ദുബൈ: ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഉൽപന്നങ്ങളുടെ രണ്ടാംഘട്ട നിരോധനം പ്രഖ്യാപിച്ച് പരിസ്ഥിതി, കാലാവസ്ഥ വ്യതിയാന മന്ത്രാലയം. അടുത്ത വർഷം ജനുവരി ഒന്നുമുതൽ രണ്ടാംഘട്ട നിരോധനം പ്രാബല്യത്തിൽ വരും. ഇറക്കുമതി ചെയ്യുന്നതും രാജ്യത്ത് നിർമിക്കുന്നതും വിപണനം ചെയ്യുന്നതുമായി കൂടുതൽ പ്ലാസ്റ്റിക് ഉൽപന്നങ്ങളിലേക്ക് നിരോധനം വ്യാപിപ്പിക്കാനാണ് തീരുമാനം.
രാജ്യത്തിന്‍റെ പരിസ്ഥിതി ആവാസ വ്യവസ്ഥ സംരംക്ഷിക്കുന്നതിനും മാലിന്യത്തിൽ നിന്നുള്ള പാരിസ്ഥിതിക ആഘാതം കുറക്കാനും ലക്ഷ്യമിട്ട് രൂപകൽപന ചെയ്ത പരിസ്ഥിതി സംരക്ഷണ നിയമത്തിന്‍റെ ഭാഗമായാണ് നിരോധനം കൂടുതൽ പ്ലാസ്റ്റിക് ഉൽപന്നങ്ങളിലേക്ക് വ്യാപിപ്പിക്കുന്നത്. സുസ്ഥിരതയെ മുന്നോട്ടുനയിക്കുന്നതിനും ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനുമുള്ള ദേശീയ നയങ്ങളോട് ചേർന്നു നിൽക്കുന്നതാണ് പുതിയ നിയമം.
വിവിധ പാനീയങ്ങളുടെ കപ്പുകൾ, മൂടികൾ, സ്പൂണുകൾ, ഫോർക്കുകൾ, കത്തികൾ, ചോപ്സ്റ്റിക്കുകൾ, പ്ലേറ്റുകൾ, സ്ട്രോകൾ, സ്റ്റിക്കറുകൾ, സ്റ്റൈറോഫോം കൊണ്ട് നിർമിച്ച ഭക്ഷണ പാത്രങ്ങൾ, ബോക്സുകൾ എന്നിവ ഉൾപ്പെടെ ഒറ്റത്തവണ ഉപയോഗിക്കാവുന്ന കൂടുതൽ പ്ലാസ്റ്റിക് വസ്തുക്കളിലേക്കും നിരോധനം വ്യാപിപ്പിക്കും. 50 മൈക്രോണിന് താഴേ കനമുള്ള പേപ്പറുകൾ ഉൾപ്പെടെ ഒറ്റത്തവണ ഉപയോഗിക്കാവുന്ന ബാഗുകൾക്ക്, അവയിൽ അടങ്ങിയ ഘടകങ്ങൾ പണിഗണിക്കാതെ സമഗ്രമായ നിരോധനമാണ് അതോറിറ്റി ലക്ഷ്യമിടുന്നത്.
സുസ്ഥിരമായ ഭാവിയിലേക്കുള്ള യു.എ.ഇയുടെ യാത്രയിൽ പുതിയ തീരുമാനം നിർണായകമായ നീക്കമായിരിക്കുമെന്ന് മന്ത്രാലയത്തിന്‍റെ സസ്റ്റയ്നബ്ൾ കമ്യൂണിറ്റീസ് സെക്ടർ അസി. അണ്ടർ സെക്രട്ടറി എൻജിനീയർ ആലിയ അബ്ദുറഹ്മാൻ അൽ ഹർമൂദി പറഞ്ഞു. ഒറ്റത്തവണ പ്ലാസ്റ്റിക് നിരോധിക്കുന്നതിലൂടെ മാലിന്യം കുറക്കുകയെന്ന ലക്ഷ്യം മാത്രമല്ല, പരിസ്ഥിതിക്ക് ആഘാതമാകുന്ന വിഭവങ്ങളെ സുസ്ഥിരമായ ആസ്തികളായി മാറ്റുന്ന സമ്പദ്വ്യവസ്ഥുടെ തത്വങ്ങളെ മുന്നോട്ടുകൊണ്ടുപോകാനുള്ള സമഗ്രമായ കാഴ്ചപ്പാടുകളുടെ ഭാഗമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇമാറാത്തി സമൂഹത്തിനൊപ്പം സ്വകാര്യ മേഖല പ്രകടിപ്പിക്കുന്ന ക്രിയാത്മകമായ സഹകരണത്തിൽ നിയമം നടപ്പിലാക്കാൻ കഴിയുമെന്ന ആത്മവിശ്വാസവും അദ്ദേഹം പ്രകടിപ്പിച്ചു.
കയറ്റുമതി ചെയ്യാനുള്ള പ്ലാസ്റ്റിക് ഉത്പന്നങ്ങൾക്ക് നിയമത്തിൽ ഇളവുണ്ടാകും. എന്നാൽ, അത്തരം ഉത്പന്നങ്ങളിൽ അക്കാര്യം കൃത്യമായി രേഖപ്പെടുത്തിയിരിക്കണം. കൂടാതെ ആഭ്യന്തര വിപണിയിൽ ഇത്തരം ഉത്പന്നങ്ങൾ വിതരണം ചെയ്യാനും പാടില്ല. പുനരുപയോഗിക്കാവുന്ന ഘടകങ്ങൾ ഉപയോഗിച്ച് നിർമിക്കുന്ന പ്ലാസ്റ്റിക് ബാഗുകൾക്കും നിയമത്തിൽ ഇളവുണ്ടാകും. മരുന്ന് ബാഗുകൾ, ഇറച്ചി, ബ്രഡ്, പച്ചക്കറികൾ തുടങ്ങിയ ഭക്ഷണ പദാർഥങ്ങൾ പൊതിയുന്ന കട്ടി കൂടിയ ബാഗുകൾ, മാലിന്യം സൂക്ഷിക്കുന്ന ബാഗുകൾ, തുണിത്തരങ്ങൾ, ഇലക്ട്രോണിക്സ് ഐറ്റങ്ങൾ, കളിപ്പാട്ടങ്ങൾ എന്നിവക്കായി ഉപയോഗിക്കുന്ന വലിയ ഷോപ്പിങ് ബാഗുകൾ എന്നിവക്കും നിരോധനമുണ്ടാവില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.