പി. ശ്രീരാമകൃഷ്ണന്‍
ദുബൈ: രാജ്യത്തിനു പുറത്ത് ജോലിചെയ്യുന്ന തൊഴിലാളികള്‍ക്ക് മണി എക്‌സ്‌ചേഞ്ചുകള്‍ വഴി പ്രവാസി ചിട്ടിയില്‍ പണമടയ്ക്കാന്‍ തടസ്സം റിസർവ് ബാങ്കിന്‍റെ നിയമങ്ങളാണെന്ന് നോര്‍ക്ക റൂട്ട്‌സ് റെസിഡന്‍റ് വൈസ് ചെയര്‍മാന്‍ പി. ശ്രീരാമകൃഷ്ണന്‍ പറഞ്ഞു.
ഇത് പരിഹരിക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. പ്രവാസി ചിട്ടി നിലച്ച അവസ്ഥയിലാണെന്നും പണം അടച്ചവർക്ക് തുക തിരികെ നൽകുമെന്നും അദ്ദേഹം കഴിഞ്ഞദിവസം പറഞ്ഞിരുന്നു. ഇത് വിവാദമായതോടെയാണ് വിശദീകരണം.
ഓണ്‍ലൈനായി നടന്നുവരുന്ന പ്രവാസി ചിട്ടി സുരക്ഷിതമായി മുന്നോട്ടുപോകും. ഒന്നാം പിണറായി സര്‍ക്കാര്‍ പ്രവാസികള്‍ക്കായി നടപ്പാക്കിയ പദ്ധതികളില്‍ ശ്രദ്ധേയവും സുരക്ഷിതവുമായ പദ്ധതിയാണ് പ്രവാസി ചിട്ടി. ആരംഭിച്ച് രണ്ടുവര്‍ഷം കൊണ്ടുതന്നെ പ്രവാസികളില്‍ വന്‍ സ്വീകാര്യത പദ്ധതിക്ക് ലഭിച്ചു. നിലവില്‍ 1507 ചിട്ടികളിലായി 55165 വരിക്കാരുണ്ട്. പ്രവാസ ജീവിതം നയിച്ചു കൊണ്ടുതന്നെ ഓണ്‍ലൈനായി പണം അടക്കാനും ലേലത്തില്‍ പങ്കെടുക്കാനും ചിട്ടി തുക കൈപ്പറ്റാനും ഈ പദ്ധതി അവസരമൊരുക്കുന്നുണ്ട്.
അര നൂറ്റാണ്ടിലേറെയായി ചിട്ടി വ്യവസായ രംഗത്തുള്ള കെ.എസ്.എഫ്.ഇയുടെ പരിചയസമ്പന്നതയും വിശ്വാസ്യതയും നല്‍കുന്ന സുരക്ഷിതത്വമാണ് പ്രവാസികളെ ആകര്‍ഷിച്ച പ്രധാന ഘടകം. നിലവില്‍ 45 ലക്ഷം ഇടപാടുകാരും 60,000 കോടി ടേൺഓവറും ചിട്ടി വ്യവസായ രംഗത്തുള്ള കെ.എസ്.എഫ്.ഇ പ്രവാസികള്‍ക്കിടയില്‍ വലിയ സ്വീകാര്യത നേടിയത് തികച്ചും സ്വാഭാവികമാണ്. കഴിഞ്ഞദിവസം യു.എ.ഇയിലെ മാധ്യമങ്ങളുമായി സംവദിക്കുന്നതിനിടെ പ്രവാസി ചിട്ടിയെ കുറിച്ച ചോദ്യത്തിന് താന്‍ നല്‍കിയ മറുപടി തെറ്റായി വ്യാഖ്യാനിക്കപ്പെട്ടതാണ്.
രാജ്യത്തിന് പുറത്തുള്ള പാവപ്പെട്ട തൊഴിലാളികള്‍ക്ക് ചിട്ടിയില്‍ പണമടക്കാന്‍ മണി എക്‌സ്‌ചേഞ്ചുകള്‍ വഴി സൗകര്യമൊരുക്കാന്‍ തടസ്സമായി നില്‍ക്കുന്നത് ആര്‍.ബി.ഐ നിയമങ്ങളാണ്. അത് പരിഹരിക്കാന്‍ ശ്രമങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നുവെന്നതാണ് പരാമര്‍ശിക്കപ്പെട്ട വിഷയമെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.