ദുബൈ: സമ്മേളനങ്ങൾ, പ്രദർശനങ്ങൾ, ഉച്ചകോടികൾ, ഫെസ്റ്റിവലുകൾ തുടങ്ങി യു.എ.ഇയിൽ നടക്കുന്ന ദേശീയ-അന്തർദേശീയ പരിപാടികളിൽ പങ്കെടുക്കുന്ന വിദേശ സന്ദർശകർക്കായി അനുവദിക്കുന്ന പ്രത്യേക ‘ഇവന്റ്സ് വിസിറ്റ് വിസ’ സംബന്ധിച്ച വിശദാംശങ്ങൾ ദുബൈയിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്സ് (ജി.ഡി.ആർ.എഫ്.എ) വിശദീകരിച്ചു.
സാമ്പത്തിക, സാംസ്കാരിക, വിദ്യാഭ്യാസ, കായിക, മത, സാമൂഹിക മേഖലകളിലെ വിവിധ പരിപാടികളിൽ പങ്കെടുക്കുന്നതിനോ സന്ദർശിക്കുന്നതിനോ വിദേശികൾക്ക് താൽക്കാലികമായി യു.എ.ഇയിൽ പ്രവേശിക്കാൻ അനുവദിക്കുന്ന പ്രത്യേക എൻട്രി പെർമിറ്റാണ് ഈ വിസ. അന്താരാഷ്ട്ര സമ്മേളനങ്ങൾ, ഉച്ചകോടികൾ, ട്രേഡ് എക്സിബിഷനുകൾ, ബിസിനസ് കൺവെൻഷനുകൾ, സാംസ്കാരിക-കായിക-വിനോദ ഫെസ്റ്റിവലുകൾ, വിദ്യാഭ്യാസ ഫോറങ്ങൾ, അക്കാദമിക് സമ്മേളനങ്ങൾ, സാമൂഹിക പരിപാടികൾ, പൊതുപരിപാടികൾ, മതപരവും സാമ്പത്തികവുമായ യോഗങ്ങൾ എന്നിവയിൽ പങ്കെടുക്കുന്ന പ്രതിനിധികൾക്കും പ്രദർശകർക്കും സന്ദർശകർക്കുമാണ് ഈ വിസ സംവിധാനം ഒരുക്കിയിരിക്കുന്നത്.
ഒരു വർഷം മുൻപാണ് ഈ പ്രത്യേക വിസ വിഭാഗം അവതരിപ്പിച്ചത്. രാജ്യാന്തര പരിപാടികളിൽ പങ്കെടുക്കുന്നവരുടെ യാത്ര കൂടുതൽ എളുപ്പമാക്കുകയും ആഗോള ബിസിനസ്, ടൂറിസം, അന്തർദേശീയ ഇവന്റുകളുടെ പ്രധാന കേന്ദ്രമെന്ന നിലയിൽ യു.എ.ഇയുടെ സ്ഥാനം കൂടുതൽ ശക്തിപ്പെടുത്തുകയുമാണ് ഇതിന്റെ ലക്ഷ്യം.
അംഗീകൃത പരിപാടികളുമായി ബന്ധിപ്പിച്ചാണ് ഈ വിസ അനുവദിക്കുന്നത്. പരിപാടി സംഘടിപ്പിക്കുന്ന സ്ഥാപനങ്ങൾ ബന്ധപ്പെട്ട അധികൃതരിൽ നിന്ന് ആവശ്യമായ അനുമതികൾ നേടുകയും, പരിപാടിയുടെ വിശദാംശങ്ങൾക്കും പങ്കെടുക്കുന്ന അന്തർദേശീയ പ്രതിനിധികളുടെ എണ്ണത്തിനും മുൻകൂർ അംഗീകാരം നേടുകയും വേണം.
സർക്കാർ സ്ഥാപനങ്ങളും അംഗീകൃത സ്വകാര്യ സ്ഥാപനങ്ങളും സംഘടിപ്പിക്കുന്ന പരിപാടികൾക്കാണ് ഈ വിസ ലഭ്യമാകുക. ഇതിനായി പരിപാടി സംഘടിപ്പിക്കുന്ന സ്ഥാപനം ആദ്യം പങ്കെടുക്കുന്നവർക്കുള്ള നിശ്ചിത ക്വാട്ടക്ക് അപേക്ഷ സമർപ്പിക്കണം.
ക്വാട്ട അംഗീകരിച്ച ശേഷം മാത്രമേ സംഘാടകർക്ക് ക്ഷണിക്കപ്പെട്ട വിദേശ അതിഥികൾക്കായി വിസ സ്പോൺസർ ചെയ്യാൻ കഴിയൂ. തുടർന്ന് അംഗീകൃത പരിപാടിയുടെ ഭാഗമായി യോഗ്യരായ വിദേശ പ്രതിനിധികൾക്ക് ഇവന്റ്സ് വിസിറ്റ് വിസക്ക് അപേക്ഷിക്കാം.
അപേക്ഷകർ പരിപാടിയുടെ സ്വഭാവവും ദൈർഘ്യവും വ്യക്തമാക്കുന്ന സംഘാടകരുടെ സ്പോൺസർഷിപ്പ് കത്തിനൊപ്പം ആവശ്യമായ മറ്റ് അനുബന്ധ രേഖകളും സമർപ്പിക്കണം.
പരിപാടികളുടെ ആവശ്യങ്ങൾക്കനുസരിച്ച് വിവിധ ഓപ്ഷനുകളോടെയാണ് ഇവന്റ്സ് വിസിറ്റ് വിസ ലഭ്യമാകുന്നത്. 30 ദിവസമോ 60 ദിവസമോ താമസിക്കാവുന്ന വിസ ലഭിക്കും. സിംഗിൾ എൻട്രി, മൾട്ടിപ്പിൾ എൻട്രി എന്നീ രണ്ട് പ്രവേശന സൗകര്യങ്ങളും ഇതിനുണ്ട്. ആവശ്യമായ സാഹചര്യങ്ങളിൽ വിസ പുതുക്കാനും കാലാവധി ദീർഘിപ്പിക്കാനും കഴിയും. ഇതുവഴി പരമാവധി 120 ദിവസം വരെ യു.എ.ഇയിൽ തുടരാനുള്ള സൗകര്യവും ലഭിക്കും. പ്രത്യേകിച്ച് നിരവധി പരിപാടികളിലും ബിസിനസ് യോഗങ്ങളിലും പങ്കെടുക്കേണ്ട പ്രദർശകർ, ഇവന്റ് സംഘാടകർ, ബിസിനസ് പ്രൊഫഷനലുകൾ എന്നിവർക്ക് മൾട്ടിപ്പിൾ എൻട്രി സൗകര്യം ഏറെ പ്രയോജനകരമാണെന്ന് ജി.ഡി.ആർ.എഫ്.എ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.