അബൂദബി ഇന്ത്യൻ സ്കൂൾ ഗോൾഡൻ ജൂബിലി ആഘോഷങ്ങൾ യു.എ.ഇ സഹിഷ്ണുതാ സഹവർത്തിത്വ മന്ത്രി ശൈഖ് നഹ്യാൻ ബിൻ മുബാറക് ആൽ നഹ്യാൻ ഉദ്ഘാടനം ചെയ്യുന്നു
അബൂദബി: അബൂദബി ഇന്ത്യൻ സ്കൂളിന്റെ ഗോൾഡൻ ജൂബിലി ആഘോഷങ്ങൾക്ക് വർണാഭമായ തുടക്കം. ചെയർമാൻ എം.എ. യൂസുഫലിയുടെ സാന്നിധ്യത്തിൽ യു.എ.ഇ സഹിഷ്ണുതാ സഹവർത്തിത്വ മന്ത്രി ശൈഖ് നഹ്യാൻ ബിൻ മുബാറക് ആൽ നഹ്യാൻ ഗോൾഡൻ ജൂബിലി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്തു. സുസ്ഥിരമായ ഭാവിയുടെ അടിസ്ഥാനം വിദ്യാഭ്യാസമാണെന്നും, ഏറ്റവും മികച്ച പ്രവർത്തനമാണ് അബൂദബി ഇന്ത്യൻ സ്കൂൾ നടത്തുന്നതെന്നും ശൈഖ് നഹ്യാൻ പറഞ്ഞു.
യു.എ.ഇയും ഇന്ത്യയും തമ്മിലെ മികച്ച ആത്മബന്ധത്തിന്റെ പ്രതീകമാണ് അബൂദബി ഇന്ത്യൻ സ്കൂളെന്നും, വിദ്യാഭ്യാസ മേഖലക്ക് ഏറ്റവും മികച്ച പിന്തുണയാണ് യു.എ.ഇ പ്രസിഡന്റ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ നൽകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. എം.എ. യൂസുഫലിയുടെ നേതൃത്വത്തിലുള്ള ബോർഡ് അംഗങ്ങൾ മാതൃകാപരമായാണ് സ്കൂൾ മുന്നോട്ട് നയിക്കുന്നതെന്നും പ്രശംസനീയമെന്നും ശൈഖ് നഹ്യാൻ ബിൻ മുബാറക് ആൽ നഹ്യാൻ കൂട്ടിച്ചേർത്തു.
ഇന്ത്യയും യു.എ.ഇയും തമ്മിലുള്ള ചരിത്രപരമായ ബന്ധത്തിന്റെയും സൗഹൃദത്തിന്റെയും പ്രതിഫലനമാണ് അബൂദബി ഇന്ത്യൻ സ്കൂൾ എന്ന് എം.എ. യൂസുഫലി പറഞ്ഞു. ലക്ഷക്കണക്കിന് വിദ്യാർഥികൾക്ക് അറിവിന്റെ വെളിച്ചമേകാൻ അവസരമേകി സ്കൂളിന് ഭൂമി അനുവദിച്ച യു.എ.ഇ രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിൻ സുൽത്താൻ ആൽ നഹ്യാന്റെ വലിയ മനസ്സിനെ എക്കാലത്തും നന്ദിയോടെ പ്രവാസി സമൂഹം ഓർമിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
1975ൽ 59 കുട്ടികളുമായി പ്രവർത്തനം പ്രവർത്തനം ആരംഭിച്ച അബൂദബി ഇന്ത്യൻ സ്കൂൾ ഇന്ന് പ്രതിവർഷം 5000ത്തോളം കുട്ടികൾക്ക് വിദ്യാഭ്യാസം നൽകുന്നുണ്ട്. വിദ്യാർഥികൾ, രക്ഷിതാക്കൾ, പൂർവവിദ്യാർഥികൾ, സാമൂഹിക രംഗത്തെ പ്രമുഖർ ഉൾപ്പെടെയുള്ളവർ സ്കൂൾ കാമ്പസിൽ നടന്ന ചടങ്ങിൽ പങ്കെടുത്തു. ഇന്ത്യൻ എംബസി കൗൺസിലർ ഡോ. ബാലാജി രാമസ്വാമി, ഐ.ഐ.ടി ഡൽഹി-അബൂദബി എക്സിക്യൂട്ടിവ് ഡയറക്ടർ പ്രഫസർ ശാന്തനു റോയ്, സി.ബി.എസ്.ഇ ദുബൈ ഡയറക്ടർ ഡോ. രാം ശങ്കർ, ജഷൻമാൽ ഗ്രൂപ് സ്ഥാപക ചെയർമാൻ മോഹൻ ജഷൻമാൽ, ലുലു ഫിനാൻഷ്യൽ ഹോൾഡിങ്ങ്സ് എം.ഡി അദീബ് അഹമ്മദ്, ലുലു സി.ഇ.ഒ സെയ്ഫി രൂപാവാല, പൂർവ വിദ്യാർഥിയും ബോളിവുഡ് പിന്നണി ഗായകനുമായ ബെന്നി ദയാൽ, സ്കൂൾ വൈസ് ചെയർമാൻ ശരദ് ഭണ്ഡാരി, എജുക്കേഷൻ ഹെഡ് ഷബീർ എം.എം, പ്രിൻസിപ്പൽ ഋഷി പടേഗാവ്കർ തുടങ്ങിയവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.