ദുബൈ: ഫിനാൻഷ്യൽ സെന്‍റർ സ്ട്രീറ്റിൽ നിന്ന് റാസൽഖോർ റോഡിലേക്ക് സഞ്ചരിക്കുന്ന വാഹനങ്ങൾക്കായി കലക്ടർ റോഡിൽ നിന്ന് പുതിയ എക്സിറ്റ് ആഗസ്റ്റ് ആദ്യം തുറക്കുമെന്ന് ദുബൈ റോഡ് ഗതാഗത അതോറിറ്റി അറിയിച്ചു. റാസൽഖോർ മേഖലയിൽ ഗതാഗതം സുഗമമാക്കുന്നതിനും റോഡ് ശൃംഖലയുടെ കാര്യക്ഷമത മെച്ചപ്പെടുത്താനും ലക്ഷ്യമിട്ട് നടത്തുന്ന വികസന പ്രവർത്തനങ്ങളുടെ ഭാഗമായാണ് പുതിയ എക്സിറ്റ് നിർമാണം.
മേഖലയിലെ പ്രധാന വികസന പ്രവർത്തനങ്ങൾ, വാണിജ്യ, വ്യവസായ മേഖലകൾ എന്നിവിടങ്ങളിലേക്കുള്ള അതിർത്തി പ്രദേശമാണ് ബു കദ്റ ഇന്‍റർചേഞ്ചിന് സമീപത്തുള്ള റാസൽഖോർ റോഡ്. പുതിയ എക്സിറ്റ് വരുന്നതോടെ ഫിനാൻഷ്യൽ സെന്‍റർ സ്ട്രീറ്റിൽ നിന്ന് കലക്ടർ റോഡിലൂടെ റാസൽഖോറിലേക്ക് പോകുന്നവരുടെ യാത്ര സമയം വലിയ തോതിൽ കുറയും. തിരക്കേറിയ സമയങ്ങളിൽ ഈ റൂട്ടിലെ യാത്രസമയം 13 മിനിറ്റിൽ നിന്ന് ആറു മിനിറ്റായി 54 ശതമാനമാണ് കുറയുക. അതോടൊപ്പം ദുബൈ-അൽഐൻ റോഡിലേക്ക് പോകുന്ന വാഹനങ്ങളുടെ തിരക്ക് കുറക്കാനും പുതിയ എക്സിറ്റ് സഹായകമാവും.
അടുത്തിടെ റാസൽഖോർ മേഖലയിൽ നടത്തിയ വികസന പ്രവർത്തനങ്ങളുടെ ഭാഗമായി എക്സിറ്റ് 25 വികസിപ്പിച്ചിരുന്നു. റാസൽ ഖോർ റോഡിൽ നിന്ന് അൽ ഖൈൽ റോഡിലേക്കുള്ള ഈ എക്സിറ്റ് ഭാഗം 500 മീറ്റർ ദൂരത്തിൽ ഒറ്റവരിയിൽ നിന്ന് രണ്ട് വരികളായാണ് വികസിപ്പിച്ചത്. ഈ നവീകരണത്തിലൂടെ റോഡിന് മണിക്കൂറിൽ 3,000 വാഹനങ്ങളെ ഉൾകൊള്ളാനുള്ള ശേഷിയുണ്ടാകും. തിരക്കേറിയ സമയങ്ങളിൽ യാത്ര സമയം ഏഴ് മിനിറ്റിൽ നിന്ന് നാല് മിനിറ്റായി കുറക്കാനും ഇത് സഹായകമാവും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.