ദുബൈ: ഫാർമസികളിൽ നിയന്ത്രിത മരുന്നുകളുടെ വിൽപനയുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾക്ക് ശിക്ഷ കടുപ്പിച്ച് യു.എ.ഇ. ഡോക്ടറുടെ കുറിപ്പടിയില്ലാതെ നിയന്ത്രിത മരുന്നുകൾ വിൽപന നടത്തുകയോ ലൈസൻസില്ലാതെ ഡോക്ടർമാർ നിയന്ത്രിത മരുന്നുകൾ കുറിച്ച് നൽകുകയോ ചെയ്താൽ കടുത്ത ശിക്ഷ നേരിടേണ്ടി വരും. ഇതിനായി ഫെഡറൽ നിയമത്തിലെ ചില വ്യവസ്ഥകളിൽ സർക്കാർ ഭേദഗതി വരുത്തിയിരിക്കുകയാണ്. പുതിയ വ്യവസ്ഥ പ്രകാരം നിയമം ലംഘിക്കുന്നവർക്ക് അഞ്ച് വർഷത്തിൽ കുറയാത്ത ജയിൽ ശിക്ഷയും 50,000 ദിർഹത്തിൽ കുറയാത്ത പിഴയുമായിരിക്കും ശിക്ഷ.
മയക്കുമരുന്ന് കടത്തിന് ഒത്താശ ചെയ്തുവെന്ന രീതിയിലായിരിക്കും ഇത്തരം കേസുകൾ പരിഗണിക്കുകയെന്നും അധികൃതർ മുന്നറിയിപ്പു നൽകി. മയക്കുമരുന്ന് കേസുകളിൽ ശിക്ഷിക്കപ്പെടുന്ന വിദേശികളെ കോടതികൾ നിർബന്ധമായും നാടുകടത്തണം. യു.എ.ഇ പൗരൻമാരുടെ ഭാര്യ, ഭർത്താവ് അല്ലെങ്കിൽ ഏറ്റവും അടുത്ത ബന്ധുക്കൾ, യു.എ.ഇയിൽ താമസിക്കുന്ന കുടുംബത്തിലെ അംഗം എന്നിവർക്ക് മാത്രമായിരിക്കും ഇതിൽ ഇളവ് ലഭിക്കുക.
വിദേശിയായ പ്രതിയെ നാടു കടത്തിയാൽ യു.എ.ഇയിൽ താമസിക്കുന്ന കുടുംബത്തിന് ആഘാതമുണ്ടാകുമോ എന്ന് കോടതിക്ക് തീരുമാനിക്കാം. പുതിയ വ്യവസ്ഥ പ്രകാരം മയക്കുമരുന്നുമായി ബന്ധപ്പെട്ട കേസുകൾ കൈകാര്യം ചെയ്യുന്ന അതോറിറ്റികളുടെ ചുമതലകളിലും മാറ്റം വരുത്തിയിട്ടുണ്ട്. നിയന്ത്രിത മരുന്ന് വിൽപനയുമായി ബന്ധപ്പെട്ട കേസുകൾ കൈകാര്യം ചെയ്യാനുള്ള ഉത്തരവാദിത്തം ആരോഗ്യ പ്രതിരോധ മന്ത്രാലയത്തിനും ആരോഗ്യ പ്രതിരോധ മന്ത്രിക്കും പകരം എമിറേറ്റ്സ് ഡ്രഗ് എസ്റ്റാബ്ലിഷ്മെന്റിനും അതിന്‍റെ ചെയർപേഴ്സണുമായിരിക്കും. ദേശീയ തലത്തിൽ ഇത്തരം കേസുകൾക്ക് മേൽനോട്ടം വഹിക്കാനുള്ള ചുമതലകൾ ആഭ്യന്തര മന്ത്രാലയത്തിന് പകരം ദേശീയ മയക്കുമരുന്ന് വിരുദ്ധ അതോറിറ്റിക്കായിരിക്കുമെന്നും നിയമം വ്യക്തമാക്കുന്നു.
അതേസമയം, ഫെഡറൽ, പ്രാദേശിക ആരോഗ്യ അതോറിറ്റികൾക്ക് പുറമേ, സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങളിൽ മയക്കുമരുന്നിന് അടിമകളായവർക്ക് ആസക്തിമുക്തി ചികിത്സാ, പുനരധിവാസ യൂനിറ്റുകൾ സ്ഥാപിക്കാനും പ്രവർത്തിപ്പിക്കാനും നിയമം അനുവദിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.