ദുബൈ: യു.എ.ഇയിലെ ഉപഭോക്താക്കൾക്ക് ഏറ്റവും മതിപ്പ് കുറഞ്ഞവരുടെ പട്ടികയിൽ റിക്രൂട്ടിങ് ഏജൻസികളും ഇൻഫ്ലുവൻസർമാരും മുന്നിൽ. ഉപഭോക്താക്കൾക്ക് ലഭിക്കുന്ന സേവനത്തിന്റെ അടിസ്ഥാനത്തിൽ ‘ഇൻസൈറ്റ് ഡിസ്കവറി’ പുറത്തുവിട്ട വാർഷിക റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്. ഏറ്റവും മോശം സേവനം ലഭിക്കുന്നതെന്ന് യു.എ.ഇ താമസക്കാരിൽ 52 ശതമാനം പേരും അഭിപ്രായപ്പെട്ടത് റിക്രൂട്ടിങ് ഏജൻസികളെയാണ്. ഇവർക്കു പിറകെയാണ് കാൾ സെന്റർ ഓപറേറ്റർമാരും ക്രെഡിറ്റ് കാർഡ് വിതരണക്കാരും ഇൻഫ്ലുവൻസർമാരും ഇടംപിടിച്ചിട്ടുള്ളത്. തുടർച്ചയായ മൂന്നാം തവണയാണ് റിക്രൂട്ടർമാർ പട്ടികയിൽ ആദ്യ സ്ഥാനത്തെത്തുന്നത്.
കൂടുതൽ കൂടുതൽ കമ്പനികൾ യു.എ.ഇയിലേക്ക് വരുകയും വിപുലീകരിക്കുകയും ചെയ്യുന്നതിനനുസരിച്ച് പ്രതിഭകളുടെ ആവശ്യം ഗണ്യമായി വർധിക്കുന്ന സാഹചര്യത്തിൽ, രാജ്യത്ത് ഏറ്റവും താഴ്ന്ന പ്രഫഷനൽ വിശ്വാസ്യതയുള്ളത് റിക്രൂട്ടർമാർക്കാണെന്നത് നിരാശജനകമാണെന്ന് ‘ഇൻസൈറ്റ് ഡിസ്കവറി’ സി.ഇ.ഒ നിഗൽ സില്ലിടോയ് പറഞ്ഞു. മാനേജർമാരെയും തൊഴിലാളികളെയും നിയമിക്കുന്ന കമ്പനികൾക്ക് കാര്യക്ഷമതയുള്ളതും വിശ്വാസയോഗ്യരുമായ റിക്രൂട്ടർമാരെ ആവശ്യമുണ്ട്. അതിനാൽ നല്ല റിക്രൂട്ടർമാർക്ക് രംഗത്തുവരാനും തിളങ്ങാനും ഇത് നല്ല അവസരമാണ്. തൊഴിലന്വേഷകർക്ക് വ്യക്തമായ മാർഗനിർദേശം നൽകാനും ഇതിലൂടെ സാധിക്കും -അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, റിയൽ എസ്റ്റേറ്റ് ഏജന്റുമാർ കഴിഞ്ഞ തവണത്തേക്കാൾ നില അൽപം മെച്ചപ്പെടുത്തിയിട്ടുണ്ട്. ഇൻഫ്ലുവൻസർമാരിൽ നാലിലൊന്ന് ഉപഭോക്താക്കളും അസംതൃപ്തരാണെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. വിവിധ ഉൽപന്നങ്ങൾ പ്രമോട്ട് ചെയ്യാനായി ഇൻഫ്ലുവൻസർമാർക്ക് പണം നൽകുന്നവർക്ക് സുതാര്യതയില്ലാത്ത അവസ്ഥയാണ് അനുഭവപ്പെടുന്നതെന്നും ഇതാണ് അവിശ്വാസത്തിലേക്ക് നയിക്കുന്നതെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. അപകടസാധ്യതയുള്ളതോ തീർത്തും നിയമവിരുദ്ധമോ ആയ സാമ്പത്തിക ഉൽപന്നങ്ങളുടെ പോസ്റ്റുകൾ ഇത്തരക്കാർ പങ്കുവെക്കുന്നുണ്ടെന്നും സി.ഇ.ഒ പറഞ്ഞു.
25-44 വയസ്സുള്ളവരാണ് റിക്രൂട്ടർമാരിൽ ഏറ്റവും അതൃപ്തിയുള്ളതെന്ന് പഠനം കാണിക്കുന്നു. അതേസമയം, 18-24 വയസ്സുള്ളവരും 45 വയസ്സിനു മുകളിലുള്ളവരും ടെലിമാർക്കറ്റർമാർ, കാൾ സെന്റർ ഓപറേറ്റർമാരിൽ അതൃപ്തിയുള്ളവരാണ്. ഏറ്റവും അസംതൃപ്തരായ ഉപഭോക്താക്കൾ പാശ്ചാത്യ രാജ്യക്കാരായ പ്രവാസികളാണെന്നും റിപ്പോർട്ടിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.