അബൂദബി: മൈക്രോ ചിപ് ഘടിപ്പിച്ച നായ്ക്കളുടെയും പൂച്ചകളുടെയും ഉടമകളായ അബൂദബി നിവാസികൾ പുതുതായി ആരംഭിക്കുന്ന മൃഗ ഉടമസ്ഥത സേവനത്തില്‍ രജിസ്റ്റര്‍ ചെയ്യണം.
ഫെബ്രുവരി മൂന്നു മുതലാണ് സേവനം പ്രാബല്യത്തില്‍ വരികയെന്ന് അധികൃതര്‍ അറിയിച്ചു.
പിഴ കൂടാതെ രജിസ്ട്രേഷന് നടപടികള്‍ പൂര്‍ത്തിയാക്കാന്‍ വളര്‍ത്തുമൃഗങ്ങളുടെ ഉടമകളായ വ്യക്തികള്‍ക്ക് ഒരുവര്‍ഷത്തെ സാവകാശം നല്‍കുമെന്ന് നഗര, ഗതാഗത വകുപ്പ് അറിയിച്ചു.
അതേസമയം, പൂച്ചകളുടെയും നായ്ക്കളുടെയും ഉടമകളായ സ്ഥാപനങ്ങള്‍ ആറു മാസത്തിനുള്ളില്‍ രജിസ്ട്രേഷന് പൂര്‍ത്തിയാക്കണം. ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ രജിസ്ട്രേഷന് സൗജന്യമാണ്.
താം പ്ലാറ്റ്ഫോമില്‍ അടുത്ത മാസമാണ് അനിമല്‍ ഓണര്‍ഷിപ്പ് സര്‍വിസ് ലഭ്യമാവുക. സേവനം ലഭ്യമാവുന്ന മുറക്ക് പൂച്ചകളുടെയും നായ്ക്കളുടെയും ഉടമകള്‍ വെറ്ററിനറി കേന്ദ്രങ്ങളിലെത്തി രജിസ്ട്രേഷന് നടപടികള്‍ പൂര്‍ത്തീകരിക്കണം. മൃഗങ്ങളുടെ രജിസ്ട്രേഷന് നടത്താനും ആവശ്യമെങ്കില്‍ ഉടമസ്ഥാവകാശം കൈമാറാനും സ്ഥാപനങ്ങള്‍ക്ക് അനുമതിയുണ്ട്.
മൈക്രോചിപ് ഘടിപ്പിച്ച വളര്‍ത്തുമൃഗങ്ങളുടെയും അവയുടെ ഉടമകളുടെയും വിവരങ്ങള്‍ സൂക്ഷിക്കുന്നതിനായി കേന്ദ്രീകൃത ഡേറ്റാബേസ് സൃഷ്ടിക്കാനാണ് അബൂദബി നഗര, ഗതാഗത വകുപ്പിന്റെ നീക്കം.
തെരുവുമൃഗങ്ങളുടെ പെരുകല്‍ കുറക്കുക, വളര്‍ത്തുമൃഗ രേഖകള്‍ ട്രാക്ക് ചെയ്യുക, മൃഗങ്ങളെ കൃത്യമായി തിരിച്ചറിയല്‍ സാധ്യമാക്കുക, മൃഗക്ഷേമം മെച്ചപ്പെടുത്തുക തുടങ്ങിയവയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
വാക്സിനുകള്‍ നല്കല്, മൈക്രോചിപ്പിങ്, സ്ഥിരമായ വെറ്ററിനറി ചെക്കപ്പുകള്‍ തുടങ്ങിയ നടപടികളിലൂടെ വളര്‍ത്തുമൃഗങ്ങളുടെ ആരോഗ്യം ഉറപ്പുവരുത്തുകയെന്നതും പുതിയ സേവനത്തിലൂടെ അധികൃതര്‍ ലക്ഷ്യമിടുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.