ലിവ ഫെസ്റ്റിവൽ
അബൂദബി: എമിറേറ്റിലെ അൽ ദഫ്റ മേഖലയിലെ ഏറ്റവും ശ്രദ്ധേയ ഇവന്റുകളിൽ ഒന്നായ ലിവ ഇന്റർനാഷനൽ ഫെസ്റ്റിവൽ വീണ്ടുമെത്തുന്നു. ഡിസംബർ 12 മുതൽ 2026 ജനുവരി മൂന്നുവരെ ലിവ മരുഭൂമിയിൽ 23 ദിവസം നീണ്ടുനിൽക്കുന്ന മേളയിൽ ആവേശം നിറക്കുന്ന നിരവധി കാഴ്ചകളാണ് ഒരുക്കുന്നത്. യു.എ.ഇയിലെ ഏറ്റവും ഉയർന്ന മണൽക്കൂനയായ തൽ മുരീബിന്റെ ചുവട്ടിലാണ് പരിപാടി. പ്രവേശനം സൗജന്യമാണ്. അതേസമയം, ചില മത്സരങ്ങൾ, വി.ഐ.പി ഏരിയകൾ, പ്രത്യേക പരിപാടികൾ എന്നിവക്ക് പ്രത്യേക ഫീസ് ഈടാക്കും.
ഈ വർഷത്തെ പതിപ്പിൽ എയറോബാറ്റിക് എയർ ഷോകൾ, വെടിക്കെട്ട്, ഡ്രോൺ ഷോകൾ, ഡ്യൂൺ പ്രൊജക്ഷൻ ഡിസ്പ്ലേകൾ, ഹോട്ട് എയർ ബലൂൺ, ഭീമൻ ഫെറിസ് വീൽ, റേസിങ്, ഡ്യൂൺ സ്പോർട്സ് തുടങ്ങിയവയുണ്ടാകും. ഉദ്ഘാടന ചടങ്ങിൽ യു.എ.ഇ വ്യോമസേനയുടെ എയറോബാറ്റിക് ടീമായ ഫോർസാൻ അൽ ഇമാറാത്തിന്റെ പ്രകടനവും തുടർന്ന് വെടിക്കെട്ടുമുണ്ടാകും.
സന്ദർശകർക്ക് ഗ്ലാമ്പിങ് ടെന്റുകളിലോ പ്രാദേശിക താമസസ്ഥലങ്ങളിലോ താമസിക്കാം. അല്ലെങ്കിൽ മരുഭൂമിയിൽ ക്യാമ്പ് ചെയ്യാൻ സ്വന്തം ടെന്റുകളോ ആർവികളോ കൊണ്ടുവരാം. 2025 ഡിസംബർ 31ന് പുതുവത്സരാഘോഷം നടക്കും. തൽ മുറഇബ് കാർ ചാമ്പ്യൻഷിപ് അന്ന് വൈകുന്നേരം ആരംഭിക്കും, തുടർന്ന് 2026നെ സ്വാഗതം ചെയ്യുന്നതിനായി കച്ചേരിയും വെടിക്കെട്ടും അരങ്ങേറും.
അബൂദബിയിൽനിന്ന് റോഡ് മാർഗം വരുമ്പോൾ ഏകദേശം മൂന്ന് മണിക്കൂർ അകലെയാണ് ലിവ. ഡ്രൈവർമാർക്ക് ശൈഖ് സായിദ് റോഡ് (E10) വഴി സ്വീഹാൻ/അൽ ഐൻ ഭാഗത്തേക്ക് വന്നാൽ ലിവയിലെത്താം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.