റമദാൻ സ്പോർട്സിന്റെ ഭാഗമായ പാഡൽ ചാമ്പ്യൻഷിപ്പ് ദുബൈ നാദൽഷെബ സ്പോർട്സ് കോംപ്ലക്സിൽ
തുടങ്ങിയപ്പോൾ
ദുബൈ: പാഡൽ ചാമ്പ്യൻഷിപ്പോടെ റമദാൻ സപോർട്സ് ഇവന്‍റായ നാദൽ ഷെബ സ്പോർട്സ് ടൂർണമെന്റിന് തുടക്കമായി. എല്ലാവർഷവും റമദാനിലുട നീളം നടക്കുന്ന ടൂർണമെന്‍റ് നാദൽ ഷെബ സ്പോർട്സ് കോംപ്ലക്സിലാണ് അരങ്ങേറുന്നത്. സമ്മാനത്തുകയുടെ കാര്യത്തിൽ യു.എ.ഇയിലെ മുമ്പൻ ടൂർണമെന്‍റുകളിൽ ഒന്നാണ് നാസ് സ്പോർട്സ്. ആവേശകരമായ പാഡൽ മത്സരത്തോടെയാണ് പത്താം സീസണ് തുടക്കമിട്ടത്. രാജ്യാന്തര താരങ്ങളുൾപെടെ 500ഓളം താരങ്ങളാണ് പാഡൽ ചാമ്പ്യഷിപ്പിൽ കൊമ്പുകോർക്കുന്നത്.
ആദ്യ മത്സരങ്ങളിൽ റോബർട്ടോ റേഡ്രിഗസ്-മാർട്ടിൻ നോഷെസ് സഖ്യവും ജെനാഥൻ ഗ്രീൻ-കോളിൻ മാർഷൽ സഖ്യവും ഇസ്സാ അൽ മർസൂഖി-അഹ്മദ് മുസ്തഫ ജോഡിയും വജയം നേടി. താരങ്ങളുടെ എണ്ണത്തിൽ ആദ്യ എഡിഷനെ അപേക്ഷിച്ച് 10 മടങ്ങ് വർധനവുണ്ടായതായി യു.എ.ഇ പാഡൽ അസോസിയേഷൻ സെക്രട്ടറി ജനറൽ സഈദ് മുഹമ്മദ് അൽ മർറി പറഞ്ഞു. യു.എ.ഇ ദേശീയ ടീമും അന്താരാഷ്ട്ര പാഡൽ മത്സരങ്ങളിൽ മികച്ച പ്രകടനം നടത്തുന്നുണ്ടെന്നും അദ്ദേഹം കൂട്ടിചേർത്തു. കഴിഞ്ഞ വർഷം ജി.സി.സി തലത്തിൽ നടത്തിയ നാസ് സ്പോർട്സ് ടൂർണമെന്‍റിൽ യു.എ.ഇ ആയിരുന്നു ചാമ്പ്യൻമാർ.
റമദാൻ രാവുകളെ സജീവമാക്കി എട്ട് കായിക മത്സരങ്ങളാണ് ഇവിടെ സംഘടിപ്പിക്കുന്നത്. പാഡലിന് പുറമെ വോളിബാൾ, അമ്പെയ്ത്ത്, ഫെൻസിങ്, ഓട്ടം, സൈക്ലിങ്, വീൽചെയർ ബാസ്ക്കറ്റ്ബാൾ, ജിയു ജിത്സു എന്നിവ അരങ്ങേറും. പ്രവാസികൾക്കും സ്വദേശികൾക്കും പങ്കെടുക്കാം. വ്യക്തിഗതമായും സംഘങ്ങളായും മത്സരിക്കാം. നാല്, അഞ്ച്, 10 കിലോമീറ്റർ വിഭാഗങ്ങളിലായാണ് ഓട്ട മത്സരം നടക്കുക. ഇതിൽ പങ്കെടുക്കാൻ ഏപ്രിൽ മൂന്ന് വരെ രജിസ്റ്റർ ചെയ്യാം. കുട്ടികൾക്കും പ്രായമായവർക്കും പുരുഷൻമാർക്കും വനിതകൾക്കും വിവിധ വിഭാഗങ്ങളിലായി മത്സരങ്ങളുണ്ടാവും. രജിസ്റ്റർ ചെയ്യാൻ nasrunning@dubaisc.ae, 0565336886 എന്ന ഇമെയിലിലോ ഫോൺ നമ്പറിലോ ബന്ധപ്പെടണം. മറ്റ് പല മത്സരങ്ങളുടെയും രജിസ്ട്രേഷൻ കഴിഞ്ഞ ദിവസം അവസാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.