വേൾഡ് ഹെൽത്ത് എക്സ്പോയിൽ ആസ്റ്റർ ഡി.എം ഹെൽത്ത്കെയറിന്റെ പവലിയൻ ഉദ്ഘാടനം സ്ഥാപക ചെയർമാൻ ഡോ. ആസാദ് മൂപ്പൻ നിർവഹിക്കുന്നു. ആസ്റ്റർ ഡി.എം ഹെൽത്ത് കെയർ മാനേജിങ് ഡയറക്ടറും ഗ്രൂപ് സി.ഇ.ഒയുമായ അലീഷ മൂപ്പൻ ഉൾപ്പെടെയുള്ളവർ സമീപം
ദുബൈ: ദുബൈ സാമ്പത്തിക അജണ്ട (ഡി 33)യെ പിന്തുണച്ച് ലോകോത്തര ആരോഗ്യ സംരക്ഷണം യു.എ.ഇയിൽ പ്രാദേശികമായി ലഭ്യമാക്കാൻ ലക്ഷ്യമിട്ട് ആസ്റ്റർ ഡി.എം ഹെൽത്ത് കെയർ 100 കോടി ദിർഹമിന്റെ വിപുലീകരണ പദ്ധതികൾ പ്രഖ്യാപിച്ചു. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ പ്രതിവർഷം 75 ദശലക്ഷം ആളുകൾക്ക് സേവനം നൽകുന്ന നിലയിലാണ് പദ്ധതികൾ വിഭാവനം ചെയ്തിരിക്കുന്നത്.
യു.എ.ഇ കൂടാതെ ആശുപത്രികൾ, ക്ലിനിക്കുകൾ, ഫാർമസികൾ, ഡിജിറ്റൽ ഹെൽത്ത് എന്നിവയിലുടനീളം 250 ദശലക്ഷം യു.എസ് ഡോളറിന്റെ നിക്ഷേപത്തിലൂടെ സൗദി അറേബ്യയിലും വിപുലീകരണ പ്രവർത്തനങ്ങൾ ശക്തമാക്കുകയാണ്. ഓരോ സമൂഹത്തിനും ഗുണനിലവാരമുള്ള ആരോഗ്യ സംരക്ഷണം ലഭ്യമാക്കുക എന്ന ലക്ഷ്യമാണ് കഴിഞ്ഞ നാല് പതിറ്റാണ്ടുകളായി ആസ്റ്ററിനെ നയിക്കുന്നതെന്ന് വിപുലീകരണ പ്രവർത്തനങ്ങളെക്കുറിച്ച് സംസാരിച്ച ആസ്റ്റർ ഡി.എം ഹെൽത്ത് കെയർ സ്ഥാപക ചെയർമാൻ ഡോ. ആസാദ് മൂപ്പൻ പറഞ്ഞു. 100 കോടി ദിർഹമിന്റെ പദ്ധതിയിലൂടെ ലോകോത്തര പരിചരണ മാർഗങ്ങൾ പ്രാദേശികമായി നൽകുക എന്നതാണ് ലക്ഷ്യമിടുന്നതെന്ന് ആസ്റ്റർ ഡി.എം ഹെൽത്ത് കെയർ മാനേജിങ് ഡയറക്ടറും ഗ്രൂപ് സി.ഇ.ഒയുമായ അലീഷ മൂപ്പൻ പറഞ്ഞു.
പുതിയ ആശുപത്രികൾ, മൂന്ന് പുതിയ റോബോട്ടിക് സർജറി പ്ലാറ്റ്ഫോമുകൾ, 18 സൂപ്പർ സ്പെഷലൈസ്ഡ് റോബോട്ടുകളെ കൊണ്ടുവരുന്ന നൂതന റോബോട്ടിക് റിഹാബിലിറ്റേഷൻ കേന്ദ്രം, ഷാർജയിലെ ആദ്യത്തെ സ്വകാര്യ മൾട്ടി-ഓർഗൻ ട്രാൻസ്പ്ലാന്റ് സെന്റർ എന്നിവ ഇതിൽ ഉൾപ്പെടും. ഇത് കൂടാതെ യു.എ.ഇയിൽ രണ്ട് പുതിയ ആശുപത്രികൾക്കൊപ്പം, ആസ്റ്റർ അൽ ഖിസൈസ് ഹോസ്പിറ്റലിന്റെ വിപുലീകരണവും പദ്ധതിയിലൂടെ പൂർത്തിയാക്കും.
മെഡ്കെയറിന്റെ മൾട്ടി-ഓർഗൻ ട്രാൻസ്പ്ലാന്റ് സെന്റർ ഷാർജയിൽ നിർമിക്കാനും അനുമതി ലഭിച്ചതായി അലീഷ മൂപ്പൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.