ഇത്തിഹാദ് റോഡില്‍ ഇന്ന് ഗതാഗത നിയന്ത്രണം നടപ്പാലം യാഥാർഥ്യമാക്കുന്നതിന്​ മുന്നോടി 

ഷാര്‍ജ: ഷാര്‍ജ- ദുബൈ പ്രധാന ഹൈവേയായ അല്‍ ഇത്തിഹാദ് റോഡില്‍ വെള്ളിയാഴ്ച ഗതാഗത നിയന്ത്രണം. അന്‍സാര്‍ മാളിന് സമീപം നടപ്പാലം സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ടാണിത്. പുലര്‍ച്ചെ മൂന്ന് മുതല്‍ രാവിലെ ഒന്‍പത് വരെയാണ്​ നിയന്ത്രണം. ഈ വെള്ളിയാഴ്ചക്ക് പുറമെ, നവംബര്‍ മൂന്ന്, 10 ദിവസങ്ങളിലും ഇതേ സമയത്ത് ഗതാഗത നിയന്ത്രണം തുടരുമെന്ന് ഗതാഗത വിഭാഗം അറിയിച്ചു. 

ഷാര്‍ജയില്‍ നിന്ന് അല്‍ ഇത്തിഹാദ് റോഡിലൂടെ വരുന്നവര്‍ അഡ്നോക്ക് പെട്രോള്‍ സ്​റ്റേഷനു ശേഷം കിട്ടുന്ന വലത് വശത്തേക്ക് തിരിഞ്ഞ് അല്‍ താവൂന്‍ റോഡിലെ എക്സ്പോസ​െൻറര്‍ റൗണ്ട്​എബൗട്ടില്‍ നിന്ന് ഇടത്തോട്ട് തിരിഞ്ഞാല്‍ ദുബൈ ദിശയിലേക്ക് പോകാം. അല്‍ നഹ്ദ റോഡിലൂടെ വന്ന് അല്‍ ഇത്തിഹാദ് റോഡിലേക്ക് കയറാന്‍ ഉപയോഗിക്കുന്ന ഷാര്‍ജ അതിര്‍ത്തിയിലെ വലത് വശത്തേക്ക് പോകുന്ന റോഡും ഈ ദിവസങ്ങളില്‍ അടച്ചിടും. ഇതിന് മുമ്പ് കിട്ടുന്ന വലത് വശത്തേക്ക് പോകുന്ന റോഡുകളിലൂടെ പോയാല്‍ ലക്ഷ്യത്തി​ലെത്താം. ദുബൈ ദിശയില്‍ നിന്ന് ഷാര്‍ജയിലേക്ക് അല്‍ ഇത്തിഹാദ് റോഡിലൂടെ വരുന്നവര്‍ ഷാര്‍ജ, ദുബൈ അതിര്‍ത്തിയിലെ ഷാര്‍ജ പാലത്തിലേക്ക് കയറി അല്‍ താവൂന്‍ റോഡിലൂടെ പോയാല്‍ മതി.

അല്‍ നഹ്ദ റോഡിലൂടെയും പോകാവുന്നതാണ്.  ഏറെ കാലമായി ഷാര്‍ജയിലെ അല്‍ നഹ്ദ, അല്‍ താവൂന്‍  പ്രദേശത്തുകാര്‍ സ്വപ്നം കണ്ടിരുന്ന നടപ്പാലമാണ് യഥാര്‍ഥ്യമാകുന്നത്. തിരക്ക് പിടിച്ച അല്‍ ഇത്തിഹാദ് റോഡ് മുറിച്ച് കടക്കുന്നതിനിടയില്‍ അപകടത്തില്‍പ്പെട്ട് മലയാളികള്‍ ഉള്‍പ്പെട നിരവധി പേര്‍  മരിച്ചിരുന്നു. നിരവധി പേര്‍ക്ക്​  കൈകാലുകൾ നഷ്​ടപ്പെട്ടു. ഒരു കാരണവശാലും ഈ റോഡ് മുറിച്ച് കടക്കരുതെന്ന് പൊലീസ് നിര്‍ദേശമുണ്ടെങ്കിലും എളുപ്പവഴി മോഹിച്ചാണ് അപകട വഴിയിലേക്ക് ഏറെ പേര്‍ നടന്നത്. നിയമ ലംഘിച്ചുള്ള മുറിച്ച് കടക്കലും അപകടങ്ങളും തുടര്‍ കഥയായതോടെയാണ് ഇവിടെ നടപ്പാലം നിര്‍മിക്കാന്‍ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് ആല്‍ ഖാസിമി ഉത്തരവിട്ടത്. കിങ് ഫൈസല്‍, കിങ് അബ്ദുല്‍ അസീസ് റോഡുകളിലും നടപ്പാലങ്ങളുടെ നിര്‍മാണം പുരോഗമിക്കുകയാണ്. ഇത് കഴിയുന്ന മുറക്ക് അല്‍ താവൂന്‍ റോഡിലും നടപ്പാലം ഒരുങ്ങും. 

