ദുബൈ: യു.എ.ഇയിലെ നിക്ഷേപപദ്ധതിയായ നാഷനൽ ബോണ്ട്സ് പ്രവാസികൾക്ക് രണ്ടാം ശമ്പളം എന്ന പേരിൽ സമ്പാദ്യ, വരുമാന പദ്ധതി അവതരിപ്പിച്ചു. കുറഞ്ഞത് മൂന്നു വർഷം നിക്ഷേപം നടത്തുകയും പിന്നീട് നിക്ഷേപത്തുകയും ലാഭവും പ്രതിമാസം തിരിച്ചുനൽകുകയും ചെയ്യുന്ന പദ്ധതിയാണിത്.
പ്രവാസികൾക്കും യു.എ.ഇ സ്വദേശികൾക്കും റിട്ടയർമെന്റ് വരുമാനപദ്ധതി നടപ്പാക്കുന്നതിന് മുന്നോടിയായാണ് നാഷനൽ ബോണ്ട് പുതിയ പദ്ധതി അവതരിപ്പിച്ചിരിക്കുന്നത്. കുറഞ്ഞത് 1000 ദിർഹം വീതം എല്ലാ മാസവും മൂന്നു വർഷം നിക്ഷേപിച്ച് പദ്ധതിയുടെ ഭാഗമാകാം. മൂന്നു വർഷം നിക്ഷേപിക്കുന്ന തുക അടുത്ത മൂന്നു വർഷം എല്ലാ മാസവും നിക്ഷേപത്തിന്റെ ലാഭവിഹിതം അടക്കം നിക്ഷേപകർക്ക് തിരിച്ചുലഭിക്കുന്ന വിധമാണ് പദ്ധതി ആവിഷ്കരിച്ചിരിക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കി. മൂന്നു വർഷം മുതൽ 10 വർഷം വരെ നിക്ഷേപത്തിന്റെ സമയം തെരഞ്ഞെടുക്കാം. പ്രതിമാസം വരുമാനം തിരികെ ലഭിച്ച് തുടങ്ങേണ്ട കാലവും നിശ്ചയിക്കാൻ അവസരം നൽകും.
ഉദാഹരണത്തിന്, 10 വർഷം 5000 ദിർഹം വീതം നിക്ഷേപം നടത്തുന്നവർക്ക് നിക്ഷേപകാലം പിന്നിട്ടുള്ള 10 വർഷം എല്ലാ മാസവും 7500 ദിർഹം വീതം ലഭിക്കുന്ന വിധമാണ് പദ്ധതി ആവിഷ്കരിച്ചിരിക്കുന്നതെന്ന് അധികൃതർ അറിയിച്ചു. 5000 ദിർഹം വീതം അഞ്ചു വർഷം നിക്ഷേപിച്ച് അടുത്ത മൂന്നു വർഷം മാസം 10,020 ദിർഹം വീതം കൈപ്പറ്റാനും ഈ പദ്ധതിയിൽ സാധിക്കുമെന്ന് നാഷനൽ ബോണ്ട്സ് അധികൃതർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.