ദുബൈ: യുദ്ധക്കെടുതി അനുഭവിക്കുന്ന ഫലസ്തീൻ നിവാസികൾക്ക് വൈദ്യസഹായം നൽകാൻ ഗസ്സ മുനമ്പിൽ നിർമിച്ച യു.എ.ഇ ഫീൽഡ് ആശുപത്രിയിലേക്ക് ഒമ്പതംഗ മെഡിക്കൽ വളന്റിയർമാർകൂടി പുറപ്പെട്ടു. മെഡിക്കൽ രംഗത്ത് സന്നദ്ധപ്രവർത്തനം ആഗ്രഹിക്കുന്ന പ്രഫഷനലുകളുടെ മൂന്നാമത് ബാച്ചാണ് ഞായറാഴ്ച ഗസ്സയിലേക്ക് യാത്രതിരിച്ചത്.
തിങ്കളാഴ്ച ഇവർ ഗസ്സയിലെ ആശുപത്രിയിലെ ഡോക്ടർമാർക്കൊപ്പം ചേർന്നു. യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് പ്രഖ്യാപിച്ച ഗാലന്റ് നൈറ്റ് 3 ജീവകാരുണ്യ സംരംഭത്തിന്റെ ഭാഗമായാണ് ഗസ്സ മുനമ്പിൽ യു.എ.ഇ ഫീൽഡ് ആശുപത്രി നിർമിച്ചത്. ഇമാറാത്തി മെഡിക്കൽ ടീമിന്റെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന ആശുപത്രിക്ക് 150ലധികം കിടക്കകൾ ഉൾക്കൊള്ളാൻ ശേഷിയുണ്ട്.
കഴിഞ്ഞ രണ്ടാഴ്ചക്കിടെ 291 ഫലസ്തീനികൾക്ക് ആശുപത്രിയിൽ ചികിത്സ ലഭ്യമാക്കി. പ്രഥമ ചികിത്സ, ശസ്ത്രക്രിയ, തീവ്രപരിചരണം എന്നിവ ആവശ്യമുള്ള രോഗികളെയാണ് ചികിത്സിച്ചത്. മറ്റ് മെഡിക്കൽ സേവനങ്ങളും ഇവർ ഇവിടെ വാഗ്ദാനം ചെയ്യുന്നുണ്ട്.
ജനറൽ, പീഡിയാട്രിക്, വാസ്കുലർ സർജറി തുടങ്ങിയവക്കായി എല്ലാ ഉപകരണങ്ങളും ഒരുക്കിയുള്ളതാണ് ആശുപത്രിയിലെ ഓപറേഷൻ റൂം. കൂടാതെ മുതിർന്നവർക്കും കുട്ടികൾക്കുമുള്ള തീവ്രപരിചരണ വിഭാഗവും സജ്ജമാക്കി. ഇന്റേണൽ മെഡിസിൻ, ഡെന്റിസ്ട്രി, സൈക്യാട്രി, ഫാമിലി മെഡിസിൻ, പീഡിയാട്രിക്സ്, ഗൈനക്കോളജി വിഭാഗങ്ങളിലുള്ള സ്പെഷലൈസ്ഡ് ക്ലിനിക്കുകളും സി.ടി സ്കാൻ, എക്സ്റേ എന്നിവക്കായുള്ള ആധുനിക സൗകര്യങ്ങളും ലഭ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.