക്കൻ പ്രദേശങ്ങളിൽ മാത്രം കണ്ടുവരുന്ന പ്രത്യേകതരം ജീവജാലങ്ങളുടെ സാന്നിധ്യമാണ് ഇതിൽ ഏറ്റവും പ്രധാനപ്പെട്ടത്. ആയിരത്തോളം ആഫ്രിക്കൻ മരങ്ങൾ നട്ടുപിടിപ്പിച്ചിരിക്കുന്നു. വംശനാശ ഭീഷണി നേരിടുന്നവ ഉൾപ്പെടെ 120 ഇനം ആഫ്രിക്കൻ മൃഗങ്ങളാണിതിലുള്ളത്. സന്ദർശകർക്ക് മൃഗങ്ങളുടെ സ്വാഭാവിക ആവാസവ്യവസ്ഥയിൽ കാൽനടയായി കറങ്ങാനും മൃഗങ്ങളെക്കുറിച്ച് അറിയാനും ഇവിടെ അവസരമുണ്ട്. സുരക്ഷ, സൗകര്യം, വിനോദം എന്നിവ ഉറപ്പുവരുത്തുന്നതിനും സൗന്ദര്യവും ആകർഷണീയതയും സംരക്ഷിക്കുന്നതിനും ഷാർജ സഫാരി സന്ദർശകർക്ക് പ്രത്യേക മാർഗനിർദേശങ്ങൾ
പുറപ്പെടുവിച്ചിട്ടുണ്ട്. വേനൽക്കാലത്ത് മൃഗങ്ങളുടെ സുരക്ഷ കൂടി കണക്കിലെടുത്താണ് ഷാർജ സഫാരി അടച്ചിടുന്നത്. യു.എ.ഇയിലെ ചൂട് കുറഞ്ഞതോടെയാണ് വീണ്ടും തുറക്കുന്നത്. ദുബൈ സഫാരി പാർക്കും വൈകാതെ തുറക്കും.
ഷാർജ സഫാരിയിൽ ഇക്കുറിയും പഴയ ടിക്കറ്റ് നിരക്ക് തന്നെയായിരിക്കും. സഫാരിക്കുള്ളിൽ 2-3 മണിക്കൂർ നടന്നുകാണുന്നതിന് 40 ദിർഹമിന്റെ ബ്രോൺസ് ടിക്കറ്റ് എടുക്കണം. മൂന്നുമുതൽ 12 വയസ്സ് വരെയുള്ള കുട്ടികൾക്ക് 15 ദിർഹം. എന്നാൽ, ബ്രോൺസ് ടിക്കറ്റിൽ സഫാരിയുടെ പ്രത്യേക മേഖലയിൽ മാത്രമേ സന്ദർശിക്കാൻ അനുമതിയുണ്ടാവൂ.
സിൽവർ ടിക്കറ്റിന് 120 ദിർഹമാണ് നിരക്ക്. കുട്ടികൾക്ക് 50 ദിർഹം. സഫാരിക്കുള്ളിലെ ബസിൽ യാത്ര ചെയ്ത് അഞ്ച്-ആറ് മണിക്കൂർ കാഴ്ചകൾ കാണാം. ഒന്നൊഴികെ എല്ലാ മേഖലയിലേക്കും പ്രവേശനമുണ്ടാകും. 275 ദിർഹം നൽകി ഗോൾഡ് ടിക്കറ്റെടുത്താൽ ആഡംബര കാറിൽ യാത്ര ചെയ്ത് കാഴ്ചകൾ കാണാം. രണ്ടുമുതൽ 12 വയസ്സ് വരെയുള്ള കുട്ടികൾക്ക് 120 ദിർഹമാണ് നിരക്ക്. ഗൈഡിനെയും കൂടെ അയക്കും. എല്ലാ മേഖലയിലും പ്രവേശനമുണ്ടാകും. ആറ് പേരടങ്ങിയ സംഘത്തിന് 1500 ദിർഹമിനും ഒമ്പത് പേർക്ക് 2250 ദിർഹമിനും 12 പേർക്ക് 3500 ദിർഹമിനും ഗോൾഡ് ടിക്കറ്റെടുക്കാം. രാവിലെ എട്ടുമുതൽ വൈകീട്ട് 6.30 വരെയാണ് തുറന്നിരിക്കുന്നത്. ഗോൾഡ്, സിൽവർ ടിക്കറ്റുകാർ ഉച്ചക്ക് രണ്ടിന് മുമ്പും ബ്രോൺസ് ടിക്കറ്റുകാർ വൈകീട്ട് നാലിന് മുമ്പും സഫാരിയുടെ ഉള്ളിൽ പ്രവേശിച്ചിരിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.