ദുബൈ: ‘സ്വല്ലൂ ഫീ ബുയൂത്തിക്കും’ (നമസ്കാരം വീട്ടിൽ തന്നെ നിർവഹിക്കുക).... മൂന്നര മാസമായി യു.എ.ഇയിലെ പള്ളികളിൽ ബാങ്കിനൊപ്പം മുഴങ്ങിക്കേട്ടിരുന്ന വാചകങ്ങളായിരുന്നു ഇത്. ബുധനാഴ്ച മുതൽ ബാങ്കുകളിൽ നിന്ന് ഇൗ വാചകം ഒഴിവാക്കപ്പെട്ടതിെൻറ സന്തോഷത്തിലാണ് വിശ്വാസികൾ. ബുധനാഴ്ച സുബഹി നമസ്കാരത്തോടെയാണ് രാജ്യത്തെ പള്ളികളുടെ വാതിലുകൾ മൂന്നര മാസത്തിന് ശേഷം വിശ്വാസികൾക്കായി തുറന്നത്. തോളോടു തോൾ ചേർന്ന് നിന്ന് നമസ്കരിച്ചവർ മൂന്ന് മീറ്ററിെൻറ അകലം പാലിച്ചാണ് മുസല്ല വിരിച്ചത്. വിശ്വാസികളെ സംബന്ധിച്ചിടിത്തോളം വേദനയുടെ 107 ദിവസങ്ങളാണ് കടന്നുപോയത്. റമദാൻ മാസവും ഇൗദ് നമസ്കാരവുമെല്ലാം വീട്ടിൽ ഒതുക്കേണ്ടി വന്നതിെൻറ നിരാശയുണ്ടെങ്കിലും പള്ളി തുറന്നതിെൻറ ആശ്വാസത്തിലാണവർ. റമദാൻ മാസത്തിലെ രാത്രി നമസ്കാരവും നോമ്പുതുറയും കൂടിച്ചേരലുമെല്ലാം വിശ്വാസികളുടെയും പ്രവാസികളുടെയും നൊസ്റ്റാൾജിയ ആയിരുന്നു.
എന്നാൽ, ചരിത്രത്തിലെ സമാനതകളില്ലാത്ത മഹാമാരി ഗൾഫ് നാടുകളിലും എത്തിയതോടെ പ്രവാസികളുടെ നോമ്പുതുറയും നമസ്കാരവുമെല്ലാം നാലുചുവരുകൾക്കുള്ളിലേക്ക് ഒതുക്കപ്പെട്ടു. കോവിഡ് വ്യാപനം തുടങ്ങിയതോടെ മാർച്ച് 16നാണ് രാജ്യത്തെ ആരാധനാലയങ്ങൾ അടച്ചത്. വീണ്ടും തുറന്നെങ്കിലും വെള്ളിയാഴ്ച ജുമുഅ നമസ്കാരത്തിന് അനുമതി നൽകിയിട്ടില്ല. ബുധനാഴ്ച പള്ളികളിലേക്ക് വിശ്വാസികൾ ഒഴുകിയെത്തിയെങ്കിലും സാമൂഹിക അകലം പാലിച്ച് മാത്രമായിരുന്നു പ്രവേശനം. പള്ളിയുടെ ശേഷിയുടെ 30 ശതമാനം ആളുകളെ മാത്രമാണ് ഉള്ളിലേക്ക് പ്രവേശിപ്പിച്ചത്. പള്ളികളുടെ പ്രവേശന കവാടത്തിൽ തന്നെ കടലാസ് മുസല്ല വെച്ചിരുന്നു. ഒരു തവണ ഉപയോഗിച്ച ശേഷം ഉപേക്ഷിക്കാവുന്ന മുസല്ലയാണ് നൽകിയത്.
