അബ്ദുൽ അസീസ് അബ്ദുൽ ഹമീദിന് ഷാർജ പൊലീസ് ഡെപ്യൂട്ടി ഡയറക്ടർ ബ്രി. അബ്ദുല്ല മുബാറക് ഉപഹാരം നൽകുന്നു
ഷാർജ: മഴയിൽ തകർന്ന റോഡിൽ അപകട മുന്നറിയിപ്പ് സ്ഥാപിച്ച വയോധികന് ഷാർജ പൊലീസിന്റെ ആദരവ്. അൽ സജയിൽ കനത്ത മഴയിൽ കഴിഞ്ഞ ദിവസമാണ് ഒരു റോഡിന്റെ സമീപത്ത് വൻ ഗർത്തം രൂപപ്പെട്ടത്. ബാരിക്കേഡ് ഇല്ലാത്ത റോഡായതിനാൽ തന്നെ ഏതു വാഹനവും ഇവിടെ അപകടത്തിൽപെടാനുള്ള സാധ്യതയുമുണ്ടായിരുന്നു.
വലിയ വാഹനങ്ങൾ തന്നെ വീഴാൻ വലുപ്പത്തിലുള്ള കുഴിയാണ് രൂപപ്പെട്ടത്. ഇത് ശ്രദ്ധയിൽപെട്ട ഉടൻ അബ്ദുൽ അസീസ് അബ്ദുൽ ഹമീദ് എന്ന പാകിസ്താനി വയോധികൻ സമീപത്ത് കണ്ട ഒരു ബോർഡ് എടുത്തുവെച്ച് ഡ്രൈവർമാർക്ക് മുന്നറിയിപ്പ് നൽകുകയായിരുന്നു. സമയോചിതമായ ഈ ഇടപെടൽ മറ്റൊരാൾ വിഡിയോയിൽ പകർത്തി സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചു. ഇത് ശ്രദ്ധയിൽപെട്ട ഷാർജ പൊലീസ് വയോധികനെ ആദരിക്കുകയായിരുന്നു.
പൊലീസ് ഒരുക്കിയ ചടങ്ങിൽ അബ്ദുൽ അസീസിന് ഷാർജ പൊലീസ് ഡെപ്യൂട്ടി ഡയറക്ടർ ബ്രി. അബ്ദുല്ല മുബാറക് ഉപഹാരം നൽകി. ഇദ്ദേഹത്തിന്റെ പ്രവർത്തനം വലിയ ദുരന്തത്തെയാണ് ഇല്ലാതാക്കിയതെന്നും ഉയർന്ന മാനുഷികമായ പ്രവർത്തനമാണ് നടത്തിയതെന്നും ഡെപ്യൂട്ടി ഡയറക്ടർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.