റാസൽഖൈമ (ഫയൽ ചിത്രം)
റാസല്‍ഖൈമ: ഇന്റര്‍നാഷനല്‍ റിയല്‍ എസ്റ്റേറ്റ് ഇന്‍വെസ്റ്റ്മെന്റ് സമ്മിറ്റിന് (ഐ.ആര്.ഇ.ഐ.എസ്) റാസല്‍ഖൈമ വേദിയാകുന്നു. ഒക്ടോബര്‍ 30, 31 തീയതികളില്‍ അല്‍ഹംറ ഇന്റര്‍നാഷനല്‍ എക്സ്ബിഷന് ആൻഡ് കോണ്‍ഫറന്‍സ് സെന്ററില്‍ പ്രഥമ അന്താരാഷ്ട്ര റിയല്‍ എസ്റ്റേറ്റ് നിക്ഷേപ ഉച്ചകോടി നടക്കും. നിക്ഷേപകര്‍, ഡെവലപ്പര്‍മാര്‍, വ്യവസായ വിദഗ്ധര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ആഗോള റിയല്‍ എസ്റ്റേറ്റ് നിക്ഷേപ രംഗത്ത് റാസല്‍ഖൈമ കേന്ദ്രബിന്ദുവായി മാറുകയാണ്. വളര്‍ച്ചയുടെയും അവസരങ്ങളുടെയും പുതിയ ആഗോള യുഗത്തിന് തിരികൊളുത്തും വിധം രൂപകല്പന ചെയ്ത ഉച്ചകോടി റിയല്‍ എസ്റ്റേറ്റ് അവസരങ്ങള്‍ തുറന്നിടുന്ന ശ്രദ്ധേയമായ പ്ലാറ്റ്ഫോമായി മാറും.
ആഗോള റിയല്‍ എസ്റ്റേറ്റ് നിക്ഷേപ വിറ്റുവരവ് നടപ്പുവര്‍ഷം 27 ശതമാനം വര്‍ധിച്ച് 952 ശതകോടി യു.എസ് ഡോളറിലെത്തുമെന്നാണ് പ്രമുഖ ആഗോള പ്രോപ്പര്‍ട്ടി ഉപദേഷ്ടാവായ സാവില്‍സിന്റെ വിലയിരുത്തല്‍. ഇത് 2026ഓടെ ലക്ഷം കോടി യു.എസ് ഡോളറിലെത്തും. ഈ മേഖലയിൽ യു.എ.ഇ പ്രധാന ഗുണഭോക്താവാണ്. 2024ല്‍ 45.6 ശതകോടി യു.എസ് ഡോളര്‍ നേരിട്ടുള്ള വിദേശ നിക്ഷേപമാണ് യു.എ.ഇയിലെത്തിയത്.
ഈ വര്‍ഷാദ്യ പകുതിയില്‍ യു.എ.ഇയില്‍ 326 ശതകോടി ദിര്‍ഹത്തിന്റെ ഇടപാട് നടന്നു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 39 ശതമാനത്തിന്റെ വര്‍ധന. പുതിയ നിക്ഷേപകരില്‍ 22 ശതമാനം വര്‍ധന രേഖപ്പെടുത്തി. റെസിഡന്‍ഷ്യല്‍, പ്രൈം സെഗ്മന്റ് വില്പനയില് വര്‍ധന തുടരുന്നു. 2014-2024 കാലയളവില്‍ യു.എ.ഇയിലെ അന്താരാഷ്ട്ര പ്രോപ്പര്‍ട്ടി ഇടപാടുകളില്‍ 106 ശതമാനം വര്‍ധന രേഖപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.