ദുബൈ: വ്യാജ മോട്ടോർ ഓയിൽ വിൽക്കുന്നവരെന്ന് സംശയിക്കുന്ന രണ്ടുപേരെ ദുബൈ പൊലീസ് പിടികൂടി. ഓയിൽ സൂക്ഷിച്ചുവെക്കാനും പാക്ക് ചെയ്യാനും ഉപയോഗിച്ച വെയർഹൗസിൽ റെയ്ഡ് നടത്തിയാണ് ഇവരെ പിടികൂടിയത്. ഇവിടെ 2500 ബോട്ടിൽ ഓയിൽ സൂക്ഷിച്ചതായി കണ്ടെത്തിയിട്ടുണ്ട്. അന്താരാഷ്ട്ര ബ്രാൻഡുകളുടെ ലോഗോയും ലേബലുകളും ബോട്ടിലുകളിൽ പതിച്ചാണ് ഇവർ ഓയിൽ വിൽപന നടത്തുന്നത്. ഇതിലൂടെ ഉപഭോക്താക്കളെ വഞ്ചിക്കുകയും കമ്പനിക്ക് നഷ്ടമുണ്ടാക്കുകയുമാണ് ചെയ്യുന്നതെന്ന് അധികൃതർ പറഞ്ഞു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് വെയർഹൗസിൽ പൊലീസ് പരിശോധന നടത്തിയത്.
വ്യാജ ഓയിലുകൾ വിൽക്കുന്നതിലൂടെ യഥാർഥ കമ്പനിയുടെ സ്വീകാര്യത തകർക്കുകയും വാഹനമോടിക്കുന്നവരുടെ ജീവൻ അപകടത്തിലാക്കുകയും ചെയ്യുന്നതാണെന്ന് ദുബൈ പൊലീസ് സാമ്പത്തിക കുറ്റകൃത്യ വിഭാഗം ഡയറക്ടർ കേണൽ ഖാലിദ് അൽ ശൈഖ് പറഞ്ഞു. എന്നാൽ വ്യാജ എണ്ണയുടെ ഉറവിടം സംബന്ധിച്ച് അന്വേഷണം നടക്കുകയാണെന്നും ഗുണനിലവാര പരിശോധന പൂർത്തിയായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വ്യാജ ഓയിൽ വിൽക്കുന്നത് സംബന്ധിച്ച് യഥാർഥ കമ്പനിയെ വിവരമറിയിച്ചിട്ടുണ്ടെന്നും പൊലീസ് വൃത്തങ്ങൾ വ്യക്തമാക്കി. അറസ്റ്റിലായവരുടെ നിയമനടപടികൾക്കായി പബ്ലിക് പ്രോസിക്യൂട്ടറെ നിയമിച്ചു. വാഹനങ്ങൾ സർവിസ് ചെയ്യുന്നതും സ്പെയർപാർട്സുകൾ വാങ്ങുന്നതും അംഗീകൃത കമ്പനികളിൽനിന്നാണെന്ന് ഉറപ്പുവരുത്താൻ ഡ്രൈവർമാരോട് ദുബൈ പൊലീസ് അഭ്യർഥിച്ചു. വ്യാജ ഉൽപന്നങ്ങൾ വിൽക്കുന്നതായി സംശയം തോന്നിയാൽ പൊതുജനങ്ങൾക്ക് ദുബൈ പൊലീസ് ആപ് വഴിയോ 999, 901 എന്നീ നമ്പറുകളിലോ ബന്ധപ്പെടാമെന്നും അധികൃതർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.