ദുബൈ: പൊലീസ് ചമഞ്ഞ് പണം തട്ടിയ കേസിൽ ക്രിമിനൽ കോടതി കുറ്റക്കാരെന്ന് വിധിച്ച അഞ്ചു പ്രതികൾ ചേർന്ന് പരാതിക്കാരന് ആറ് ലക്ഷം ദിർഹം നൽകണമെന്ന് ദുബൈ സിവിൽ സിവിൽ കോടതി ഉത്തരവിട്ടു.
പരാതിക്കാരൻ അനുഭവിച്ച മാനസിക, ശാരീരിക പ്രയാസങ്ങൾ കണക്കിലെടുത്ത് പ്രതികൾ 50,000 ദിർഹം നഷ്ടപരിഹാരവും നൽകണമെന്ന് കോടതി നിർദേശിച്ചു. കൂടാതെ കേസ് ഫയൽചെയ്ത തീയതി മുതൽ അഞ്ചു ശതമാനം പലിശയും നൽകണം. മോഷ്ടിച്ച തുകയും അതിന്റെ പലിശയും നഷ്ടപരിഹാരമായി ഒന്നര ലക്ഷം ദിർഹവും ആവശ്യപ്പെട്ടാണ് പരാതിക്കാരൻ കോടതിയെ സമീപിച്ചിരുന്നത്. പൊലീസ് വേഷത്തിൽ എത്തിയ പ്രതികൾ പരാതിക്കാരനിൽനിന്ന് ആറു ലക്ഷം ദിർഹം തട്ടിയെടുക്കുകയായിരുന്നുവെന്നാണ് പ്രോസിക്യൂഷൻ കേസ്. അർധരാത്രി എമിറേറ്റിലെ ഒരു വാണിജ്യ മേഖലയിലായിരുന്നു സംഭവം.
ഒരു ഓഫിസ് കെട്ടിടത്തിന് സമീപത്ത് വെച്ച് പ്രതികൾ ഇയാളെ തടഞ്ഞുനിർത്തുകയും ഐ.ഡി കാർഡ് കാണിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. അന്വേഷണ ഉദ്യോഗസ്ഥരാണെന്ന് അവകാശപ്പെട്ട പ്രതികൾ ഇരയെ വിശദമായി പരിശോധിക്കുകയും മൊബൈൽ ഫോൺ, ബാങ്ക് കാർഡുകൾ, ബാഗിലുണ്ടായിരുന്ന ആറു ലക്ഷം ദിർഹം എന്നിവ മോഷ്ടിച്ചു. തുടർന്ന് പൊലീസിന്റെ മറ്റൊരു യൂനിറ്റിൽ കാത്തിരിക്കണമെന്നാവശ്യപ്പെട്ട ശേഷം സ്ഥലംവിടുകയായിരുന്നു. പറ്റിക്കപ്പെട്ടുവെന്ന് മനസ്സിലാക്കിയ ഇര ഉടനെ ദുബൈ പൊലീസിൽ റിപ്പോർട്ട് ചെയ്യുകയായിരുന്നു.
പൊലീസ് അന്വേഷണത്തിൽ മുഴുവൻ പ്രതികളും പിടിയിലാവുകയും ക്രിമിനൽ കോടതി കുറ്റക്കാരാണെന്ന് വിധിക്കുകയും ചെയ്തിരുന്നു. തുടർന്നാണ് നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഇയാൾ സിവിൽ കോടതിയെ സമീപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.