അബൂദബി: യു.എ.ഇയിലെ റോഡുകളിലെ തിരക്ക് കുറക്കുന്നതിനായി ദീർഘദൂര ചരക്കുനീക്കം റോഡിൽനിന്ന് റെയിലിലേക്ക് മാറ്റാൻ ലോജിസ്റ്റിക്സ് കമ്പനികളോടും വ്യവസായങ്ങളോടും ആഹ്വാനംചെയ്ത് ഇത്തിഹാദ് റെയിൽ. ഇതിന്റെ ഭാഗമായി തിങ്കളാഴ്ച രാജ്യവ്യാപക ബോധവത്കരണ കാമ്പയിൻ ആരംഭിച്ചു. റെയിൽ ചരക്കുഗതാഗതം ഭാവിയിലേക്കുള്ള ആശയമല്ലെന്നും ഇതിനകം യു.എ.ഇയിലെ നിരവധി സ്ഥാപനങ്ങളെ സഹായിക്കുന്ന പ്രവർത്തനക്ഷമമായ സംവിധാനമാണെന്നും ഇത്തിഹാദ് റെയിൽ അധികൃതർ വ്യക്തമാക്കി.
ഏകദേശം 900 കി.മീ. ദൈർഘ്യമുള്ള ഇത്തിഹാദ് റെയിലിന്റെ ചരക്ക് ശൃംഖല പ്രധാന തുറമുഖങ്ങൾ, വ്യവസായ മേഖലകൾ, ലോജിസ്റ്റിക്സ് ഹബുകൾ എന്നിവയെ ബന്ധിപ്പിക്കുന്നതാണ്. വലിയതോതിലുള്ള ചരക്കുകൾക്കായി രൂപകൽപന ചെയ്ത റെയിൽ സംവിധാനം വഴി നിശ്ചിത സമയക്രമത്തിൽ സഞ്ചരിക്കുന്നതിനാൽ ചരക്കുകൾ എത്തിച്ചേരുന്നത് കൃത്യമായി പ്രവചിക്കാനാകും. അതേസമയം റോഡുകളിൽ ഇത് തിരക്കേറിയ സമയങ്ങളിൽ കൃത്യത പാലിക്കാൻ സാധിക്കാത്തതാണ്.
ഒരു ചരക്ക് ട്രെയിനിന് 300 ഹെവി ട്രക്കുകൾക്ക് തുല്യമായ ചരക്കുകൾ രെ വഹിക്കാൻ കഴിയും. ഇതോടെ പ്രധാന റോഡുകളിലെ ഗതാഗതക്കുരുക്ക് കുറയുകയും വ്യവസായങ്ങൾക്കും നിർമാതാക്കൾക്കും ഉൽപാദന സമയക്രമം പാലിക്കാൻ സഹായിക്കുകയും ചെയ്യും. റോഡ് ഗതാഗതത്തെ പൂർണമായി മാറ്റിസ്ഥാപിക്കാനല്ല, മറിച്ച് റോഡും റെയിലും തമ്മിൽ മികച്ച സന്തുലനം സൃഷ്ടിക്കാനാണ് കാമ്പയിൻ ലക്ഷ്യമിടുന്നതെന്നും ഇതിഹാദ് റെയിൽ വ്യക്തമാക്കി. ലാസ്റ്റ്-മൈൽ ഡെലിവറിക്കായി റോഡ് ഗതാഗതം അനിവാര്യമാണെന്നും, അതേസമയം വലിയ തോതിലുള്ള ദീർഘദൂര ചരക്കുനീക്കങ്ങൾ റെയിലിലേക്ക് മാറ്റുന്നതിലൂടെ റോഡുകളിലെ തിരക്ക് കുറയുകയും ട്രക്കുകൾക്ക് ഏറ്റവും ഫലപ്രദമായ മേഖലകളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും സാധിക്കുമെന്നും ഇതിഹാദ് റെയിൽ ഫ്രെയിറ്റിന്റെ ആക്ടിങ് സി.ഇ.ഒ ഉമർ അൽ സിബായി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.