അബൂദബി: കേരളത്തിലെ ഏറ്റവും പൗരാണികവും പാരമ്പര്യസമ്പന്നവുമായ പൈതൃക നഗരങ്ങളിലൊന്നായ നീലേശ്വരം നഗരസഭയുടെ സമഗ്രവികസന സാധ്യതകളെക്കുറിച്ച് ചർച്ച ചെയ്യുന്നതിനായി വിഷൻ 2030 - നീലേശ്വരം സ്ട്രാറ്റജിക് ഡെവലപ്മെന്റ് സമ്മിറ്റ് 2026 ഏപ്രിലിൽ അബൂദബിയിലെ ഗ്രാൻഡ് അറീനയിൽ നടക്കും.
മന്ത്രിമാർ, എം.പിമാർ, നഗരസഭ ചെയർമാൻ, വൈസ് ചെയർമാൻ തുടങ്ങിയവർ പങ്കെടുക്കുന്ന സമ്മേളനത്തിൽ, ജി.സി.സി രാജ്യങ്ങളിൽ ജോലി ചെയ്യുന്ന നീലേശ്വരം സ്വദേശികളായ 200 ക്ഷണിക്കപ്പെട്ട പ്രതിനിധികൾ പങ്കെടുക്കും. നീലേശ്വരം നഗരത്തിന്റെ അടിസ്ഥാന സൗകര്യ വികസനം, റെയിൽവേ-റോഡ് മേഖലയിൽ നടപ്പാക്കേണ്ട പുതിയ വികസനപദ്ധതികൾ തുടങ്ങിയ വിഷയങ്ങൾ ചർച്ചചെയ്യുന്ന സമ്മേളനത്തിൽ വിദഗ്ധർ പങ്കെടുക്കും.
ഉച്ചക്ക് രണ്ടരക്ക് ആരംഭിച്ച് വൈകീട്ട് ഏഴിന് സമ്മേളനം സമാപിക്കും. കേരളത്തിലെ ഒരു നഗരസഭയുടെ വികസനവിഷയം ഇന്ത്യക്ക് പുറത്ത് ചർച്ച ചെയ്യുന്ന ആദ്യ സമ്മേളനമാകും ഇത്.
ഭാവിയിൽ നീലേശ്വരം നഗരം എങ്ങനെ രൂപപ്പെടണം, മുൻഗണനാപ്രധാന മേഖലകൾ എന്തൊക്കെയായിരിക്കണം, എങ്ങനെ സുസ്ഥിരവും സമൃദ്ധവുമായ നഗരമായി വളരണം തുടങ്ങിയ വിഷയങ്ങൾ സമ്മേളനം ചർച്ചചെയ്യും. നീലേശ്വരത്തിന്റെ സാംസ്കാരിക പൈതൃകവും ചരിത്ര മഹത്ത്വവും സംരക്ഷിച്ചുകൊണ്ട് വികസനത്തിൽ പുതിയ സാങ്കേതികവിദ്യകൾ, വിദ്യാഭ്യാസം, ആരോഗ്യരംഗം, ടൂറിസം മേഖല എന്നിവ ഉൾപ്പെടുത്തി ആധുനിക സൗകര്യങ്ങളാൽ സമ്പന്നമായ മാതൃക നഗരസഭയായി നീലേശ്വരത്തെ മാറ്റുകയാണ് വിഷൻ 2030 ആശയം ലക്ഷ്യമാക്കുന്നത്.
സമ്മിറ്റിന്റെ കൂടുതൽ വിശദാംശങ്ങൾ പിന്നീട് പ്രഖ്യാപിക്കും. യു.എ.ഇയിൽ ജോലി ചെയ്യുന്ന നീലേശ്വരം സ്വദേശികളായ വ്യവസായ പ്രമുഖരുടെ പിന്തുണയോടെ അബൂദബി ആസ്ഥാനമായുള്ള ഒവ് മീഡിയ പ്രൊഡക്ഷൻസാണ് നീലേശ്വരം സ്ട്രാറ്റജിക് ഡെവലപ്മെന്റ് സമ്മിറ്റ് സംഘടിപ്പിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.