കാറിൽ ലണ്ടനിലേക്ക് യാത്ര തിരിക്കുന്ന ഗസൽ അംഗങ്ങൾക്ക് നൽകിയ യാത്രയയപ്പ്
ദുബൈ: ദുബൈയിൽനിന്ന് ലണ്ടനിലേക്ക് കാറിൽ യാത്ര ആരംഭിച്ച് അഞ്ചംഗ മലയാളികൾ. യൂനുസ് ഖസല്, പാലക്കാട്ടുകാരൻ ഷിബിലി, വയനാട്ടുകാരൻ ഷാഹിദ് മാണിക്കോത്ത്, മലപ്പുറം സ്വദേശികളായ മുഫീദ്, ആബിദ് എന്നിവരാണ് ദുബൈയില്‍നിന്ന് ‘മലയാളീസ്’ എന്ന് പേരിട്ട ടയോട്ട ടുണ്‍ട്രയില്‍ ലോകസഞ്ചാരം തുടങ്ങിയത്. കോവിഡ് സമയത്താണ് ഇത്തരത്തിലൊരു യാത്രയുടെ ആശയം വരുന്നത്. അഞ്ച് വർഷത്തെ കാത്തിരിപ്പിനൊടുവില്‍ ജൂലൈ നാലിന് ദുബൈയിൽനിന്ന് സംഘം യാത്ര തിരിച്ചു.
ജൂണില്‍ യാത്ര തുടങ്ങാനായിരുന്നു ആദ്യപദ്ധതി. എന്നാല്‍, ഇറാന്-ഇസ്രായേല്‍ സംഘർഷമുണ്ടായതോടെ യാത്ര മാറ്റിവെച്ചു. സമാധാന അന്തരീക്ഷത്തിലേക്ക് വന്നതോടെയാണ് വീണ്ടും യാത്രക്കൊരുങ്ങാന്‍ തീരുമാനിച്ചത്. രണ്ട് ഘട്ടമായാണ് യാത്ര പ്ലാന്‍.ജൂലൈ നാലിന് തുടങ്ങുന്ന യാത്രയില്‍ ഇറാന് മുതല്‍ ഇംഗ്ലണ്ട് വരെ 19 രാജ്യങ്ങളിലൂടെയാണ് സംഘത്തിന്റെ ആദ്യഘട്ട യാത്ര. 40-45 ദിവസമെടുത്താണ് യാത്ര പൂർത്തിയാക്കുക. യു.എ.ഇയില്‍നിന്ന് ഇറാന്, തുർക്കി, യൂറോപ്പ്, യു.കെ എന്നതാണ് യാത്ര പദ്ധതി. കാർ യു.കെയില്‍ വെച്ച ശേഷം യു.എ.ഇയില്‍ തിരിച്ചെത്തും.
പിന്നീട് രണ്ടാം ഘട്ടത്തില്‍ യു.കെയില്‍നിന്ന് ഇന്ത്യ വരെ അതേ വാഹനത്തില്‍ യാത്ര തുടരാനാണ് പദ്ധതി. കോവിഡ് കാലത്താണ് യാത്ര തുടങ്ങിയത്. കുടുംബമായും ഒറ്റക്കുമെല്ലാം യാത്ര ചെയ്തിരുന്നുവെന്ന് യൂനുസ് പറഞ്ഞു. 20ലധികം രാജ്യങ്ങളില്‍ യാത്രചെയ്തു.ഓരോ യാത്രയുടെ വിശേഷങ്ങളും സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെക്കാറുണ്ട്. അങ്ങനെ, ഒരു യാത്ര പോകാന്‍ പദ്ധതിയുണ്ട്, ഇഷ്ടമുള്ളവരെല്ലാരും വരൂ എന്ന സന്ദേശം നല്‍കിയൊരു വിഡിയോ ചെയ്തു.അന്ന് വന്നവരെല്ലാവരെയും ചേർത്ത് ‘ഗസല്‍’ എന്ന കൂട്ടായ്മ തുടങ്ങി. യാത്ര ഇഷ്ടപ്പെടുന്ന സൗഹൃദങ്ങളുടെ കൂട്ടായ്മയായ ഗസലില്‍ ഇന്ന് 700ലധികം കുടുംബങ്ങളുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.