ദുബൈ: എമിറേറ്റിലെ ഏറ്റവും വലിയ പാർക്കിങ് നിയന്ത്രണ കമ്പനിയായ ‘പാർക്കിൻ’ ഈ വർഷം 3,000 പാർക്കിങ് സ്ഥലങ്ങൾ കൂടി ഏറ്റെടുക്കും. ഗതാഗതക്കുരുക്ക് ഒഴിവാക്കാനും നഗരഗതാഗതം മെച്ചപ്പെടുത്താനും ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പാക്കുന്നത്. കമ്പനി ചീഫ് എക്സിക്യൂട്ടിവിനെ ഉദ്ധരിച്ച് പ്രദേശിക പത്രമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. അതോടൊപ്പം രണ്ടു വർഷത്തിനകം നാല് മൾട്ടി സ്റ്റോറി കാർ പാർക്കിങ് സ്ഥലങ്ങൾ നിർമിക്കുന്നതിനുള്ള തയാറെടുപ്പുകളും കമ്പനി ആരംഭിച്ചിട്ടുണ്ട്.
ഈ വർഷം രണ്ടാംപാദത്തോടെ പാർക്കിൻ നിയന്ത്രിക്കുന്ന പാർക്കിങ് സ്ഥലങ്ങളുടെ എണ്ണം 2,11,500 ആയിട്ടുണ്ട്. കഴിഞ്ഞ വർഷത്തേക്കാൾ ആറു ശതമാനം വർധനയാണ് ഇക്കാര്യത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്. നേരത്തേ നഗരത്തിൽ കൂടുതൽ പാർക്കിങ് സൗകര്യങ്ങൾ രൂപപ്പെടുത്തുന്നതിന്റെ ഭാഗമായി ‘പാർക്കിൻ’ 29,600 പുതിയ പാർക്കിങ് സ്ഥലങ്ങൾ ഒരുക്കുന്നതിന് ദുബൈ ഹോൾഡിങ് കമ്പനിയുമായി സഹകരണ കരാറിൽ ഒപ്പുവെച്ചിരുന്നു. സഹകരണ കരാറനുസരിച്ച് വിവിധ സ്ഥലങ്ങളിലെ പാർക്കിങ് നിയന്ത്രണം ‘പാർക്കിൻ’ ഏറ്റെടുക്കും. വിവിധ ഘട്ടങ്ങളായാണ് പുതിയ പാർക്കിങ് സ്ഥലങ്ങൾ സംവിധാനിക്കുക.
നഗരത്തിൽ പാർക്കിങ്ങിന് സ്ഥലങ്ങൾ കൂടുതലായി ആവശ്യമായ സാഹചര്യത്തിലാണ് പുതിയ മേഖലകളിൽ സംവിധാനം ഏർപ്പെടുത്തുന്നതെന്ന് ‘പാർക്കിൻ’ വ്യക്തമാക്കിയിട്ടുണ്ട്. സ്വകാര്യ കമ്യൂണിറ്റികളിൽ കമ്പനിയുടെ നിയന്ത്രണത്തിലുള്ള പാർക്കിങ് സ്ഥലങ്ങളുടെ എണ്ണം പുതിയ പദ്ധതി പൂർത്തിയാകുന്നതോടെ 50,400 ആകും.
എമിറേറ്റിലെ പാർക്കിങ് സൗകര്യങ്ങൾ നിയന്ത്രിക്കുന്നതിനാണ് കഴിഞ്ഞ വർഷം ജനുവരിയിൽ ദുബൈ സർക്കാർ ‘പാർക്കിൻ’ കമ്പനി രൂപപ്പെടുത്തിയത്. പൊതു പാർക്കിങ്, പൊതു മൾട്ടി സ്റ്റോറി കാർ പാർക്കിങ്, സ്വകാര്യ പാർക്കിങ് സ്ഥലങ്ങൾ എന്നിവ കമ്പനിക്ക് കീഴിലുണ്ട്. എമിറേറ്റിലെ പള്ളികൾക്ക് സമീപത്തെ പാർക്കിങ് സ്ഥലങ്ങളിൽ ആഗസ്റ്റ് മാസം മുതൽ പെയ്ഡ് പാർക്കിങ് നടപ്പാക്കുന്നുണ്ട്.ഇതിന്റെ ഭാഗമായി ‘പാർക്കിൻ’ 59 ഇടങ്ങളിലെ 2100 പാർക്കിങ് സ്ഥലങ്ങളാണ് നിയന്ത്രിക്കുന്നത്. പാർക്കിനും ദുബൈയിലെ ഇസ്ലാമികകാര്യ, ജീവകാരുണ്യ പ്രവർത്തന വകുപ്പും(ഐ.എ.സി.എ.ഡി) തമ്മിൽ ഒപ്പുവെച്ച സഹകരണ കരാറനുസരിച്ചണ് പദ്ധതി നടപ്പാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.