ചിലർ വീടുകളിൽ നിന്ന് മുസല്ലയുമായാണ് എത്തിയത്. മുൻകരുതൽ നിർദേശങ്ങൾ വിവിധ സർക്കാർ അതോറിറ്റികൾ മലയാളത്തിലും പ്രചരിപ്പിക്കുന്നുണ്ട്. ഇമാമുമാരെയും മറ്റ് പുരോഹിതരെയും കോവിഡ് പരിശോധനക്ക് വിധേയമാക്കിയിരുന്നു. നമസ്കാരം കഴിഞ്ഞയുടൻ അടുത്ത നമസ്കാരത്തിെൻറ സമയമാകുന്നത് വരെ പള്ളികൾ അടച്ചിട്ടു. ഒാേരാ പള്ളികളും പ്രവേശിപ്പിക്കാവുന്ന ആളുകളുടെ എണ്ണം തീരുമാനിച്ചിട്ടുണ്ട്. തുറക്കുന്നതിന് മുന്നോടിയായി അണുനശീകരണം നടത്തിയിരുന്നു.
ക്ഷേത്രങ്ങളും തുറന്നു; ഗുരുദ്വാര ശനിയാഴ്ച തുറക്കും
ദുബൈ: യു.എ.ഇയിലെ അമ്പലങ്ങളും തുറന്നുതുടങ്ങി. ബുധനാഴ്ച ബർദുബൈയിലെ ക്ഷേത്രത്തിലേക്ക് നൂറുകണക്കിന് വിശ്വാസികളെത്തി. ദിവസവും രണ്ടു തവണയാണ് ക്ഷേത്രവാതിലുകൾ തുറക്കുന്നത്. 30 മിനിറ്റിനുശേഷം അടക്കും. 30 ശതമാനം പേരെ മാത്രമാണ് പ്രവേശിപ്പിക്കുന്നത്.
ജബൽ അലിയിലെ ഗുരു നാനാക്ക് ദർബാർ ഗുരുദ്വാര ശനിയാഴ്ച തുറക്കുമെന്ന് ചെയർമാൻ സുരേന്ദർ സിങ് കണ്ഡാരി അറിയിച്ചു. രാവിലെ ഒമ്പതു മുതൽ 9.30 വരെയാണ് തുറക്കുന്നത്. വൈകീട്ട് ആറു മുതൽ 6.30 വരെയും പ്രവേശനം അനുവദിക്കും. വെള്ളിയാഴ്ചകളിൽ അടച്ചിടും. 12 വയസ്സിൽ താഴെയുള്ളവരെയും 60 വയസ്സിന് മുകളിലുള്ളവരെയും പ്രവേശിപ്പിക്കില്ല. രണ്ടു മീറ്റർ അകലം പാലിച്ചായിരിക്കും പ്രവേശനം.
ക്രിസ്ത്യൻ പള്ളികൾ തുറന്നില്ല
ദുബൈ: സർക്കാറിെൻറ അനുമതി ലഭിച്ചെങ്കിലും ദുബൈയിലെ ക്രിസ്ത്യൻ പള്ളികൾ തുറന്നിട്ടില്ല. പ്രതിരോധ നടപടികൾ പൂർത്തിയാക്കിയശേഷമേ തുറക്കൂ എന്ന് അധികൃതർ അറിയിച്ചു. പള്ളികളെല്ലാം തുറക്കാൻ സജ്ജമായിട്ടുണ്ട്. കമ്യൂണിറ്റി ഡെവലപ്മെൻറ് അതോറിറ്റി അധികൃതർ പള്ളികൾ സന്ദർശിക്കുകയും അനുമതി നൽകുകയും ചെയ്തിട്ടുണ്ട്. എന്നിരുന്നാലും, വിശ്വാസികളെ കൂടുതൽ ബോധവത്കരിച്ചശേഷം കൂടുതൽ മുൻകരുതലോടെയായിരിക്കും പള്ളികൾ തുറക്കുക എന്ന് ദുബൈ സെൻറ് തോമസ് ഒാർത്തഡോക്സ കത്തീഡ്രൽ വികാരി ഫാ. നൈനാൻ ഫിലിപ്പ് പനക്കാമറ്റം അറിയിച്ചു. വിശ്വാസികൾ കാത്തിരിപ്പിലായിരുന്നു. ആരാധനാലയങ്ങൾ തുറക്കാൻ അനുമതി നൽകിയ യു.എ.ഇ സർക്കാറിന് നന്ദി അറിയിക്കുന്നതായും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.