ഫ്ലൈറ്റ് ചാർട്ട്

യു.എ.ഇയിൽ നിന്ന്​ പരിമിത സർവിസുകളുമായി കൂടുതൽ വിമാന കമ്പനികൾ

ദുബൈ: വ്യോമ പാത അടച്ചതോടെ ആശങ്കയിലായ പ്രവാസികൾക്ക്​ യു.എ.ഇയിൽ നിന്ന്​ കൂടുതൽ വിമാന കമ്പനികൾ പരിമിതമായ സർവിസുകൾ പ്രഖ്യാപിച്ചത്​ നേരിയ ​​ആശ്വാസമായി.

എമിറേറ്റ്​സ്​, ഫ്ലൈ ദുബൈ, ഇത്തിഹാദ്​, എയർ അറേബ്യ വിമാനങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ അടിയന്തര സർവിസുകൾക്ക്​ ഭാഗികമായി തുടക്കമിട്ടതിന്​ പിന്നാലെ ഇന്ത്യൻ എയർലൈനുകളായ എയർ ഇന്ത്യ എക്സ്​പ്രസ്​, ഇൻഡിഗോ, സ്​പൈസ്​ ജെറ്റ്​ തുടങ്ങിയ കമ്പനികളും പരിമിതമായ സർവിസുകൾ പ്രഖ്യാപിച്ചിരിക്കുകയാണ്​.

മണിക്കൂറിൽ 48 വിമാനങ്ങൾക്ക്​ കടന്നുപോകാൻ കഴിയുന്ന രീതിയിൽ കഴിഞ്ഞ ദിവസം യു.എ.ഇ സുരക്ഷിത വ്യോമ ഇടനാഴി തുറന്നതാണ്​ കൂടുതൽ വിമാന കമ്പനികൾക്ക്​ സർവിസ്​ നടത്താൻ വഴിയൊരുങ്ങിയത്​. എയർ ഇന്ത്യ എക്സ്​പ്രസ്​ മാർച്ച്​ അഞ്ച്​ മുതൽ ഏഴുവരെ റാസൽഖൈമയിൽ നിന്നും തിരിച്ചും​ ഡൽഹി, കൊച്ചി, മുംബൈ നഗരങ്ങളിലേക്ക്​ പ്രത്യേക സർവിസുകൾ​ നടത്തും. കൊച്ചിയിൽ നിന്ന്​ വൈകിട്ട്​ 4.25ന്​ പുറപ്പെട്ട്​ 8.55 റാസൽഖൈമയിൽ എത്തും.

9.55ന്​ റാസൽഖൈമയിൽ നിന്ന്​ തിരിച്ച്​ 1.55ന്​ കൊച്ചിയിൽ എത്തുന്ന രീതിയിലാണ്​ യാത്ര ക്രമീകരിച്ചിട്ടുള്ളത്​. ഇത്​ കൂടാതെ അൽ​ഐനിൽ നിന്നും കോഴിക്കോട്ടേക്കുള്ള സർവിസുകളും എയർ ഇന്ത്യ എക്സ്​പ്രസ്​ നടത്തുന്നുണ്ട്​. ഇതിന്‍റെ സമയക്രമം അവരുടെ വെബ്​സൈറ്റിൽ ലഭ്യമാണ്​.

ഷെഡ്യൂൾ സർവിസുകളെല്ലാം മാർച്ച്​ ഒമ്പതുവരെ പൂർണമായും നിർത്തിവെച്ചെങ്കിലും ഇന്ത്യയിൽ നിന്ന്​ അബൂദബിയിലേക്ക്​ മാർച്ച്​ ആറ്​, ഏഴ്​ ദിവസങ്ങളിൽ സർവിസ്​ നടത്തുമെന്ന്​ എയർ അറേബ്യയും പ്രഖ്യാപിച്ചിട്ടുണ്ട്​.

അഹമ്മദാബാദ്​, ​കോഴിക്കോട്​, കൊച്ചി, ​തിരുവനന്തപുരം, ചെന്നൈ നഗരങ്ങളിലേക്കാണ്​ സ്​പെഷ്യൽ സർവിസ്​. ​ യു.എ.ഇയിൽ കുടുങ്ങിയ ഇന്ത്യൻ യാത്രക്കാർക്കായി സ്​പൈസ്​ ജെറ്റ്​ മാർച്ച്​ നാലിനും അഞ്ചിനും ഫുജൈറയിൽ നിന്ന് പ്രത്യേക വിമാന സർവീസുകൾ നടത്തുമെന്ന്​ പ്രഖ്യാപിച്ചിരുന്നു. ഡൽഹി, മുംബൈ, കൊച്ചി എന്നിവിടങ്ങളിലേക്കാണ്​ സർവീസുകൾ നടത്തുന്നത്​.

ഇതിൽ രണ്ട് സർവീസുകൾ മുംബൈയിലേക്കാണ്. മാർച്ച്​ നാലു മുതൽ ​ആകെ 58 വിമാനങ്ങൾ സർവിസുകൾ ആരംഭിക്കുമെന്നാണ്​ ഇന്ത്യൻ സിവിൽ ഏവിയേഷൻ അതോറിറ്റിയിൽ നിന്നുള്ള വിവരം. ഇതിൽ ഇൻഡിഗോ 30 എണ്ണവും എയർ ഇന്ത്യൻ എക്സ്​പ്രസ്​ 23 എണ്ണവുമായിരിക്കും ഗൾഫ്​ രാജ്യങ്ങളിലേക്ക്​ സർവിസ്​ നടത്തുക.

അതേസമയം, കേരളത്തിലേക്ക്​ ഉൾപ്പെടെ ഉയർന്ന ടിക്കറ്റ്​ നിരക്ക് ഈടാക്കുന്നത്​​ പ്രവാസികൾക്ക്​ വലിയ വെല്ലുവിളിയാണ്​​. ​ഫ്ലൈ ദുബൈ കൊച്ചി, കോഴി​ക്കോട്, മുംബൈ, ഹൈദരാബാദ്​ എന്നിവിടങ്ങളിലേക്ക്​​​ 2850 (71,400 രൂപ) ദിർഹമാണ്​ ടിക്കറ്റ്​ നിരക്ക് ഈടാക്കുന്നത്​.

ഡൽഹി, ലക്​നോ, കൊൽക്കത്ത, അഹമ്മദാബാദ്​ നഗരങ്ങളിലേക്ക്​ 2800 (70200 രൂപ) ദിർഹവും ഈടാക്കുന്നുണ്ട്​. ഇതേ സമയം അൽഐൻ-കോഴിക്കോട്​ റൂട്ടിൽ എയർ ഇന്ത്യ എക്സ്​പ്രസിൽ​ 300 (7000 രൂപ) മുതൽ ടിക്കറ്റ്​ നിരക്ക്​ കാണിക്കുന്നുണ്ട്​.

ടിക്കറ്റ്​ നിരക്ക്​ കുത്തനെ ഉയർന്നാലും പരിമിതമായ സർവിസ്​ ആയതിനാൽ വേഗത്തിൽ വിറ്റുപോകുന്ന അവസ്ഥയുമുണ്ട്​. എടുത്ത ടിക്കറ്റുകൾ മാറുന്ന സാഹചര്യങ്ങളിൽ കാൻസൽ ആവാനുള്ള സാധ്യതയും ഏറെയാണെന്ന്​ ട്രാവൽ ഏജൻസികൾ തന്നെ പറയുന്നു.   

Tags:    
News Summary - More Airlines Operate Limited Services from the UAE

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.