വിഡിയോ കാൾ അകലെ സേവനം ശ്രദ്ധേയമാകുന്നു

ദുബൈ: സർക്കാർ സേവനങ്ങൾ കൂടുതൽ വേഗത്തിലും സൗകര്യപ്രദമായും ജനങ്ങളിലെത്തിക്കുകയെന്ന ലക്ഷ്യത്തോടെ ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്സ് (ജി.ഡി.ആർ.എഫ്.എ) ദുബൈ നടപ്പാക്കിയ ഇൻസ്റ്റന്റ് വീഡിയോ കാൾ സേവനം ശ്രദ്ധേയമാകുന്നു. സേവന കേന്ദ്രങ്ങളിലെത്താതെ തന്നെ ഉദ്യോഗസ്ഥരുമായി തത്സമയം വീഡിയോ കോളിലൂടെ ആശയവിനിമയം നടത്തി വിസ, റെസിഡൻസി ഉൾപ്പെടെയുള്ള വിവിധ സേവന നടപടികൾ പൂർത്തിയാക്കാൻ കഴിയുന്ന സംവിധാനമാണിത്.

2026ലെ ആദ്യ ആറുമാസത്തിനിടെ മാത്രം 19,507 ഇടപാടുകളാണ് വീഡിയോ കാൾ സംവിധാനത്തിലൂടെ പൂർത്തിയാക്കിയതെന്ന് ദുബൈ ജി.ഡി.ആർ.എഫ്.എ മേധാവി ലഫ്. ജനറൽ മുഹമ്മദ്‌ അൽ മർറി പറഞ്ഞു. 97.93 ശതമാനം സേവന കാര്യക്ഷമതയും വെറും 5.38 മിനിറ്റ് ശരാശരി കാത്തിരിപ്പ് സമയവും രേഖപ്പെടുത്തിയതായി അദ്ദേഹം കൂട്ടിച്ചേർത്തു. സേവന കേന്ദ്രങ്ങളിലെത്താതെ ഉദ്യോഗസ്ഥരുമായി നേരിട്ട് സംസാരിക്കാനും രേഖകൾ പരിശോധിക്കാനും വിവരങ്ങൾ സ്ഥിരീകരിക്കാനും, വീഡിയോ മുഖേന തിരിച്ചറിയൽ പൂർത്തിയാക്കാനും ഈ സംവിധാനം സഹായിക്കുന്നു.

അപേക്ഷകളിലെ തടസ്സങ്ങൾ പരിഹരിക്കുക, രേഖകളുടെ അപാകതകൾ പരിശോധിക്കുക, അധിക രേഖകൾ തത്സമയം സമർപ്പിക്കുക, അപേക്ഷകളുടെ പുരോഗതി സംബന്ധിച്ച വിശദീകരണം ലഭിക്കുക തുടങ്ങിയ സേവനങ്ങളും വീഡിയോ കാൾ സംവിധാനത്തിലൂടെ ലഭ്യമാണ്. അപേക്ഷകർക്ക് സമയനഷ്ടവും യാത്രാചെലവും കുറക്കുന്നതിനൊപ്പം അപേക്ഷകൾ കൂടുതൽ വേഗത്തിൽ തീർപ്പാക്കാനും ഇതുവഴി സാധിക്കുന്നു. എവിടെ നിന്നുള്ള ഉപയോക്താക്കൾക്കും ഈ സേവനം ഉപയോഗിക്കാം. ജി.ഡി.ആർ.എഫ്.എ ദുബൈയുടെ ഔദ്യോഗിക വെബ്‌സൈറ്റിലോ സ്മാർട്ട് ആപ്പിലോ പ്രവേശിച്ച് ‘ഇൻസ്റ്റന്‍റ് വിഡിയോ കാൾ’ ഓപ്ഷൻ തിരഞ്ഞെടുക്കുന്നതിലൂടെ സ്മാർട്ട്‌ഫോണോ കാമറയുള്ള കമ്പ്യൂട്ടറോ ഉപയോഗിച്ച് ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി നേരിട്ട് വീഡിയോ കാളിൽ ബന്ധപ്പെടാം.

