അബൂദബി: റമദാന് ടെന്റുകള്‍ സ്ഥാപിക്കുന്നതില്‍ മാര്‍ഗനിര്‍ദേശവുമായി അബൂദബി നഗരഗതാഗത വകുപ്പ്. മാനദണ്ഡങ്ങള്‍ പാലിച്ചാല്‍ മാത്രമേ റമദാന് ടെന്റുകള്‍ സ്ഥാപിക്കാനുള്ള അനുമതി സ്ഥാപനങ്ങള്‍ക്കും താമസക്കാര്‍ക്കും നല്‍കൂ. ടെന്റ് സ്ഥാപിക്കുന്നതിനുള്ള അപേക്ഷ ഡിജിറ്റല്‍ ഐ.ഡി ഉപയോഗിച്ച് ലോഗിന്‍ ചെയ്ത് ഓണ്‍ലൈനായി സമര്‍പ്പിക്കാം. അപേക്ഷ ഫീസോ മറ്റ് രേഖകളോ ഇതിനായി സമര്‍പ്പിക്കേണ്ടതില്ല. അപേക്ഷ പരിശോധിക്കുന്ന അധികൃതര്‍ അനുമതി നല്കിയാല് ടെന്റ് സ്ഥാപിക്കാവുന്നതാണ്.
ടെന്റിന് 60 ചതുരശ്ര മീറ്ററില്‍ കൂടുതല്‍ വലിപ്പമുണ്ടാവരുത്, അഞ്ച് മീറ്ററില്‍ കൂടുതല്‍ ഉയരം പാടില്ല, വസ്തു ഉടമയുടെ വീടിന്റെ മുന്നിലായിരിക്കണം ടെന്റ് സ്ഥാപിക്കേണ്ടത്, റോഡുകളോ നടപ്പാതകളോ തടസ്സപ്പെടുത്തരുത് തുടങ്ങിയവയാണ് അധികൃതര്‍ നിഷ്കര്‍ഷിച്ചിരിക്കുന്ന മാനദണ്ഡങ്ങള്‍. സാധാരണയായി ടെന്റ് സ്ഥാപിക്കുന്നതിന് ഉപയോഗിക്കുന്ന കമ്പിളി, ബദൂയിന്‍ തുണികള്‍, ടാര്‍പോളിനുകള്‍ തുടങ്ങിയവയാണ് റമദാന് ടെന്റുകള്‍ക്കും അനുവദിച്ചിരിക്കുന്നത്. ടെന്റുകളിൽ വില്ക്കല്, വാങ്ങല്‍, വാടകക്ക് കൊടുക്കല്‍, ടെന്റിനുപുറത്തുള്ള പ്രമോഷണല്‍ പരിപാടികള്‍ എന്നിവ വിലക്കിയിട്ടുണ്ട്. ടെന്റുകള്‍ സ്ഥാപിക്കുമ്പോഴോ നീക്കം ചെയ്യുമ്പോഴോ സ്വകാര്യ, പൊതു വസ്തുവകകള്‍ക്ക് നാശനഷ്ടമുണ്ടായാല്‍ ഇതിന്റെ ഉത്തരവാദിത്തം പെര്‍മിറ്റ് ഉടമക്കാവും. അനധികൃതമായി ടെന്റുകള്‍ സ്ഥാപിക്കുന്നവര്‍ക്കെതിരേ നിയമനടപടി സ്വീകരിക്കും. പെര്‍മിറ്റ് വ്യവസ്ഥകള്‍ ലംഘിക്കുകയോ പരാതികള്‍ ലഭിക്കുകയോ മറ്റ് അടിയന്തര സാഹചര്യങ്ങളുണ്ടാവുകയോ ചെയ്താല്‍ ടെന്റുകള്‍ നീക്കാന്‍ അധികൃതർ ആവശ്യപ്പെടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.