സാന്ദ്ര ആന്‍ ജെയ്സൺ

വേദനയില്ലാത്ത ലോകത്തേക്ക് സാന്ദ്ര ആൻ ജെയ്സൺ യാത്രയായി

ഷാർജ/അടൂർ: മരണം പല രൂപത്തിൽ മുന്നിൽ വന്നു നിന്നപ്പോഴും എഴുന്നേൽക്കാൻ പോലും പറ്റാത്ത വിധത്തിൽ രോഗങ്ങൾ ആക്രമിച്ചപ്പോഴും പത്തനംതിട്ട അടൂർ കരുവാറ്റ ആൻസ് വില്ലയിൽ ജെയ്സണ്‍ തോമസി​െൻറയും ബിജിയുടെയും മകൾ സാന്ദ്ര ആന്‍ ജെയ്സൺ(18) ജീവിതത്തെ കുറിച്ചാണ് ചിന്തിച്ചതും സ്വപ്നങ്ങൾ മെനഞ്ഞതും. സൈക്കോളജിസ്​റ്റാകണമെന്നും മാനസികമായി പ്രയാസപ്പെടുന്നവർക്ക് തണലാകണമെന്നുമായിരുന്നു തിങ്കളാഴ്ച തിരുവല്ല പുഷ്പഗിരി ആശുപത്രിയിൽ വന്ന് മരണം കൂട്ടികൊണ്ടു പോകും വരെ സാന്ദ്ര സ്വപ്നം കണ്ടിരുന്നത്.

2014ല്‍ അവധി ആഘോഷിക്കാനായി പത്തനംതിട്ട ജില്ലയിലെ അടൂരിൽ വീട്ടിലേക്ക് പോയപ്പോഴാണ് സാന്ദ്രക്ക് ഏതോ പ്രാണിയുടെ കടിയേൽക്കുന്നത്. ചിക്കൻ പോക്സിന് സമാനമായ രോഗമാണ് ആദ്യം ബാധിച്ചത്. രോഗം ഭേദമാകാത്തതിനെ തുടർന്ന് നടത്തിയ പരിശാധനകളിൽ 'ഹെനോക് സ്കോളിൻ പർപുറ' എന്ന അപൂര്‍വ രോഗമാണ് ബാധിച്ചിട്ടുള്ളതെന്ന് കണ്ടെത്തി. പ്രത്യേകയിനം കൊതുകാണ് ഒരു ലക്ഷം പേരിൽ ഒരാൾക്ക് മാത്രം സംഭവിക്കുന്ന ഈ രോഗത്തിന് കാരണമെന്ന് ഡോക്ടർമാർ പറഞ്ഞിരുന്നു.

തുടർചികിത്സയിൽ രോഗം ഭേദമായപ്പോൾ യു.എ.ഇ.യിലേക്ക് മടങ്ങിയ സാന്ദ്ര സ്കൂളിൽ പോവാൻ തുടങ്ങിയിരുന്നു. ദിവസങ്ങൾക്കകം പാടുകൾ കൂടിവരികയും ശരീരം തടിച്ചുവീർക്കുകയും ചെയ്തു.കണ്ണുകളുടെ കാഴ്ചകൂടി നഷ്​ടമായതോടെ വീണ്ടും ചികിത്സ തേടി. രോഗംകുറഞ്ഞ് സാന്ദ്ര വീണ്ടും സാധാരണജീവിതത്തിലേക്ക് മടങ്ങിയെത്തി. എന്നാൽ 2019-ൽ നടത്തിയ ബയോപ്സിയിൽ വൃക്കകൾ 70 ശതമാനത്തിൽ അധികം പ്രവർത്തനരഹിതമാണെന്ന് തിരിച്ചറിഞ്ഞു. ഷാർജ ഇന്ത്യൻ സ്കൂളിൽ പഠിച്ചിരുന്ന സാന്ദ്ര ഗുരുതര വൃക്ക രോഗം ബാധിച്ച് ചികിത്സയിൽ കഴിയുമ്പോഴും പഠനം കൈവിട്ടില്ല.

അധികൃതർ അനുവദിച്ച വിദ്യാർഥിയുടെ സഹായത്തോടെ പന്ത്രണ്ടാം ക്ലാസ്​ പരീക്ഷയെഴുതി 75 ശതമാനം മാർക്ക് വാങ്ങിയിരുന്നു. ഒ–പോസിറ്റീവിലുള്ള വൃക്ക മാറ്റിവച്ചാൽ കുട്ടിയെ രക്ഷിക്കാനാകുമെന്ന് ഡോക്ടർമാർ പറഞ്ഞിരുന്നു.മാതാവി​െൻറ വൃക്ക അനുയോജ്യമായിരുന്നെങ്കിലും കടുത്ത രക്തസമ്മര്‍ദമുള്ളതിനാല്‍ മാറ്റി വെക്കൽ അസാധ്യമായിരുന്നു.

വൃക്ക ദാനം ചെയ്യാൻ തയാറായി ഏതെങ്കിലും മനുഷ്യസ്നേഹി എത്തണേ എന്ന പ്രാർഥനയിലും പ്രതീക്ഷയിലും കുടുംബവും കൂട്ടുകാരും ഇരിക്കവെയാണ് രംഗബോധമില്ലാതെ മരണം കടന്നു വന്നത്.പിതാവ് ജെയ്സൺ ജബൽ അലിയിലെ സ്വകാര്യസ്ഥാപനത്തിലും മാതാവ് ബിജി ഫുജൈറയിൽ നഴ്സുമാണ്. സഹോദരി റിച്ച ഷാർജ ഇന്ത്യൻ സ്കൂൾ ഏഴാം ക്ലാസ് വിദ്യാർഥിനിയാണ്. സാന്ദ്രയുടെ സംസ്കാരം ബുധനാഴ്ച്ച ഉച്ചകഴിഞ്ഞ് ഒന്നിന് അടൂർ ഇമ്മാനുവേൽ മാർത്തോമ്മ പള്ളി സെമിത്തേരിയിൽ നടക്കും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-12 07:38 GMT