ദുബൈ: കോയമ്പത്തൂരിലെ ആർ.വി.എസ് കോളജിൽ പഠിച്ച നൂറോളം പൂർവ വിദ്യാർഥികളുണ്ട് യു.എ.ഇയുടെ വിവിധ ഭാഗങ്ങളിൽ. എല്ലാ തിരക്കുകൾക്കിടയിലും ഒരു ഇഫ്താർ സൗഹൃദ സംഗമമൊരുക്കി ഒത്തുചേരാറുണ്ട് അവർ. അടുത്ത ഒരു വർഷത്തേക്ക് ഒാർത്തുവെക്കാനുള്ള സന്തോഷവും സമാധാനവുമായാണ് അവർ ഒാരോരുത്തരും മടങ്ങിപ്പോവാറ്. പ്രതിരോധ-സുരക്ഷ മുൻകരുതലുകളുടെ ഭാഗമായി ഇക്കുറി ഒത്തുചേരൽ സാധ്യമാവില്ല എന്ന കാര്യത്തിൽ വലിയ വിഷമത്തിലായിരുന്നു. . ഇഫ്താറിനും കൂട്ടായ്മക്കുമായി ചെലവിടാൻ വെച്ചിരുന്ന തുക നാട്ടിലേക്ക് മടങ്ങാൻ വഴിയില്ലാതെ ഉഴലുന്ന മനുഷ്യർക്ക് ടിക്കറ്റെടുത്തു കൊടുക്കാൻ സംഭാവന ചെയ്തിരിക്കുകയാണ് ആ സുഹൃത്തുക്കൾ. ഗൾഫ് മാധ്യമവും മീഡിയവണും ചേർന്നൊരുക്കുന്ന മിഷൻ വിങ്സ് ഒാഫ് കംപാഷൻ ദൗത്യത്തിലേക്ക് തങ്ങളുടെ സംഭാവന ചേർത്തുവെച്ചു ആ ചെറുപ്പക്കാർ. ദുബൈയിലെ ഒരു ബാച്ചിലർ മുറിയിൽ ഒരുമിച്ച് താമസിച്ചിരുന്ന കൂട്ടുകാരുടെ ദുബൈ ടീംസ് കൂട്ടായ്മയും തങ്ങളുടെ വിഹിതം ടിക്കറ്റ് നൽകുന്ന പദ്ധതിക്കായി നീക്കിവെച്ചു.
നിരവധി വ്യാപാര ഗ്രൂപ്പുകളും വ്യക്തികളും മിഷന് പിന്തുണയുമായി മുന്നോട്ടുവന്നിട്ടുണ്ട്. യു.എ.ഇയിലെ കൂളിങ് ഗ്ലാസ്-കണ്ണട വ്യാപാര രംഗത്തെ പ്രമുഖരായ അൽ ഫലാഹ് ഒപ്റ്റിക്സ്, മിഷൻ വിങ്സ് ഒാഫ് കംപാഷന്‍ പിന്തുണ പ്രഖ്യാപിച്ചു. ഏറ്റവും അർഹരായ ഒരുസംഘം ആളുകളെ നാട്ടിലെത്തിക്കുന്നതിനുള്ള ചെലവ് അൽ ഫലാഹ് ഗ്രൂപ് വഹിക്കും. പ്രവാസി സമൂഹം സങ്കീർണമായ അവസ്ഥയിലൂടെ കടന്നുപോകവേ അവരെ ചേർത്തുപിടിക്കേണ്ടത് നാം ഒാരോരുത്തരുടെയും ഉത്തരവാദിത്തമാണെന്ന് അൽ ഫലാഹ് ഗ്രൂപ് ചെയർമാൻ ലത്തീഫ് കണ്ണോറ അഭിപ്രായപ്പെട്ടു. ദുബൈയിലും ഫുജൈറ, ദിബ്ബ, മസാഫി, മിർബ എന്നിവിടങ്ങളിലുമായാണ് അൽ ഫലാഹ് സ്ഥാപനങ്ങൾ പ്രവർത്തിച്ചുവരുന്നത്. പ്രവാസികളുടെ അവകാശ പ്രശ്നങ്ങൾക്കും ബോധവത്കരണത്തിനും നിരന്തരം ഇടപെടുന്ന പ്രവാസി ബന്ധു വെൽഫെയർ ട്രസ്റ്റ് ചെയർമാൻ കെ.വി. ഷംസുദ്ദീൻ പദ്ധതിക്ക് പൂർണ പിന്തുണ അറിയിച്ചിട്ടുണ്ട്. പ്രവാസികളെ സുരക്ഷിതരായി നാട്ടിലെത്തിക്കുകയും സുസ്ഥിരമായ പുനരധിവാസത്തിന് സൗകര്യമൊരുക്കുകയും ചെയ്യാൻ എല്ലാവിഭാഗം ആളുകളും ശ്രദ്ധ ചെലുത്തേണ്ടതുണ്ടെന്ന് കെ.വി. ഷംസുദ്ദീൻ പറഞ്ഞു.
നാട്ടിലെത്താൻ ടിക്കറ്റെടുക്കാൻ ബുദ്ധിമുട്ടുള്ള പ്രവാസികൾക്ക് സഹായഹസ്തവുമായി സി ആൻഡ് എച്ച് എം.ഡി യാസീൻ ഹസനും സഹപ്രവർത്തകരും മുന്നോട്ടുവന്നു. സഹപ്രവർത്തകർ സ്വമേധയാ തങ്ങളുടെ ഒരുമാസത്തെ യാത്രാബത്ത അലവൻസ് ഈ ആവശ്യത്തിനായി സംഭാവന ചെയ്തിരുന്നു. 10 ടിക്കറ്റുകൾ മിഷൻ വിങ്സ് ഓഫ് കംപാഷനിലൂടെ സി ആൻഡ് എച്ച് സംഭാവന ചെയ്യും. മറ്റു സംഘടനകളുമായി ചേർന്ന് 25 ഓളം ടിക്കറ്റുകൾ സംഭാവന ചെയ്യാൻ തീരുമാനിച്ചിട്ടുണ്ടെന്നും യാസീൻ ഹസൻ പറഞ്ഞു. ലോകം മുഴുവൻ വിഷമവൃത്തത്തിലായ ഈ സമയത്ത് എല്ലാ തരത്തിലുമുള്ള ജീവകാരുണ്യ പ്രവർത്തനങ്ങളുമായി സഹകരിക്കുമെന്ന് കമ്പനി എം.ഡി പറഞ്ഞു.ജി.സി.സി രാജ്യങ്ങളിലായി ഗ്ലൗസ്, മാസ്ക്, ലാബ് കോട്ട് തുടങ്ങി വൃത്തിക്കും ശുചിത്വത്തിനും വേണ്ടിയുള്ള ഉൽപന്നങ്ങളുടെ വിതരണരംഗത്ത് പ്രവർത്തിക്കുന്ന മുൻനിര സ്ഥാപനമാണ് സി ആൻഡ് എച്ച് ഗ്ലോബൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.