യു.എ.ഇയിലെ ആദ്യ കറന്‍സി അച്ചടിശാല ശൈഖ് മുഹമ്മദ് ഉദ്ഘാടനം ചെയ്തു

അബൂദബി: അബൂദബി ഖലീഫ വ്യവസായ മേഖലയില്‍ യു.എ.ഇയുടെ പ്രഥമ കറന്‍സി അച്ചടിശാല തുറന്നു. യു.എ.ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം ആണ് ഉദ്ഘാടനം നിര്‍വഹിച്ചത്. ഒൗമലാത് സെക്യുരിറ്റി പ്രിന്‍റിങ് മേല്‍നോട്ടം വഹിക്കുന്ന കമ്പനി മിഡിലീസ്റ്റിലെ എല്ലാ സെന്‍ട്രല്‍ ബാങ്കുകളിലേക്കും കറന്‍സി വിതരണം ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് പ്രവര്‍ത്തിക്കുക.
ബ്രിട്ടനിലെയും ഫ്രാന്‍സിലെയും കമ്പനികളായിരുന്നു ഇതു വരെ യു.എ.ഇ ദിര്‍ഹം അച്ചടിച്ചിരുന്നത്. കാനഡയിലെ വിന്നിപെഗില്‍ സ്ഥിതി ചെയ്യുന്ന റോയല്‍ കനേഡിയന്‍ മിന്‍റ് എന്ന കമ്പനിയാണ് നാണയങ്ങള്‍ നിര്‍മിക്കുന്നത്. 1973 മുതലാണ് രാജ്യത്ത് ദിര്‍ഹം ഉപയോഗിക്കാന്‍ തുടങ്ങിയത്. 
കമ്പനിയില്‍ ആദ്യമായി അച്ചടിച്ച ഒന്ന് നമ്പറുള്ള 1000 ദിര്‍ഹത്തിന്‍െറ നോട്ട്  ഉപപ്രധാനമന്ത്രിയും പ്രസിഡന്‍ഷ്യല്‍കാര്യ മന്ത്രിയുമായ ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് ആല്‍ നഹ്യാന്‍ ശൈഖ് മുഹമ്മദിന് സമ്മാനിച്ചു.യു.എ.ഇ പ്രസിഡന്‍റ് ശൈഖ് ഖലീഫ ബിന്‍ സായിദ് ആല്‍ നഹ്യാന്‍െറ നിര്‍ദേശത്തിലും അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേനാ ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറുമായ ജനറല്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല്‍ നഹ്യാന്‍െറ മേല്‍നോട്ടത്തിലും യു.എ.ഇ അതിന്‍െറ സാമ്പത്തിക ശേഷി വികസിപ്പിച്ചുകൊണ്ടിരിക്കുകയാണെന്ന് ഉദ്ഘാടന ചടങ്ങില്‍ ശൈഖ് മുഹമ്മദ് പറഞ്ഞു. യു.എ.ഇ വിഷന്‍ 2021ന്‍െറ വ്യക്തമായ നയങ്ങളിലൂടെയായിരിക്കും യു.എ.ഇ സാമ്പത്തിക വളര്‍ച്ച കൈവരിക്കുക. മാനുഷിക വികസനത്തിനും സുസ്ഥിരവും വൈവിധ്യപൂര്‍ണവുമായ സമ്പദ് വ്യവസ്ഥ സൃഷ്ടിക്കുന്നതിനും സമൂഹത്തിലെ എല്ലാ അംഗങ്ങളുടെയും സന്തോഷം ഉറപ്പ് വരുത്തുന്നതിനുമുള്ള സവിശേഷ മാതൃകയാണ് യു.എ.ഇയുടെ വിജയം സൃഷ്ടിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 
 സാമ്പത്തിക കാര്യ സഹമന്ത്രി ഉബൈദ് ബിന്‍ ഹുമൈദ് അല്‍ തായിര്‍, കാബിനറ്റ്- ഭാവി കാര്യ മന്ത്രി മുഹമ്മദ് ബിന്‍ അബ്ദുല്ല അല്‍ ഗര്‍ഗാവി, പ്രാദേശിക സെന്‍ട്രല്‍ ബാങ്കുകളിലെ ഗവര്‍ണര്‍മാര്‍ തുടങ്ങിയവരും സന്നിഹിതരായിരുന്നു.
 

Tags:    
News Summary - note-printing

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.