ഫൈസൽ എളേറ്റിൽ
അബൂദബി: മാപ്പിളപ്പാട്ട് കലയെ പ്രോത്സാഹിപ്പിക്കുന്നതിനും ഈ രംഗത്തെ കലാകാരന്മാരെ ആദരിക്കുന്നതിനുമായി രൂപീകൃതമായ പീർ മുഹമ്മദ് (പി.എം) ഫൗണ്ടേഷൻ അബൂദബിയുടെ പ്രഥമ ‘പീർ മുഹമ്മദ് സ്മാരക’ പുരസ്കാരത്തിന് പ്രമുഖ മാപ്പിളപ്പാട്ട് ഗവേഷകനും ഗായകനുമായ ഫൈസൽ എളേറ്റിൽ അർഹനായി. 50,001 രൂപയും പ്രശസ്തി പത്രവുമടങ്ങുന്നതാണ് അവാർഡ്.
കേരളത്തിലെ മാപ്പിളപ്പാട്ട് രംഗത്ത് അറബി ഭാഷ ചെലുത്തിയ സ്വാധീനം വിഷയമാക്കി ഫൈസൽ എളേറ്റിൽ നടത്തിയ ഗവേഷണവും മാപ്പിളപ്പാട്ട് രംഗത്ത് കേരളത്തിന്‍റെ പാരമ്പര്യ വാദ്യോപകരണങ്ങൾ സംയോജിപ്പിച്ചു കൊണ്ട് അദ്ദേഹം രൂപവത്കരിച്ച തനത് ശൈലിയും ഈ രംഗത്തെ സമഗ്ര സംഭാവനയും ഒക്കെ പരിഗണിച്ചായിരുന്നു അവാർഡ്. സിനിമ-ടെലിവിഷൻ ഷോ മേഖലകളിലും അദ്ദേഹം അർപ്പിച്ച ശ്രദ്ധേയമായ സംഭാവനകൾ കൂടി ജൂറി അംഗങ്ങൾ കണക്കിലെടുത്തു. അടുത്ത മാസങ്ങളിൽ നടക്കുന്ന ചടങ്ങിൽ അവാർഡ് വിതരണം നടത്തുമെന്നു സംഘാടകർ അറിയിച്ചു.
‘റഫി നൈറ്റ്’ എന്ന പേരിൽ കഴിഞ്ഞ ദിവസം പി.എം ഫൗണ്ടേഷൻ സംഘടിപ്പിച്ച സംഗീത നിശ ആസ്വാദകർക്ക് ഹൃദ്യമായ അനുഭവം സമ്മാനിക്കുന്നതായിരുന്നു. പിന്നണി ഗായകൻ മുഹമ്മദ് അസ്‌ലമിന്‍റെ നേതൃത്വത്തിലാണ് മുഹമ്മദ് റഫിയുടെ ഗാനങ്ങൾ കോർത്തിണക്കി ഗാന വിരുന്നൊരുക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.