ദുബൈ: റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ)യുടെ ഡിജിറ്റൽ പ്ലാറ്റ്‌ഫോം വഴിയുള്ള വരുമാനം 26 ബില്യൺ ദിർഹം. ഇ-പേമെൻറ് പോർട്ടലും സ്മാർട്ട് കിയോസ്കുകളും വഴി കഴിഞ്ഞവർഷം ലഭിച്ച വരുമാനത്തിെൻറ കണക്ക് ശനിയാഴ്ചയാണ് പുറത്തുവിട്ടത്. ആകെ ഡിജിറ്റൽ ഇടപാടുകളുടെ എണ്ണം 527 ദശലക്ഷമാണ്. ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിൽ രജിസ്റ്റർ ചെയ്തവരുടെ എണ്ണം 21 ലക്ഷം കടന്നു.
കഴിഞ്ഞവർഷം 61 ലക്ഷം പേർ സ്മാർട്ട് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്തു.ആർ.ടി.എയുടെ ആകെ ഇടപാടുകളിൽ 91 ശതമാനം ഡിജിറ്റലായതായി ഡയറക്ടർ ജനറൽ മത്വാർ മുഹമ്മദ് അൽ തായർ പറഞ്ഞു. എപ്പോഴും ഓൺലൈൻ സേവനങ്ങൾ ലഭ്യമാകുന്ന ലോകത്തെ സ്മാർട്ടസ്റ്റ് ആയ നഗരമായി ദുബൈയെ മാറ്റാനുള്ള യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിെൻറ ഉത്തരവും കിരീടാവകാശിയും എക്സിക്യൂട്ടിവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ആൽ മക്തൂമിെൻറ നിർദേശവും അനുസരിച്ച് നടപ്പാക്കിയ പദ്ധതികളുടെ ഫലമായാണ് ഈ നേട്ടമെന്നും അദ്ദേഹം പറഞ്ഞു.
ഡിജിറ്റൽ ഉപഭോക്താക്കളുടെ സംതൃപ്തി സൂചിക 96.2 ശതമാനമാണ് രേഖപ്പെടുത്തിയത്. ഡിജിറ്റലൈസേഷൻ 2019നെ അപേക്ഷിച്ച് 2020ൽ കസ്റ്റമർ ഹാപ്പിനസ് കേന്ദ്രങ്ങളിൽ നടത്തിയ ഇടപാടുകളുടെ എണ്ണം 64.5 ശതമാനം കുറച്ചിട്ടുമുണ്ട്. പുതിയ സാങ്കേതികവിദ്യകൾ ഉപയോഗപ്പെടുത്തി ഉപഭോക്താക്കൾക്ക് മുഴുവൻ സേവനങ്ങളും ഓൺലൈൻ വഴിയാക്കിയ ആദ്യ സർക്കാർ വകുപ്പുകളിൽപെട്ടതാണ് ആർ.ടി.എ. കോവിഡ് കാലത്തും മികച്ച സേവനം ഉറപ്പുവരുത്താനായെന്ന് ഡിജിറ്റൽ വളർച്ച സൂചിപ്പിക്കുന്നതായും ഡയറക്ടർ ജനറൽ പറഞ്ഞു.
ആർ.ടി.എയുടെ 2020-2024 കാലത്തെ ഡിജിറ്റൽ നയത്തിെൻറ ഭാഗമായി 111 പദ്ധതികൾ നടപ്പാക്കുന്നുണ്ട്. അടുത്തവർഷം രണ്ടാം പാദത്തോടെ അഞ്ചാം തലമുറ സാങ്കേതികവിദ്യകൾ ഉപയോഗിച്ച് നവീകരണങ്ങൾ വരുത്തും. ആർ.ടി.എ നോൽ പേ ആപ് രൂപപ്പെടുത്തുകയും വാവെയുമായി സഹകരിച്ച് പ്രവർത്തിക്കുകയും ചെയ്യുന്നുണ്ട്. കാർ പാർക്കിങ് ഫീസ് അടക്കാൻ പുതിയ ആപ്പിൾ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തിയ ആദ്യ സർക്കാർ സ്ഥാപനമാണ് ആർ.ടി.എ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.