മാസ്റ്റർ വിഷൻ അവാർഡ്​ ദാനത്തിന്​ മുന്നോടിയായി വിളിച്ചു​ചേർത്ത വാർത്തസമ്മേളനം

മീഡിയവൺ: സുപ്രീം കോടതിയുടേത് ധീരമായ നിലപാട് -ജസ്റ്റിസ് കെമാൽ പാഷ

ദുബൈ: മീഡിയവൺ വിലക്കിന് സ്റ്റേ നൽകിയ സുപ്രീം കോടതി ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന്‍റെ നടപടി ധീരമായ നിലപാടാണെന്ന് ജസ്റ്റിസ് കെമാൽ പാഷ. രാജ്യത്ത് നീതിന്യായ വ്യവസ്ഥയിൽ വിശ്വാസം നഷ്ടപ്പെട്ടിട്ടില്ലെന്നതിന്‍റെ തെളിവാണ് ഇതെന്നും അദ്ദേഹം പറഞ്ഞു. ദുബൈയിൽ മാസ്റ്റർ വിഷൻ അവാർഡ് ദാനത്തിന് മുന്നോടിയായി വിളിച്ചുചേർത്ത വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

എന്‍റെ ഡയസിൽ വന്ന മുദ്രവെച്ച കവറുകളോട് അന്നുതന്നെ നോ പറഞ്ഞിട്ടുണ്ട്. സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമാണ് മുദ്രവെച്ച കവറുകൾ. എന്താണ് കുറ്റമെന്നറിയാതെ ഒരാൾക്ക് കോടതിയിൽ വാദിക്കാൻ കഴിയില്ല. സ്വാഭാവിക നീതിയുടെ ലംഘനമാണിത്. രാജ്യദ്രോഹം എന്നുപറഞ്ഞ് ആർക്കെതിരെയും എന്ത് നടപടിയും എടുക്കാമെന്ന അവസ്ഥ നല്ലതല്ല.

ആശാവഹമായ പ്രഖ്യാപനമാണ് സുപ്രീം കോടതിയുടേത്. നട്ടെല്ലുള്ള ജഡ്ജിയുടെ കൈയിൽ കേസെത്തിയതുകൊണ്ടാണ് മീഡിയവണിന് നീതി ലഭിച്ചത്. ഹിജാബ് ധരിക്കേണ്ടതില്ലെന്നുപറയാൻ ആർക്കാണ് അവകാശമുള്ളത്. അത് വിശ്വാസത്തിന്‍റെ ഭാഗമാണ്. കർണാടക സർക്കാർ പറയുന്നു, ഹിജാബ് മതത്തിന്‍റെ ചിഹ്നമാണെന്ന്. കർണാടക ഹൈകോടതി പറയുന്നു, മതത്തിന്‍റെ ചിഹ്നമല്ലെന്ന്. എന്നാൽ, ഇത് ഉപയോഗിക്കാൻ പാടില്ല എന്നതാണ് രണ്ടുപേരും ഒരേ സ്വരത്തിൽ പറയുന്നത്. ബുർഖ ധരിക്കുന്നതിനോട് വ്യക്തിപരമായി വിയോജിപ്പുണ്ട്. പക്ഷേ, തലയിൽ തട്ടമിടേണ്ട എന്ന് നിയമം പുറപ്പെടുവിക്കുന്നത് നീതീകരിക്കാനാവില്ല. കെ-റെയിലിന്‍റെ പേരിൽ പാവപ്പെട്ടവരുടെ പുരയിടം കൈയേറുന്നതിനോട് കടുത്ത വിയോജിപ്പുണ്ട്. വല്ലവന്‍റെയും പുരയിടത്തിൽ കയറി കല്ലിടാൻ സർക്കാറിന് അധികാരമില്ല. ഹൈകോടതി ഡിവിഷൻ ബെഞ്ച് വിധി നിർഭാഗ്യകരമാണ്. സുപ്രീം കോടതിയിൽ പോയി കേസ് നടത്താൻ പാവപ്പെട്ടവർക്ക് കഴിയില്ല. യു.ഡി.എഫിന്‍റെ എതിർപ്പിനും ആത്മാർഥതയില്ല. അവർക്ക് വിഹിതം കിട്ടാത്തതിനാലാണ് പ്രതിപക്ഷം എതിർക്കുന്നത്. സ്ത്രീകൾക്കെതിരായ അതിക്രമം തടയണമെങ്കിൽ പുരുഷന്മാരുടെ മനോഭാവം മാറണം. സ്ത്രീയോടുള്ള കാഴ്ചപ്പാട് മാറണമെന്നും അദ്ദേഹം പറഞ്ഞു.


മാസ്റ്റർ വിഷൻ അവാർഡ് ദാനം ഇന്ന്

ദുബൈ: മാസ്റ്റർ വിഷൻ ഇന്‍റർനാഷനൽ ഇവന്‍റ്സ് സംഘടിപ്പിക്കുന്ന രാജ്യാന്തര എക്സലൻസ് അവാർഡ് ശനിയാഴ്ച വൈകീട്ട് 4.30 മുതൽ ദുബൈ അൽ നാസർ ലിഷർലാൻഡിൽ നടക്കും. മീഡിയവൺ എഡിറ്റർ പ്രമോദ് രാമൻ, സീനിയർ കോ ഓഡിനേറ്റിങ് എഡിറ്റർ സ്മൃതി പരുത്തിക്കാട് അടക്കം കേരളത്തിലെയും യു.എ.ഇയിലെയും മാധ്യമ പ്രവർത്തകർ, ജീവകാരുണ്യ പ്രവർത്തകർ, സംരംഭകർ എന്നിവർക്കാണ് അവാർഡ്. യു.എ.ഇയിൽനിന്ന് എം.സി.എ. നാസർ (മീഡിയവൺ), എൽവിസ് ചുമ്മാർ (ജയ് ഹിന്ദ്), ജലീൽ പട്ടാമ്പി (മിഡിൽ ഈസ്റ്റ് ചന്ദ്രിക), തൻസി ഹാഷിർ (ഗോൾഡ് എഫ്.എം) എന്നിവരാണ് അവാർഡ് നേടിയ മാധ്യമ പ്രവർത്തകർ. നടൻ ടിനി ടോം സംവിധാനം ചെയ്യുന്ന സ്റ്റേജ് ഷോയും അരങ്ങേറും. വാർത്തസമ്മേളനത്തിൽ റിട്ട. ജസ്റ്റിസ് കെമാൽ പാഷ, ആര്‍. ഹരികുമാർ, മാസ്റ്റർ വിഷൻ ഇന്‍റർനാഷനൽ ഇവന്‍റ്സ് മാനേജിങ് ഡയറക്ടർ മുഹമ്മദ് റഫീഖ്, നടൻ ടിനി ടോം, ദുബൈ പൊലീസ് ഉദ്യോഗസ്ഥരായ അസ്മ മഷൂഖ് അലി, അയേഷ യൂസഫ് മുഹമ്മദ് അബ്ദുല്ല, പി.രാമചന്ദ്രൻ തുടങ്ങിയവർ സംബന്ധിച്ചു.

Tags:    
News Summary - MediaOne: The courageous stand of the Supreme Court - Justice Kemal Pasha

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.