ദുബൈ: എമിറേറ്റിൽ തൊഴിലാളികളുടെ താമസകെട്ടിടങ്ങൾക്ക് എട്ട് മാർഗനിർദേശങ്ങൾ തയാറാക്കി ദുബൈ മുനിസിപ്പാലിറ്റി. തൊഴിലാളികളുടെ ആരോഗ്യ, സുരക്ഷ മാനദണ്ഡങ്ങൾ ശക്തിപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള സാങ്കേതിക നിർദേശങ്ങൾ ഉൾപ്പെടുന്നതാണ് പുതിയ വ്യവസ്ഥകൾ. തൊഴിലാളികളുടെ താമസകേന്ദ്രങ്ങളുടെ നിയന്ത്രണത്തിനായി അടുത്തിടെയാണ് മുനിസിപ്പാലിറ്റി പുതുക്കിയ മാർഗനിർദേശങ്ങൾ പുറത്തിറക്കിയത്. പൊതുജനാരോഗ്യവും സുരക്ഷയും സംബന്ധിച്ച് നിലവിലുള്ള നിയമങ്ങളും നിയന്ത്രണങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയാണ് ലക്ഷ്യം.
താമസസൗകര്യങ്ങളുടെ നടത്തിപ്പുകാരിൽ ആരോഗ്യ, സുരക്ഷാ അപകടസാധ്യതകളെക്കുറിച്ച് അവബോധം വളർത്തുക, പ്രതിരോധ നടപടികളും തിരുത്തൽ നടപടികളും പ്രോത്സാഹിപ്പിക്കുക, തൊഴിലാളികളുടെ താമസകേന്ദ്രങ്ങളിൽ സുരക്ഷിതവും ആരോഗ്യകരവുമായ ജീവിത അന്തരീക്ഷം പ്രദാനം ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കുക എന്നിവയും ലക്ഷ്യമിടുന്നു. ദുബൈയിൽ പ്രവർത്തിക്കുന്ന തൊഴിലാളികളുടെ എല്ലാ താമസകേന്ദ്രങ്ങൾക്കും പുതുക്കിയ മാർഗനിർദേശങ്ങൾ ബാധകമാണ്. തൊഴിലാളികളുടെ താമസകേന്ദ്രങ്ങളുടെ നടത്തിപ്പിന് ബന്ധപ്പെട്ട അതോറിറ്റികളിൽ നിന്ന് ലൈസൻസ് നേടിയിരിക്കണം.
ആസ്ബറ്റോസ് അല്ലെങ്കിൽ ആരോഗ്യത്തിന് ഭീഷണിയാകുന്ന വസ്തുക്കൾ ഉപയോഗിക്കാൻ പാടില്ല. തറഭാഗം എളുപ്പത്തിൽ വൃത്തിയാക്കാനും കഴുകാനും കഴിയുന്നതായിരിക്കണം. തറകൾ വിള്ളലുകളും ദ്വാരങ്ങളും ഇല്ലാത്തതും പരിക്കിന്റെ സാധ്യത കുറക്കുന്നതിന് മിനുസമാർന്നതും സുരക്ഷിതവുമായ പ്രതലം കൊണ്ട് പൂർത്തിയാക്കുകയും വേണം. റെസിഡൻഷ്യൽ കെട്ടിടങ്ങൾക്ക് ബാധകമായ എല്ലാ സാങ്കേതിക, വാസ്തുവിദ്യാ മാനദണ്ഡങ്ങളും ലേബർ അക്കോമഡേഷൻ റൂമുകൾക്കും ബാധകമാണ്. പ്രകൃതിദത്തവും കൃത്രിമവുമായ വെളിച്ചം, വായുസഞ്ചാരം, താപ ഇൻസുലേഷൻ, വൈദ്യുതി ഇൻസ്റ്റാളേഷനുകൾ, ആരോഗ്യ, പാരിസ്ഥിതിക സാഹചര്യങ്ങൾ, കുറഞ്ഞ സ്ഥലത്തിനും സീലിങ് ഉയരത്തിനും ആവശ്യമായ മാനദണ്ഡങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടും.
കെട്ടിടത്തിന്റെ മുൻവശത്ത്, അതിന്റെ വലിപ്പത്തിന് ആനുപാതികമായി താമസ സൗകര്യങ്ങൾ സ്ഥാപിക്കുന്നതിന് ഉത്തരവാദിത്തമുള്ള സ്ഥാപനത്തിന്റെയോ കമ്പനിയുടെയോ പേര് കാണിക്കുന്ന വ്യക്തമായ തിരിച്ചറിയൽ അടയാളം പ്രദർശിപ്പിക്കണം. ആരോഗ്യ, സുരക്ഷ സംരക്ഷണത്തിന് കൃത്യമായ ഇടവേളകളിൽ നവീകരണം നടത്തണം. താമസക്കാരുടെ എണ്ണത്തിന് അനുയോജ്യമായ രീതിയിൽ സെൻട്രൽ സർവിസ് കേന്ദ്രവും ഉണ്ടായിരിക്കണം. ബന്ധപ്പെട്ട അധികാരികളുടെ മുൻകൂർ അനുമതിയില്ലാതെ ഏതെങ്കിലും തരത്തിലുള്ള മാറ്റങ്ങൾ വരുത്താൻ പാടില്ല. അടുക്കള, ഡൈനിങ് ഏരിയ എന്നിവ ഉൾപ്പെടെ ഭക്ഷണം പാകം ചെയ്യാനും കഴിക്കാനും ആവശ്യമായ സ്ഥലം ഉണ്ടാവണം. ബെഡ് റൂമുകൾ, അടുക്കള, ഡൈനിങ് ഹാളുകൾ, മറ്റ് സേവന കേന്ദ്രങ്ങൾ തുടങ്ങി എല്ലാ സ്ഥലവും ശീതീകരിച്ചതും വെന്റിലേഷൻ സൗകര്യമുള്ളതുമാവണമെന്നും മാന്വലിൽ വ്യക്തമാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.