എയര്‍ ടാക്‌സികള്‍ക്കും ഡ്രോണുകള്‍ക്കും പുതിയ സ്‌പെക്ട്രം ചട്ടങ്ങളുമായി യു.എ.ഇ

ദുബൈ: രാജ്യത്ത് എയര്‍ ടാക്‌സികള്‍, ഡെലിവറി ഡ്രോണുകള്‍ എന്നിവ ഉള്‍പ്പെടെയുള്ള ആധുനിക വ്യോമയാന സംവിധാനങ്ങളുടെ (അഡ്വാന്‍സ്ഡ് എയര്‍ മൊബിലിറ്റി - എ.എ.എം) സുരക്ഷിതമായ പ്രവര്‍ത്തനങ്ങള്‍ക്കായി പുതുക്കിയ സ്‌പെക്ട്രം (തരംഗദൈര്‍ഘ്യം) നിയന്ത്രണ ചട്ടങ്ങള്‍ക്ക് യു.എ.ഇ. ടെലികമ്യൂണിക്കേഷന്‍സ് ആന്‍ഡ് ഡിജിറ്റല്‍ ഗവണ്‍മെന്റ് റഗുലേറ്ററി അതോറിറ്റി (ടി.ഡി.ആര്‍.എ.) അംഗീകാരം നല്‍കി. അത്യാധുനിക വിമാനങ്ങള്‍, ഗ്രൗണ്ട് സ്റ്റേഷനുകള്‍, വെര്‍ട്ടിപോര്‍ട്ടുകള്‍ എന്നിവക്ക്​ ആവശ്യമായ റേഡിയോ തരംഗങ്ങളുടെ ഉപയോഗം കൂടുതല്‍ വ്യക്തമാക്കുന്നതാണ് പുതിയ ചട്ടങ്ങള്‍. പൈലറ്റുള്ളതോ അല്ലാത്തതോ ആയ വ്യോമയാനങ്ങളുടെ നിയന്ത്രണം, നാവിഗേഷന്‍, എയര്‍ ട്രാഫിക് കണ്‍ട്രോള്‍ ആശയവിനിമയം, കൂട്ടിയിടി ഒഴിവാക്കല്‍, കാലാവസ്ഥാ റഡാര്‍ തുടങ്ങിയ വിവിധ സുരക്ഷാ ഘടകങ്ങള്‍ ഉറപ്പാക്കാന്‍ ഈ സ്‌പെക്ട്രം മാനേജ്‌മെന്റ് സഹായകരമാകും.

കാമറകള്‍ വഴിയുള്ള വിവരശേഖരണങ്ങളില്‍ രാജ്യത്തെ വ്യക്തിവിവര സുരക്ഷാ നിയമങ്ങള്‍ പാലിച്ചിരിക്കണമെന്നും മന്ത്രാലയത്തിന്റെ നിര്‍ദേശങ്ങള്‍ക്ക് അനുസൃതമായ ഉപകരണങ്ങള്‍ മാത്രമേ ഉപയോഗിക്കാവൂ എന്നും വ്യവസ്ഥയുണ്ട്. റേഡിയോ തരംഗങ്ങളുടെ ഏകോപനത്തിനുള്ള ഏക അതോറിറ്റി ടി.ഡി.ആര്‍.എ ആയിരിക്കും. പുതിയ സ്‌പെക്ട്രം ചട്ടങ്ങള്‍ പുതുക്കിയ സുരക്ഷാ ക്രമീകരണങ്ങള്‍ക്ക് വേണ്ടിയുള്ളതാണ്. എയര്‍ ടാക്‌സി, ഡ്രോണ്‍ സര്‍വീസുകള്‍ വാണിജ്യാടിസ്ഥാനത്തില്‍ ആരംഭിക്കുന്നതിന് ബന്ധപ്പെട്ട മറ്റ് വ്യോമയാന-പ്രാദേശിക വകുപ്പുകളുടെ പ്രത്യേക അനുമതികള്‍ ആവശ്യമാണെന്നും അധികൃതര്‍ വ്യക്തമാക്കി. 50305091 മെഗാഹെര്‍ട്‌സ് ഫ്രീക്വന്‍സി പരിധിയിലും കൃത്രിമോപഗ്രഹ തരംഗങ്ങളിലുമാണ് കണ്‍ട്രോള്‍ ഡാറ്റാ കൈമാറ്റം അനുവദിക്കുക. കൂടാതെ, നേരിട്ട് വിമാനങ്ങളുമായി ബന്ധപ്പെടുന്ന ഗ്രൗണ്ട് സ്റ്റേഷനുകള്‍ക്ക് എയറോനോട്ടിക്കല്‍ മൊബൈല്‍ ഗ്രൗണ്ട്-ടു-എയര്‍ അനുമതിയും, സാറ്റലൈറ്റ് വഴി ബന്ധപ്പെടുന്നവക്ക്​ എര്‍ത്ത് സ്റ്റേഷന്‍ അല്ലെങ്കില്‍ വിസാറ്റ് അനുമതിയും ആവശ്യമാണ്. ഈ സംവിധാനങ്ങള്‍ ഉപയോഗിക്കുന്ന ഓപറേറ്റര്‍മാര്‍ ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റിയുടെയും (ജി.സി.എ.എ.) പ്രാദേശിക സിവില്‍ ഏവിയേഷന്‍ വകുപ്പുകളുടെയും വ്യോമയാന നിയമങ്ങള്‍ കര്‍ശനമായി പാലിക്കണം.

2026 ജൂണ്‍ ഒന്ന്​ തീയതി രേഖപ്പെടുത്തിയ 'റെഗുലേഷന്‍സ് ഫോര്‍ എയറോനോട്ടിക്കല്‍ റേഡിയോ സിസ്റ്റംസ് (പതിപ്പ് 4.0)', 'റെഗുലേഷന്‍സ് ഫോര്‍ അണ്‍മാന്‍ഡ് എയര്‍ക്രാഫ്റ്റ് റേഡിയോ സിസ്റ്റംസ് (പതിപ്പ് 3.0)' എന്നീ രണ്ട് പുതുക്കിയ നിയന്ത്രണ രേഖകളാണ് അതോറിറ്റി പുറത്തിറക്കിയത്. പുതിയ ഭേദഗതി പ്രകാരം എയര്‍ ടാക്‌സികള്‍ക്കും ഡ്രോണുകള്‍ക്കും യു.എ.ഇയിലെ ലൈസന്‍സുള്ള ടെലികോം ഓപ്പറേറ്റര്‍മാരുടെ മൊബൈല്‍ നെറ്റ്​ വര്‍ക്കുകള്‍ വഴിയും ആശയവിനിമയം സാധ്യമാകും. ഹ്രസ്വദൂര ഫ്രീക്വന്‍സി പരിധിയില്‍ പ്രവര്‍ത്തിക്കുന്ന ഉപകരണങ്ങള്‍ക്ക് ക്ലാസ് അനുമതിയും കമാന്‍ഡ് ആന്‍ഡ് കണ്‍ട്രോള്‍ ലിങ്കുകള്‍ക്കായി പ്രത്യേക യു.എ.എസ്. അനുമതിയും നിര്‍ബന്ധമാക്കിയിട്ടുണ്ട്.

Tags:    
News Summary - UAE introduces new spectrum rules for air taxis and drones

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.