നിലവിൽ എൻട്രി പെർമിറ്റുകൾ, വിവിധ വിസാ സേവനങ്ങൾ, ഫാമിലി റെസിഡൻസി, വിസ പുതുക്കൽ, റദ്ദാക്കൽ, അപേക്ഷകളിലെ രേഖാപരമായ പ്രശ്നങ്ങൾ പരിഹരിക്കൽ, എസ്റ്റാബ്ലിഷ്‌മെന്റ് ഫയലുകളും ലീഗൽ അഫയേഴ്സുമായി ബന്ധപ്പെട്ട അന്വേഷണൾ ഉൾപ്പെടെ വിവിധ സേവനങ്ങളാണ് ഈ പ്ലാറ്റ്ഫോമിലൂടെ ലഭ്യമാകുന്നത്.

വീഡിയോ കാളും ആമർ കാളും

ജി.ഡി.ആർ.എഫ്.എയുടെ വീഡിയോ കാൾ സേവനവും ആമർ കോൾ സെന്ററും വ്യത്യസ്ത ആവശ്യങ്ങൾക്കായാണ് പ്രവർത്തിക്കുന്നത്. ആമർ കാൾ സെന്റർ പ്രധാനമായും വിസ, റെസിഡൻസി, എൻട്രി പെർമിറ്റ് തുടങ്ങിയ സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങളും മാർഗനിർദേശങ്ങളും നൽകുന്നതിനും ഉപയോക്താകളുടെ സംശയങ്ങൾക്ക് മറുപടി നൽകുന്നതിനുമുള്ള സേവനമാണ്. 8005111 എന്ന നമ്പറിലൂടെ ആമർ കാൾ സെന്ററുമായി ബന്ധപ്പെടാം.

എന്നാൽ, വീഡിയോ കോൾ സേവനം ഉപയോക്താവിനെയും ജി.ഡി.ആർ.എഫ്.എ ഉദ്യോഗസ്ഥനെയും തത്സമയം മുഖാമുഖം ബന്ധിപ്പിക്കുന്ന സംവിധാനമാണ്. രേഖകൾ പരിശോധിക്കൽ, അപേക്ഷകളിലെ പ്രശ്നങ്ങൾ പരിഹരിക്കൽ, ആവശ്യമായ രേഖകൾ സമർപ്പിക്കൽ തുടങ്ങിയ നടപടികൾ അതേസമയം തന്നെ പൂർത്തിയാക്കാൻ കഴിയും. അതിനാൽ, മുമ്പ് ഓഫീസുകളിൽ നേരിട്ട് എത്തേണ്ടി വന്നിരുന്ന നിരവധി സേവനങ്ങൾ ഇപ്പോൾ ഓൺലൈനായി ലഭ്യമാകും.

ഇതിനിടെ, 2026ലെ ആദ്യ ആറുമാസത്തിനിടെ ദുബൈയിൽ വിവിധ വിസാ, റെസിഡൻസി സേവനങ്ങളിലായി ലക്ഷക്കണക്കിന് അപേക്ഷകൾ കൈകാര്യം ചെയ്തതായി ജി.ഡി.ആർ.എഫ്.എ കഴിഞ്ഞ ദിവസം പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു. എൻട്രി പെർമിറ്റുകൾ, റെസിഡൻസ് വിസകൾ, വിസ പുതുക്കൽ, സ്റ്റാറ്റസ് മാറ്റം, വിസ റദ്ദാക്കൽ തുടങ്ങി വിവിധ സേവനങ്ങൾ ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലൂടെ വേഗത്തിലും കാര്യക്ഷമമായും പൂർത്തിയാക്കാൻ സാധിച്ചതായി അധികൃതർ അറിയിച്ചു.

ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഡിജിറ്റൽ ഐഡന്റിറ്റി പരിശോധന, സുരക്ഷിത ഓൺലൈൻ ആശയവിനിമയ സംവിധാനം എന്നിവ സംയോജിപ്പിച്ച് വികസിപ്പിച്ച വീഡിയോ കോൾ സേവനം ദുബൈ സർക്കാരിന്റെ ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ ലക്ഷ്യങ്ങൾക്ക് കരുത്തേകും.

Tags:    
News Summary - "Video call distance service is gaining attention"

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.