ലഹരിമുക്തിക്ക് 24 മണിക്കൂറും സൗജന്യ സഹായം; യു.എ.ഇയിൽ 'ഹിസ്ന്‍' ഹെല്‍പ്ലൈന്‍ പദ്ധതിക്ക് തുടക്കമായി

അബൂദബി: ലഹരി വിപത്തിനെതിരെയുള്ള ദേശീയ കാമ്പയിന്റെ ഭാഗമായി, ലഹരിക്ക് അടിമപ്പെട്ടവര്‍ക്ക് കൈത്താങ്ങാകാന്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സൗജന്യ ഹെല്‍പ്ലൈന്‍ സേവനവുമായി യു.എ.ഇ നാഷനല്‍ ഡ്രഗ് എന്‍ഫോഴ്സ്മെന്റ് ഏജന്‍സി. 'ഹിസ്ന്‍' എന്ന് പേരിട്ടിരിക്കുന്ന പദ്ധതിയിലൂടെ ലഹരി ഉപയോഗിക്കുന്നവര്‍ക്ക് പൂര്‍ണമായും സൗജന്യവും രഹസ്യസ്വഭാവം കാത്തുസൂക്ഷിക്കുന്നതുമായ ചികിത്സയും കൗണ്‍സിലിങ്ങും ഉറപ്പാക്കുന്നു. ലഹരിക്ക് അടിമപ്പെട്ടവരെ കുറ്റവാളികളായല്ല, മറിച്ച് രക്ഷപ്പെടുത്തി മുഖ്യധാരയിലേക്ക് കൊണ്ടുവരേണ്ട വ്യക്തികളായാണ് രാജ്യം പരിഗണിക്കുന്നതെന്ന സന്ദേശമാണ് പദ്ധതി നല്‍കുന്നത്. സ്വമേധയായോ ബന്ധുക്കള്‍ വഴിയോ സഹായം തേടി മുന്നോട്ടുവരുന്നവര്‍ക്ക് ഒരുവിധ നിയമനടപടികളോ ശിക്ഷയോ ഉണ്ടാകില്ലെന്ന് യു.എ.ഇ. നിയമം ഉറപ്പുനല്‍കുന്നുണ്ട്.

ലഹരി ഉപയോഗത്തില്‍ നിന്ന് പൂര്‍ണ മുക്തി ആഗ്രഹിക്കുന്നവര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും 80044 എന്ന ടോള്‍ ഫ്രീ നമ്പറിലൂടെ സേവനം പ്രയോജനപ്പെടുത്താം. സൈക്യാട്രിസ്റ്റുകള്‍, ലഹരിവിമുക്ത വിദഗ്ധര്‍, കൗണ്‍സിലര്‍മാര്‍ എന്നിവരുടെ സേവനം ഈ ഹെൽപ് ലൈന്‍ വഴി 24 മണിക്കൂറും ലഭ്യമാണ്. രാജ്യത്തെ പ്രമുഖ മെഡിക്കല്‍ സെന്ററുകളുമായും പ്രത്യേക ലഹരിവിമുക്ത കേന്ദ്രങ്ങളുമായും സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. ലഹരി ഉപയോഗത്തിലേക്ക് നയിച്ച അടിസ്ഥാന കാരണങ്ങള്‍ വിശകലനം ചെയ്ത്, ഓരോ വ്യക്തിക്കും അനുയോജ്യമായ പ്രത്യേക ചികിത്സാ പദ്ധതികളാണ് വിഭാവനം ചെയ്യുന്നത്. ലഹരിമോചനത്തിന് പുറമെ, രോഗികള്‍ വീണ്ടും ലഹരിയിലേക്ക് വഴുതിവീഴാതിരിക്കാനുള്ള മാനസിക പ്രതിരോധശേഷി വളര്‍ത്തല്‍, ജീവിത നൈപുണ്യ പരിശീലനം, മനഃശാസ്ത്രപരമായ പുനരധിവാസം എന്നിവയും ഉറപ്പാക്കും. തകര്‍ന്ന കുടുംബബന്ധങ്ങള്‍ വീണ്ടെടുക്കാനും സമൂഹത്തിലേക്ക് വിജയകരമായി തിരിച്ചെത്താനും ഇവരെ പ്രാപ്തരാക്കുകയാണ് ലക്ഷ്യം. സമൂഹത്തിലെ എല്ലാ അംഗങ്ങള്‍ക്കും പ്രതീക്ഷയും വിശ്വാസവും പകര്‍ന്നുനല്‍കാനുള്ള യു.എ.ഇയുടെ പ്രതിബദ്ധതയുടെ പ്രതീകമാണ് ഈ സര്‍വീസെന്ന് ഏജന്‍സി വ്യക്തമാക്കി.

Tags:    
News Summary - 24-hour free help for de-addiction; 'Hisn' helpline project launched in UAE

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.