സെൻട്രൽ ബാങ്ക്
ദുബൈ: രാജ്യത്ത് വ്യക്തിഗത വായ്പ ലഭിക്കാൻ മിനിമം വേതനം വേണമെന്ന വ്യവ്യസ്ഥ ഒഴിവാക്കി യു.എ.ഇ സെൻട്രൽ ബാങ്ക്. കുറഞ്ഞ വരുമാനമുള്ള പ്രവാസികൾ ഉൾപ്പെടെ ലക്ഷക്കണക്കിന് ആളുകൾക്ക് വലിയ ആശ്വാസമാകുന്നതാണ് സെൻട്രൽ ബാങ്ക് തീരുമാനം. നിലവിൽ ബാങ്ക് അകൗണ്ട് തുറക്കുന്നതിനും വ്യക്തിഗത വായ്പക്കും മിനിമം 5,000 ദിർഹം പ്രതിമാസ വേതനം വേണം. ഈ വ്യവസ്ഥ എടുത്തുകളയാൻ സെൻട്രൽ രാജ്യത്തെ എല്ലാ ബാങ്കുകളോടും നിർദേശിച്ചതായി ഇമാറാത്തുൽ യൗം റിപോർട്ട് ചെയ്തു. മിനിമം വേതന വ്യവസ്ഥക്ക് പകരം ഇന്‍റേണൽ റിസ്ക് പോളിസി അടിസ്ഥാനമാക്കി വായ്പ നൽകുന്നവർക്ക് അവരുടേതായ ഏറ്റവും കുറഞ്ഞ പരിധികൾ നിശ്ചയിക്കാൻ ബാങ്കുകൾക്ക് അനുമതി നൽകിയിരിക്കുകയാണ്.
വ്യക്തികളുടെ വരുമാനം അനുസരിച്ച് വായ്പ പരിധി നിശ്ചയിക്കാൻ ബാങ്കുകൾക്ക് അനുവദം നൽകുന്നതോടെ ലക്ഷക്കണക്കിന് തൊഴിലാളികൾക്ക് ബാങ്ക് അകൗണ്ട് തുടങ്ങാനും അതുവഴി വായ്പ നേടാനും അവസരം ലഭിക്കും. വേതന സുരക്ഷ സംവിധാന (ഡബ്ല്യൂ.പി.എസ്)വുമായി ബന്ധിപ്പിച്ചാണ് എകൗണ്ടുകൾ തുറക്കാനാവുക. തൊഴിലാളികളുടെ എകൗണ്ടിൽ ശമ്പളം എത്തിയാൽ ഉടനടി ബാങ്കുകൾ വായ്പയുടെ പ്രതിമാസ ഘഡു സ്വമേധയാ പിടിക്കുന്ന രീതിയിലാണ് ഇതിന്‍റെ ക്രമീകരണം. സാമ്പത്തിക ഇടപാടുകളിൽ എല്ലാ വിഭാഗത്തേയും ഉൾകൊള്ളാനുള്ള പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനും ബാങ്കിങ് സേവനങ്ങളിൽ എല്ലാവർക്കും പ്രവേശനം സാധ്യമാക്കുന്നതിനുമുള്ള സെൻട്രൽ ബാങ്കിന്‍റെ വിപുലമായ ശ്രമങ്ങളുടെ ഭാഗമാണ് പുതിയ നീക്കമെന്ന് ഉദ്യോഗസ്ഥവൃത്തങ്ങൾ വ്യക്തമാക്കി.
ശമ്പള പരിധിമൂലം ബാങ്കിങ് നടപടികളിൽ നിന്ന് പുറത്തായ സാധാരണക്കാരിലേക്കും കുറഞ്ഞ വരുമാനമുള്ളവരിലേക്കും സുപ്രധാനമായ മാറ്റമാണ് പുതിയ സംഭവ വികാസങ്ങളെന്ന് ബാങ്കിങ് രംഗത്തെ പ്രമുഖർ വിശേഷിപ്പിച്ചു. അതേസമയം, വായ്പക്കുള്ള യോഗ്യത ലഘൂകരിക്കുന്നതിനൊപ്പം ഉപഭോക്തൃ സംരക്ഷണ പരിധികൾ നീക്കം ചെയ്യില്ല. പരമാവധി വായ്പാ വലുപ്പം പ്രതിമാസ ശമ്പളത്തിന്‍റെ 20 മടങ്ങായി തുടരും. കൂടാതെ തിരിച്ചടവ് കാലാവധി 48 മാസമായിരിക്കും. തവണകൾ വരുമാനത്തിന്‍റെ 50 ശതമാനത്തിൽ കൂടാനും പാടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.