ആർ.ടി.എ നമ്പർ പ്ലേറ്റ് ലേലം
ദുബൈ: ഫാൻസി നമ്പർ ലേലത്തിൽ സർവകാല റെക്കോഡ് പിന്നിട്ട നേട്ടം കൈവരിച്ച് ദുബൈ റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ).
ശനിയാഴ്ച ഗ്രാൻഡ് ഹയാത്ത് ദുബൈയിൽ നടന്ന 118ാമത് ലേലത്തിലാണ് മുൻകാല റെക്കോഡുകളെ തകർത്ത് മുന്നേറ്റമുണ്ടാക്കിയത്. ആകെ 9.88 കോടി ദിർഹമാണ് ലേലത്തിലൂടെ നേടിയത്. ഇത് ആർ.ടി.എയുടെ നമ്പർ പ്ലേറ്റ് ലേലങ്ങളുടെ ചരിത്രത്തിലെ ഏറ്റവും കൂടിയ തുകയാണ്.
സി.സി 22 എന്ന നമ്പർ പ്ലേറ്റിനാണ് ഏറ്റവും കൂടുതൽ തുക ലഭിച്ചത്. 83.5 ലക്ഷം ദിർഹമാണ് ഈ നമ്പർ പ്ലേറ്റിന് ലഭിച്ചത്. ബി.ബി 20 എന്ന നമ്പറിന് 75.2 ലക്ഷം, ബി.ബി 19 എന്നതിന് 66.8 ലക്ഷം, എ.എ707 എന്നതിന് 33.1 ലക്ഷം, എ.എ222 എന്നതിന് 33 ലക്ഷം എന്നിവയാണ് പ്രധാനമായും വലിയ തുക നേടിയത്. എ.എ, ബി.ബി, സി.സി, ഐ, ജെ, ഒ, പി, ടി, യു, വി, ഡബ്ല്യു, എക്സ്, വൈ, ഇസെഡ് എന്നിവയുൾപ്പെടെ 14 വ്യത്യസ്ത കോഡുകളിൽ രണ്ട് മുതൽ അഞ്ച് അക്ക കോമ്പിനേഷനുകളിലായി 90 പ്രീമിയം നമ്പർ പ്ലേറ്റുകളാണ് ലേലത്തിൽ ഉണ്ടായിരുന്നത്. നമ്പർ പ്ലേറ്റുകളുടെ ആകെ നാമമാത്ര മൂല്യം 1.65 കോടി ദിർഹമായിരുന്നു. എന്നാൽ, ലേലത്തിലൂടെ ഏകദേശം ആറിരട്ടി തുകയാണ് ആർ.ടി.എ നേടിയിരിക്കുന്നത്.
ആർ.ടി.എയുടെ വെബ്സൈറ്റ്, മൊബൈൽ ആപ് എന്നിവ വഴിയോ ഉമ്മു റമൂൽ, ദേര, അൽ ബർഷ എന്നിവിടങ്ങളിലെ കസ്റ്റമർ ഹാപ്പിനെസ് സെന്ററുകളിൽ നേരിട്ടോ രജിസ്റ്റർ ചെയ്തവരാണ് ലേലത്തിൽ പങ്കെടുത്തത്. പങ്കെടുക്കുന്നവർ 25,000 ദിർഹം സുരക്ഷ ചെക്കും 120 ദിർഹത്തിന്റെ റീഫണ്ട് ചെയ്യാത്ത രജിസ്ട്രേഷൻ ഫീസും സമർപ്പിക്കുകയും വേണമെന്ന നിർദേശമുണ്ടായിരുന്നു. എല്ലാ വിൽപനകൾക്കും അഞ്ച് ശതമാനം വാറ്റ് ബാധകമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.