ശീസ് റെസ്റ്റ് ഏരിയ’ ഉദ്ഘാടനത്തിന് എത്തിയ ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി പദ്ധതിസ്ഥലം സന്ദർശിക്കുന്നു
ഷാർജ: കുടുംബമായി വിനോദത്തിന് അവസരമൊരുക്കുന്ന എമിറേറ്റിലെ ഏറ്റവും പുതിയ കേന്ദ്രം ‘ശീസ് റെസ്റ്റ് ഏരിയ’ തുറന്നു. സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയാണ് ഖോർഫക്കാൻ-ഷാർജ റോഡിൽ അൽ റൗഗ് ടണലിന് സമീപത്തായി നിർമിച്ച പുതിയ കേന്ദ്രം ഉദ്ഘാടനം ചെയ്തത്. പലചരക്ക്, കാർപറ്റ്, പെർഫ്യൂംസ് തുടങ്ങി വ്യത്യസ്ത വസ്തുക്കൾ വിൽക്കുന്നതിന് 58 കടകൾ, റസ്റ്റാറന്റുകൾ, കഫേകൾ എന്നിവ ഇവിടെ സജ്ജീകരിക്കും.
വലിയ സ്ക്രീൻ സജ്ജീകരിച്ച 80പേരെ ഉൾക്കൊള്ളുന്ന ഔട്ട്ഡോർ തിയറ്റർ, 600 സ്ക്വയർ മീറ്റർ വിസ്തീർണമുള്ള കുട്ടികളുടെ കളിസ്ഥലം എന്നിവയും ഇവിടെയുണ്ട്. വിനോദ സഞ്ചാരികൾക്കെന്ന പോലെ പ്രദേശവാസികളെ കൂടി ലക്ഷ്യംവെച്ചാണ് പദ്ധതി ഒരുക്കിയിട്ടുള്ളത്. ശീസ്, അൽ നഹ്വ പ്രദേശത്തെ ഇമാറാത്തി പൗരന്മാർക്കാണ് കടകളുടെ നടത്തിപ്പ് അവകാശം നൽകിയിട്ടുള്ളത്. ഉദ്ഘാടന ചടങ്ങിൽ കടകളുടെ ഉടമസ്ഥാവകാശം വിജയാശംസകൾ നേർന്നുകൊണ്ട് ശൈഖ് സുൽത്താൻ ഇവർക്ക് കൈമാറി.
യു.എ.ഇയിലെ കുടുംബങ്ങൾക്ക് മാന്യമായ ജീവിതസൗകര്യം ഒരുക്കുന്നതിനും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരുടെ ജീവിത നിലവാരം വർധിപ്പിക്കുന്നതിനും ലക്ഷ്യംവെച്ചാണ് ‘ശീസ് റെസ്റ്റ് ഏരിയ’ പദ്ധതി വികസിപ്പിച്ചതെന്ന് ശൈഖ് സുൽത്താൻ പ്രസ്താവിച്ചു. ഈ പദ്ധതിയിൽ ഉൾപ്പെടാത്തവർക്കായി ടണലിന്റെ മറുവശത്ത് മറ്റൊരു സമാനപദ്ധതി നടപ്പാക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഖോർഫക്കാനിലെ മലയോരങ്ങളിലെ വിനോദ സ്ഥലങ്ങളിലേക്ക് നിരവധിപേർ സഞ്ചരിക്കുന്ന സുപ്രധാന റോഡിന് സമീപത്തായാണ് പദ്ധതി നടപ്പാക്കിയിരിക്കുന്നത്. പ്രത്യേകിച്ച് തണുപ്പുകാലത്ത് ഇവിടേക്ക് നിരവധി പേരാണ് എത്തിച്ചേരാറുള്ളത്. മലനിരകളുടെ അഭിമുഖമായുള്ള ഈ പ്രദേശം ഹരിതഭംഗി നിറഞ്ഞ ഭൂപ്രകൃതിയാൽ അനുഗ്രഹീതമാണെന്നതും ഒരു സവിശേഷതയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.