കൂടുതൽ പുതുമകളുമായി സഫാരിപാർക്ക്; ഇന്നുമുതൽ പൊതുജനങ്ങൾക്ക് പ്രവേശനം

ദുബൈ: നഗരത്തിനു നടുവിലെ ഘോരവനമായ ദുബൈ സഫാരി പാർക്ക് ചൊവ്വാഴ്ച തുറക്കുമ്പോൾ കാത്തിരിക്കുന്നത് പുതിയ അനുഭവങ്ങൾ. കൂടുതൽ മൃഗങ്ങളെ എത്തിച്ചിട്ടുണ്ടെന്ന് സഫാരി അധികൃതർ പറഞ്ഞു. കഴിഞ്ഞ സീസണിൽ ഇല്ലാതിരുന്ന പുതിയ വിനോദപരിപാടികളും ഇക്കുറിയുണ്ട്. കഴിഞ്ഞ സീസണിൽ അഞ്ചു ലക്ഷത്തിലേറെ സന്ദർശകരാണ് പാർക്കിൽ എത്തിയത്. ഇതിനേക്കാൾ കൂടുതൽ സന്ദർശകർ ഇക്കുറിയെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. നവംബറിൽ പുതിയ മൃഗങ്ങൾ എത്തും.

അറേബ്യൻ ഒറിക്സ് ഉൾപ്പെടെയുള്ള മൃഗങ്ങളുടെ അടുത്തിടെ പിറന്ന കുഞ്ഞുങ്ങളെയും കാണാം. വംശനാശഭീഷണി നേരിടുന്ന ജീവികളുടെ വംശനാശം തടയുന്നതിനെക്കുറിച്ചുള്ള അവബോധം വളർത്തുന്നതിനായിരിക്കും ഈ സീസണിൽ മുൻഗണന നൽകുക. ഇതിന്‍റെ ഭാഗമായി വിവിധ ചർച്ചകൾ നടക്കുമെന്ന് പബ്ലിക് പാർക് ഡയറക്ടർ അഹ്മദ് അൽ സറൂനി പറഞ്ഞു. ഷാർജ സഫാരിക്ക് പിന്നാലെയാണ് ദുബൈ സഫാരി പാർക്കും തുറക്കുന്നത്. വേനൽക്കാലത്ത് മൃഗങ്ങളുടെ സുരക്ഷ മുൻനിർത്തിയും വാർഷിക അറ്റകുറ്റപ്പണികൾക്കുമായാണ് പാർക്ക് അടച്ചിടുന്നത്.

ടിക്കറ്റ് നിരക്ക്:

dubaisafari.ae എന്ന വെബ്സൈറ്റിലൂടെ ടിക്കറ്റുകൾ ബുക്ക് ചെയ്ത് പാർക്കിൽ പ്രവേശിക്കാം. മുതിർന്നവർക്ക് 50 ദിർഹം മുതലും കുട്ടികൾക്ക് 20 ദിർഹം മുതലുമാണ് പ്രവേശന നിരക്ക് തുടങ്ങുന്നത്. 50 ദിർഹമിന്‍റെ ഡേ പാസ് ഉപയോഗിച്ച് അറേബ്യൻ ഡസർട്ട് സഫാരി, കുട്ടികളുടെ ഫാം, തത്സമയ പരിപാടികൾ എന്നിവ ആസ്വദിക്കാം. ഇലക്ട്രിക്കൽ വാഹനത്തിൽ പത്ത് മിനിറ്റ് സഫാരിയും ലഭിക്കും. രാവിലെ ഒമ്പത് മുതൽ വൈകീട്ട് അഞ്ചുവരെയാണ് ഈ പാസ് മൂലമുള്ള പ്രവേശനം. മൂന്നു വയസ്സിൽ താഴെയുള്ളവർക്ക് പാസ് വേണ്ട. 75 ദിർഹമിന്‍റെ ഡേ പാസ് പ്ലസിൽ എത്രസമയം വേണമെങ്കിലും ട്രെയിൻ സർവിസ് ആസ്വദിക്കാം. ഡേ പാസിലെ എല്ലാ സ്ഥലങ്ങളും ഈ പാസ് ഉപയോഗിച്ച് സന്ദർശിക്കാം.

കുട്ടികൾക്ക് 45 ദിർഹമാണ് നിരക്ക്. 90 ദിർഹമിന്‍റെ സഫാരി ജേണി ടിക്കറ്റെടുക്കുന്നവർക്ക് ഗൈഡിന്‍റെ സഹായത്തോടെ 35 മിനിറ്റ് സഫാരി കൂടി അധികമായി ലഭിക്കും. 35 ദിർഹമാണ് കുട്ടികളുടെ നിരക്ക്. ഇതിനുപുറമെ വിവിധ സഫാരി യാത്രാ പാക്കേജുകളുമുണ്ട്. നൈറ്റ് പാസിന്‍റെ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. രാത്രി കാലാവസ്ഥയിൽ പാർക്കിന്‍റെ സൗന്ദര്യം ആസ്വദിക്കാവുന്നതാണ് നൈറ്റ് പാസ്. എന്നാൽ, മൃഗങ്ങളെ ഈ സമയം കാണാൻ കഴിയില്ല. കഴിഞ്ഞ സീസണിൽ വൈകീട്ട് ആറു മുതൽ രാത്രി പത്തു വരെയായിരുന്നു നൈറ്റ് പാസ് പ്രവേശനം. 

Tags:    
News Summary - Safari Park: jungle in the middle of the Dubai city

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.