ദുബൈ: യു.എ.ഇയിലെ ഏറ്റവും തിരക്കേറിയ റോഡുകളിലൊന്നായ എമിറേറ്റ്സ് റോഡിന്റെ നവീകരണ പദ്ധതിയുടെ നിർമാണം 30 ശതമാനത്തിലധികം പൂർത്തിയായി. 750 മില്യൺ ദിർഹം ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതി നിശ്ചയിച്ച സമയക്രമത്തേക്കാൾ വേഗത്തിലാണ് മുന്നേറുന്നത്. എമിറേറ്റ്സ് റോഡും അൽ ഐൻ റോഡും സംഗമിക്കുന്ന ഭാഗത്ത് നടപ്പാക്കുന്ന ഈ പദ്ധതി പൂർത്തിയാകുന്നതോടെ ഗതാഗതക്കുരുക്കിന് വലിയ പരിഹാരമാകും. യാത്രാസമയത്തിൽ 65 ശതമാനം വരെ കുറവുണ്ടാകുകയും ചെയ്യും.
റോഡിന്റെ ഓരോ ദിശയിലും നിലവിലുള്ള മൂന്ന് വരികൾ എന്നത് ആറ് വരികളാക്കി ഉയർത്തും. രണ്ട് ദിശകളിലുമായി 11 കിലോമീറ്റർ നീളത്തിലാണ് ഈ വികസനം സാധ്യമാക്കുന്നത്. ഊർജ, അടിസ്ഥാന സൗകര്യ മന്ത്രാലയം നിർമാണ പുരോഗതി വിലയിരുത്തി. മൊത്തം 2.1 കിലോമീറ്റർ നീളമുള്ള 14 പാലങ്ങളും അഞ്ച് തുരങ്കങ്ങളും പദ്ധതിയുടെ ഭാഗമായി നിർമിക്കുന്നുണ്ട്. പാത വികസിക്കുന്നതോടെ ഓരോ മണിക്കൂറിലും 5,000ത്തിലധികം അധിക വാഹനങ്ങളെ ഉൾക്കൊള്ളാൻ റോഡിന് ശേഷിയുണ്ടാകും.
യു.എ.ഇയിലെ കടുത്ത വേനൽക്കാലത്ത് നിർമാണ തൊഴിലാളികളുടെ ആരോഗ്യം സംരക്ഷിക്കുന്നതിനായി ഒക്യുപേഷനൽ ഹീറ്റ് സ്ട്രെസ് പ്രിവൻഷൻ പോളിസി പാലിച്ചുകൊണ്ടാണ് നിർമാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്. ഇതിനായി സഹകരിച്ച എല്ലാ ഫെഡറൽ, ലോക്കൽ സ്ഥാപനങ്ങൾക്കും പങ്കാളികൾക്കും മന്ത്രാലയം നന്ദി അറിയിച്ചു.
2025 ജൂലൈയിലാണ് പദ്ധതി പ്രഖ്യാപിച്ചത്. തുടർന്ന് 2025 സെപ്റ്റംബറിൽ ആരംഭിച്ച നിർമാണം രണ്ട് വർഷത്തിനകം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. യു.എ.ഇ സർക്കാരിന്റെ വാർഷിക യോഗങ്ങളിലും ഫെഡറൽ നാഷനൽ കൗൺസിലിലും എടുത്തുപറഞ്ഞ ഈ പദ്ധതി, 2030ഓടെ രാജ്യത്തെ ഗതാഗത ശൃംഖലയെ ലോകോത്തര നിലവാരത്തിലെത്തിക്കാനുള്ള 170 ബില്യൺ ദിർഹത്തിന്റെ വൻകിട വികസന നയങ്ങളുടെ ഭാഗമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.