ദുബൈ: യു.എ.ഇയിൽ ഇനി റൂപേ കാർഡുകൾ ഉപയോഗിക്കാം. ആഭ്യന്തരതലത്തിൽ കാർഡ് സൗകര്യത്തിന് ഇന്ത്യയും യു.എ.ഇയും കരാറിലെത്തി. റൂപേക്ക് തുല്യമായ കാർഡ് യു.എ.ഇ വികസിപ്പിക്കുന്നതോടെ അതിന് ഇന്ത്യയിലും അനുമതി ലഭിക്കും. നാഷനൽ പേമെന്റ് കോർപറേഷൻ ഓഫ് ഇന്ത്യയും യു.എ.ഇ അധികൃതരുമായാണ് റൂപേ കാർഡുകൾ സംബന്ധിച്ച കരാറിൽ ഒപ്പുവെച്ചത്.കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രി പിയൂഷ് ഗോയൽ, അബൂദബി നിക്ഷേപ അതോറിറ്റി എം.ഡി ശൈഖ് ഹാമിദ് ബിൻ സായിദ് ആൽ നഹ്യാൻ എന്നിവരുടെ സാന്നിധ്യത്തിലാണ് ധാരണാപത്രത്തിൽ ഒപ്പുവെച്ചത്.
ഇതോടെ റൂപേ കാർഡുകൾ യു.എ.ഇയിൽ ഉപയോഗിക്കാൻ അവസരം ഒരുങ്ങി. യു.എ.ഇ സ്വന്തം നിലക്ക് ക്രെഡിറ്റ് കാർഡ് സംവിധാനം നടപ്പാക്കാൻ ഒരുങ്ങുകയാണ്. ഇന്ത്യയുടെ റൂപേ കാർഡിന് യു.എ.ഇ നേരത്തേ അനുമതി നൽകിയിരുന്നു. എന്നാൽ, കരാർ ഇപ്പോൾ മാത്രമാണ് ഒപ്പുവെക്കുന്നത്. തിരഞ്ഞെടുത്ത സ്ഥാപനങ്ങളിൽനിന്ന് ഉൽപന്നങ്ങൾ വാങ്ങുമ്പോൾ മികച്ച നിരക്കിളവ് ഉൾപ്പെടെ നിരവധി വാഗ്ദാനങ്ങളാണ് നാഷനൽ പേമെന്റ് കോർപറേഷൻ ഓഫ് ഇന്ത്യ അധികൃതർ നൽകുന്നത്. നിക്ഷേപമേഖലയുമായി ബന്ധപ്പെട്ട ഇന്ത്യ-യു.എ.ഇ ഉന്നതതല ദൗത്യസംഘത്തിന്റെ യോഗവും അബൂദബിയിൽ നടന്നു. കേന്ദ്ര വാണിജ്യ, വ്യവസായ മന്ത്രി പിയൂഷ് ഗോയൽ, അബൂദബി നിക്ഷേപ അതോറിറ്റി എം.ഡി ശൈഖ് ഹാമിദ് ബിൻ സായിദ് ആൽ നഹ്യാൻ എന്നിവർ സംസാരിച്ചു.
2013ൽ തുടക്കം കുറിച്ച ടാസ്ക് ഫോഴ്സിന് ചുവടെ സാമ്പത്തിക, നിക്ഷേപ രംഗങ്ങളിൽ ഏറെ മുന്നോട്ടുപോകാൻ ഇരു രാജ്യങ്ങൾക്കും സാധിച്ചു.ഇന്ത്യയും യു.എ.ഇയും ഒപ്പുവെച്ച സമഗ്ര സാമ്പത്തിക കരാറിന്റെ നേട്ടങ്ങൾ യോഗം വിലയിരുത്തി. വ്യവസായം, നവീന സാങ്കേതികത എന്നീ മേഖലകളിൽ ഇരു രാജ്യങ്ങളും കരാറിൽ ഒപ്പുവെച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.