നിശ്ചയദാർഢ്യ വിഭാഗക്കാർക്കായി സ്ഥാപിച്ച സൂചന ബോർഡ്
ദുബൈ: ദുബൈയിലെ നിരത്തുകളും ഓഫിസുകളും നിശ്ചയദാർഢ്യ വിഭാഗക്കാർക്കായി ഒരുക്കുന്നത് വിപുലമായ സൗകര്യങ്ങൾ. നിശ്ചയദാർഢ്യ വിഭാഗ സൗഹൃദമാക്കുന്നതിന്റെ ഭാഗമായ പദ്ധതികൾ 82 ശതമാനവും പൂർത്തിയാക്കിയതായി ആർ.ടി.എ അറിയിച്ചു.
ബസ് സ്റ്റേഷൻ, പാർക്കിങ് ടെർമിനൽ, വഴികൾ, സൈൻ ബോർഡുകൾ, ഉപഭോക്തൃ കേന്ദ്രങ്ങൾ എന്നിവിടങ്ങളിലെല്ലാം ഇവർക്കായി പ്രത്യേക ബോർഡുകളും സംവിധാനങ്ങളും സൗകര്യങ്ങളും ഏർപ്പെടുത്തി.
ഈ വിഭാഗത്തിൽപെട്ട ആർ.ടി.എ ജീവനക്കാർക്കും പ്രത്യേക സൗകര്യം ഏർപ്പെടുത്തി. ആദ്യ രണ്ട് ഘട്ടങ്ങളിലായി ആർ.ടി.എ ഹെഡ് ഓഫിസ്, ഉമ്മുൽ റുമൂലിലെയും ദേരയിലെയും ബർഷയിലെയും കസ്റ്റമർ ഹാപ്പിനസ് സെന്റർ, അൽഖൂസിലെയും ഇബ്നു ബത്തൂത്തയിലെയും ദേര സിറ്റി സെന്ററിലെയും ബസ് സ്റ്റേഷനുകൾ, നാഇഫിലെയും റിഗ്ഗയിലെയും കാൾട്ടണിലെയും പാർക്കിങ് കേന്ദ്രങ്ങൾ തുടങ്ങിയ സ്ഥലങ്ങളിൽ പ്രത്യേക സംവിധാനം ഏർപ്പെടുത്തി. ഭിന്നശേഷി സൗഹൃദ ടോയ്ലറ്റുകൾ, ഓട്ടോമാറ്റിക് ഡോർ, റിസപ്ഷൻ ഡെസ്കിൽ മൈക്രോഫോൺ സൗകര്യം, വീൽ ചെയർ റാംപ് തുടങ്ങിയവയെല്ലാം സംവിധാനിച്ചിട്ടുണ്ട്.
പദ്ധതിയുടെ മൂന്നാംഘട്ട പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്. വൈകാതെ 100 ശതമാനത്തിലേക്കെത്താനാണ് ലക്ഷ്യമിടുന്നത്. ജലഗതാഗത സ്റ്റേഷനുകളിലും ബസ് സ്റ്റേഷനുകളിലും ടിക്കറ്റ് കിയോസ്കുകൾ സ്ഥാപിക്കുന്നത് ഇതിന്റെ ഭാഗമായാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.