ഷാര്‍ജയിലെ ഏറ്റവും തിരക്ക് പിടിച്ച രണ്ട് പ്രദേശങ്ങള്‍ തമ്മിലുള്ള അകലമാണ് നടപ്പാലം വരുന്നതോടെ അടുത്ത് വരുന്നത്. പ്രധാന കച്ചവട സ്ഥാപനങ്ങള്‍ സ്ഥിതി ചെയ്യുന്ന പ്രദേശമാണ് അല്‍ നഹ്ദയെങ്കില്‍ എക്സ്പോസ​െൻറര്‍, ചേംബര്‍ ഓഫ് കൊമേഴ്സ്, ജല-വൈദ്യുത വിഭാഗം, മംസാര്‍ തടാകം എന്നിവ സ്ഥിതി ചെയ്യുന്ന പ്രദേശമാണ് അല്‍ താവൂന്‍. ദുബൈയിലെ മംസാര്‍ ബീച്ചിലേക്കുള്ള യാത്രയും പാലം വരുന്നതോടെ എളുപ്പമാകും. അല്‍ താവൂന്‍ മേഖലയിലേക്ക് ബസ് സര്‍വ്വീസ് കുറവാണ്. ദുബൈ സ്റ്റേഡിയം മെട്രോ സ്റ്റേഷനില്‍ നിന്ന് വരുന്ന ഏക ബസാണ് ഇവിടേക്കുള്ളത്. എന്നാല്‍ അല്‍ നഹ്ദയില്‍ നിന്ന് ദുബൈയിലേക്കും ഷാര്‍ജയിലേക്കും നിരവധി ബസുകള്‍ സേവനം നടത്തുന്നുണ്ട്. ഇതിന് പുറമെ ദുബൈ അല്‍ നഹ്ദയില്‍ നിന്നുള്ള ബസുകളുടെ സേവനവും അല്‍ താവൂന്‍ പ്രദേശത്തുകാര്‍ക്ക് ലഭിക്കും. ഷാര്‍ജ, ദുബൈ അതിര്‍ത്തി കടക്കാന്‍ 20 ദിര്‍ഹമാണ് ടാക്സികള്‍ക്ക് ചുങ്കമായി നല്‍കേണ്ടത്. ഇതിന് പുറമെ സാലികും യാത്രക്കാര്‍ നല്‍കണം.
 വേറെ വഴിയില്ലാത്ത് കാരണവും ഇത്തിഹാദ് റോഡിലെ അപകടങ്ങള്‍ ഓര്‍ത്തും യാത്രക്കാര്‍ ടാക്സികളെയാണ് ആശ്രയിക്കാറുള്ളത്. യാത്ര നിരക്കിന് പുറമെ 24 ദിര്‍ഹമാണ് അധികമായി വരാറുള്ളത്. നടപ്പാലം വരുന്നതോടെ യാത്രയിനത്തില്‍ വരുന്ന വലിയൊരു തുക ലാഭിക്കാനാകും.

Tags:    
News Summary - road traffic-uae-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.