ദുബൈയിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് മലപ്പുറം സ്വദേശി മരിച്ചു; മൂന്ന് പേർക്ക് ഗുരുതര പരിക്ക്

ദുബൈ: ദുബൈയിലെ കറാമയിൽ മലയാളികൾ താമസിച്ച കെട്ടിടത്തിൽ ഗ്യാസ്​ സിലിണ്ടർ പൊട്ടിത്തെറിച്ച്​ ഒരാൾ മരിച്ചു. ഒമ്പത്​ പേർക്ക്​ പരിക്ക്​. മൂന്നു പേരുടെ നില ഗുരുതരം. പരിക്കേറ്റവരെ വിവിധ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്​. മലപ്പുറം തിരൂർ പറവണ്ണ മുറിവഴിക്കൽ ശാന്തി നഗർ പറന്നൂർ പറമ്പിൽ പരേതനായ അബ്ദുള്ളയുടെ മകൻ യാക്കൂബാണ് (42) മരിച്ചത്​. ബുധനാഴ്ച അർധരാത്രി കറാമ ‘ഡേ ടു ഡേ’ ഷോപ്പിങ് കേന്ദ്രത്തിന് സമീപം ബിൻഹൈദർ ബിൽഡിങ്ങിലാണ് അപകടം. 12.20ഓടെ ഗ്യാസ് ചോർച്ചയുണ്ടായി പൊട്ടിത്തെറിക്കുകയായിരുന്നു.

കണ്ണൂർ തലശ്ശേരി പുന്നോൽ സ്വദേശികളായ നിധിൻ ദാസ്, ഷാനിൽ, നഹീൽ എന്നിവരെയാണ് ഗുരുതര പരിക്കുകളോടെ ദുബൈ റാശിദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നിധിൻ ദാസിന്‍റെ പരിക്കുകൾ അതി ഗുരുതരമാണെന്ന് നേരിയ പരിക്കുകളോടെ രക്ഷപ്പെട്ട ഫവാസ് പറഞ്ഞു. മൂന്ന് മുറികളിലായി 17 പേരാണ് ഫ്ലാറ്റിൽ താമസിച്ചിരുന്നത്​. മിക്കവരും ബാച്ചിലർ താമസക്കാരായിരുന്നു. റാശിദ് ആശുപത്രിയിൽ അഞ്ചുപേരും എൻ.എം.സി ആശുപത്രിയിൽ നാലുപേരും ചികിത്സയിൽ കഴിയുന്നുണ്ടെന്ന് ദുബൈയിലെ സാമൂഹിക പ്രവർത്തകൻ നസീർ വാടാനപ്പള്ളി പറഞ്ഞു. സംഭവത്തെ കുറിച്ച് പൊലീസിന്‍റെ അന്വേഷണം പുരോഗമിക്കുകയാണ്.

പരിക്കേറ്റ ഭൂരിപക്ഷം പേരും മലയാളികളാണെന്നാണ് വിവരം. പൊട്ടിത്തെറിയുടെ ആഘാതത്തിൽ സമീപത്തെ ഫ്ലാറ്റിലെ രണ്ട് വനിതകൾക്കും പരിക്കേറ്റതായി ഫവാസ് പറഞ്ഞു. അപകടത്തിൽ മരിച്ച യാക്കൂബ്​ അബ്​ദുല്ല ബർദുബൈയിലെ അനാം അൽ മദീന ഫ്രൂട്​സ്​ ആൻഡ്​ വെജിറ്റബി​ൾ ട്രേഡിങ്​ കമ്പനിയിലെ ഷോപ്​ സൂപ്പർവൈസറാണ്​.


മാതാവ്: വി ഇ എം. ആയിഷ. ഭാര്യ: നാഷിദ. മക്കൾ: മെഹൻ, ഹന. സഹോദരങ്ങൾ: സുഹറ, സാജിദ, മുബീന. അപകടത്തിൽ കാണാതായവരെ കുറിച്ച അന്വേഷണത്തിലാണ് യാക്കൂബ് അബ്ദുല്ലയുടെ മൃതദേഹം കണ്ടെത്തിയതെന്ന് സഹപ്രവർത്തകർ പറഞ്ഞു. മൃതദേഹം റാശിദ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നിർമാണത്തിലുള്ള വീടിന്റെ പണി പൂർത്തിയാക്കാൻ അടുത്തുതന്നെ നാട്ടിലേക്ക് പോകാനിരിക്കുകയായിരുന്നു.

Tags:    
News Summary - Malayalis injured in gas cylinder explosion in Dubai

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.